ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ് പരമ്പരകളിലൊന്നായ മഹാഭാരതത്തിൽ കർണ്ണനായി അഭിനയിച്ച് പ്രശസ്തി നേടിയ പങ്കജ് ധീർ ദുൽഖർ സൽമാനൊപ്പം അഭിനയിക്കുന്നു.
ദുൽഖറിന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രം ദ സോയാ ഫാക്ടറിലാണ് പങ്കജ് ധീർ അതിഥി താരമായി പ്രത്യക്ഷപ്പെടുന്നത്. പങ്കജ് ധീർ അവതരിപ്പിക്കുന്ന കഥാപാത്രമെന്താണെന്ന് അണിയറപ്രവർത്തകർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മലയാളത്തിൽ വർഷങ്ങൾക്ക് മുൻപ് ജയറാമിനെ നായകനാക്കി കെ. മധു സംവിധാനം ചെയ്ത രണ്ടാം വരവ് എന്ന ചിത്രത്തിലും പങ്കജ് ധീർ അഭിനയിച്ചിട്ടുണ്ട്.
ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ് നിർമ്മിച്ച് അഭിഷേക് ശർമ്മ സംവിധാനം ചെയ്യുന്ന ദ സോയാ ഫാക്ടറിൽ സോനം കപൂറാണ് നായിക. രജപുത്ര പെൺകുട്ടിയായ സോയാ സിംഗ് സോളാങ്കി എന്ന കഥാപാത്രത്തെയാണ് സോനം കപൂർ അവതരിപ്പിക്കുന്നത്.
പരസ്യ ചിത്രകമ്പനിയിലെ എക്സിക്യൂട്ടീവായ സോയ ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങളെ പരിചയപ്പടുന്നതും 2010 ലെ ലോക കപ്പിൽ ടീമിന്റെ ഭാഗ്യചിഹ്നമാകുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. ഭാഗ്യത്തിലും വിധിയിലുമൊന്നും വിശ്വസിക്കാത്ത ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്ടൻ നിഖിൽ ഖോഡയുമായി സോയ ഹൃദയബന്ധം സ്ഥാപിക്കുന്നതാണ് ചിത്രത്തിന്റെ വഴിത്തിരിവ്. ദുൽഖറാണ് നിഖിൽ ഖോഡയായെത്തുന്നത്.