underwater-terrorist-atta

ന്യൂഡൽഹി: ജെയ്ഷെ മുഹമ്മദ് ഭീകരർ ആക്രമണരീതിയിൽ മാറ്റം വരുത്താൻ ഒരുങ്ങുന്നതായി വിവരമുണ്ടെന്ന് നാവികസേന മേധാവി അഡ്മിറൽ കരംബീർ സിംഗിന്റെ വെളിപ്പെടുത്തൽ. കടലിനടിയിലൂടെ രാജ്യത്തെ ആക്രമിക്കാനുള്ള പരിശീലനം ജെയ്ഷെ മുഹമ്മദ് ഭീകരർക്ക് ലഭിക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. എന്നാൽ കടൽവഴിയുള്ള ഏത് ഭീഷണിയും നേരിടാൻ നാവികസേന സജ്ജമാണെന്ന് അദ്ദേഹം അറിയിച്ചു. പാലസ്തീൻ സംഘടനയായ ഹമാസ് വെള്ളത്തിനടിയിലൂടെയുള്ള ഭീകരാക്രമണത്തിന് തയ്യാറെടുക്കുന്നതായി നേരത്തെ ഇസ്രായേൽ സേനയും ആരോപിച്ചിരുന്നു.

ജെയ്ഷെ മുഹമ്മദിന്റെ മുങ്ങൽ വിദഗ്‌ദ്ധരായ ചാവേറുകൾ കടലിനടിയിലൂടെ ആക്രമണം നടത്താൻ പരിശീലനം നേടുന്നുണ്ട്. തങ്ങൾ ഇത് നിരീക്ഷിച്ചു വരികയാണ്. മുംബയ് ഭീകരാക്രമണത്തിന് ശേഷം നാവികസേന ശക്തമായ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കടൽ വഴിയുള്ള നുഴഞ്ഞ് കയറ്റങ്ങൾ തടയാനുള്ള എല്ലാ മാർഗങ്ങളും സജ്ജമാണ്. ഇന്ത്യയുടെ സമുദ്രതീരത്തിന്റെ സുരക്ഷാകാര്യങ്ങളുടെ പൂർണ ചുമതല ഇന്ത്യൻ നാവികസേനയിൽ നിക്ഷിപ്‌തമാണ്. കോസ്‌റ്റ്ഗാർഡ്, മറൈൻ പൊലീസ് തുടങ്ങിയ ഏജൻസികളുമായി ബന്ധപ്പെട്ട് സുരക്ഷാ സംബന്ധമായ എല്ലാ കാര്യങ്ങളും സേന വിലയിരുത്തുന്നുണ്ട്. എന്നാൽ ബഡ്‌ജറ്റിൽ ഇന്ത്യൻ നാവികസേനയ്‌ക്ക് ലഭിക്കുന്ന വിഹിതം പലപ്പോഴും കുറവാണ്. പക്ഷേ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് പരമാവധി സുരക്ഷയൊരുക്കുകയാണ് സേനയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ചൈനീസ് നാവികസേനയുടെ സാന്നിദ്ധ്യം സമുദ്രമേഖലയിൽ വർദ്ധിച്ചു വരുന്നത് നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചൈന ഇന്ന് ആഗോള ശക്തിയായി മാറാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ചൈനീസ് പട്ടാളം ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് കടന്നുകയറാൻ നോക്കുന്നത്. രാജ്യത്തിന്റെ താത്പര്യങ്ങൾ മുൻനിറുത്തി ഇക്കാര്യം ഞങ്ങൾ നന്നായിതന്നെ പരിശോധിക്കുന്നുണ്ട്. രാജ്യത്തിന് എതിരായി എന്തെങ്കിലും നീക്കങ്ങളുണ്ടായാൽ അപ്പോൾ തന്നെ ചുട്ടമറുപടി കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പൂനെയിൽ നടന്ന ജനറൽ ബി.സി. ജോഷി അനുസ്മരണ പ്രഭാഷണ വേദിയിലാണ് നാവികസേനാ മേധാവിയുടെ വെളിപ്പെടുത്തൽ.