ന്യൂഡൽഹി: അന്തരിച്ച മുൻ ധനമന്ത്രിയും ബി.ജെ.പി നേതാവുമായ അരുൺജയ്‌റ്റ്‌ലിയുടെ സംസാകരചടങ്ങിനിടെ കേന്ദ്രമന്ത്രിമാരുടേതടക്കം 11 പേരുടെ മൊബെെൽ ഫോണുകൾ മോഷണം പോയി. പരിസ്ഥിതി സഹമന്ത്രി ബാബുൽ സുപ്രിയോയുടേയും വ്യവസായ സഹമന്ത്രി സോം പ്രകാശിന്റേയും അടക്കം അഞ്ച് പേരുടെ മൊബൈൽ ഫോണുകളാണ് പോക്കറ്റടിച്ചത്.
പതഞ്ജലിയുടെ ഔദ്യോഗിക വക്താവായ എസ്.കെ തിജാരവാലയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ഡൽഹി പൊലീസിനും ആഭ്യന്തര മന്ത്രി അമിത് ഷായെയും അദ്ദേഹം ട്വീറ്റിൽ ടാഗ് ചെയ്തിട്ടുണ്ട്. ‘അവിടെ വെള്ളം കയറിയ കുറച്ച് സ്ഥലമുണ്ടായിരുന്നു. അതിനാൽ, നല്ല ജനത്തിരക്കുമുണ്ടായിരുന്നു. അവിടെ വച്ചാണ് പോക്കറ്റടിക്കാർ മോഷണം നടത്തിയതെന്നാണ് എനിക്ക് തോന്നുന്നത്. ഞങ്ങൾ പരാതി നൽകിയിട്ടുണ്ട്.’-ബാബുൽ സുപ്രിയോ പറഞ്ഞു.
ഓരോ പത്ത്-പതിനഞ്ച് മിനിറ്റിലും ഫോൺ നഷ്ടപ്പെട്ടുവെന്ന് ചിലർ പറഞ്ഞതായും അദ്ദേഹം പറഞ്ഞു. ഇത്തരം പോക്കറ്റടികൾ തടയാൻ ഇവിടെ സി.സി.ടി.വികൾ സ്ഥാപിക്കുന്നത് സഹായകരമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഡൽഹി പൊലീസ് അറിയിച്ചു.