tharoor

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എപ്പോഴും ആക്രമിക്കുന്നത് ഗുണം ചെയ്യില്ലെന്ന പ്രസ്‌താവന തിരുത്താത്തതിൽ ശശി തരൂർ എം.പിയ്‌ക്കെതിരെ കോൺഗ്രസിൽ അതൃപ്‌തി ശക്തമാകുന്നു. തരൂർ തന്റെ പ്രസ്‌താവന തിരുത്തണമെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടെങ്കിലും തന്നെ ആരും പഠിപ്പിക്കാൻ വരേണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. മോദി സ്‌തുതിയിൽ തരൂരിനോട് വിശദീകരണം തേടാനാണ് കെ.പി.സി.സിയുടെ തീരുമാനം. തരൂരിന്റെ വിശദീകരണത്തിന് ശേഷം ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകും. പിന്നീട് ഭാവി കാര്യങ്ങൾ തീരുമാനിക്കുമെന്നും കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കി. തരൂരിന്റെ പ്രസ്‌താവനയ്‌ക്കെതിരെ ഇന്നലെ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്കും നേതാക്കൾ പരാതി നൽകിയിരുന്നു.

മോദിയെ എപ്പോഴും വിമർശിക്കുന്നത് കോൺഗ്രസിന് ഗുണം ചെയ്യില്ലെന്നും അദ്ദേഹം ചെയ്‌ത നല്ല കാര്യങ്ങളെ അംഗീകരിക്കണമെന്നും പറഞ്ഞുകൊണ്ട് ജയറാം രമേശാണ് വിവാദത്തിന് തിരികൊളുത്തിയത്. പിന്നാലെ മുതിർന്ന നേതാക്കളായ മനു അഭിഷേക് സിംഗ്‌വി, ശശി തരൂർ തുടങ്ങിയവർ ഈ പ്രസ്‌താവനയെ അനുകൂലിച്ച് രംഗത്തെത്തി. അതേസമയം, ശശി തരൂരിനെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. മോദിയെ കൂടുതൽ പുകഴ്‌ത്തേണ്ടെന്ന് പറഞ്ഞ ചെന്നിത്തലയെ തന്നെ പഠിപ്പിക്കാൻ ആരും നോക്കേണ്ടേന്ന് പറഞ്ഞാണ് തരൂർ നേരിട്ടത്. ഇതിന് പിന്നാലെ തരൂരിനെതിരെ വിമർശനവുമായി കെ.മുരളീധരൻ എം.പി രംഗത്തെത്തി. ഇടയ്ക്ക് മോദിയെ സ്തുതിച്ചാൽ മാത്രമേ വിമർശനം ഏൽക്കുകയുള്ളുവെന്നാണ് ചിലരുടെ വിചാരം. അങ്ങനെയുള്ളവർ കോൺഗ്രസിൽ നിൽക്കേണ്ട ആവശ്യമില്ല. കോൺഗ്രസ് നേതാക്കൾ മോദി അനുകൂല പ്രസ്താവന നടത്തിയത് കേട്ടപ്പോൾ അത്ഭുതം തോന്നി. ഇക്കാര്യത്തിൽ നേതൃത്വത്തിന് പരാതി നൽകും.കേസ് പേടിച്ചാണ് തരൂരിന്റെ മോദി സ്തുതിയെങ്കിൽ,​ അത് കോടതിയിൽ നേരിടണം. വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ പ്രചാരണത്തിന് ശശിതരൂർ വന്നില്ലെങ്കിലും യു.ഡി.എഫ് വിജയിക്കുമെന്നും മുരളീധരൻ പറഞ്ഞിരുന്നു.