ഇസ്‌ലാമാബാദ്: കാശ്മീർ വിഷയത്തിലെ ട്വീറ്റിന് പാകിസ്ഥാൻ പ്രസിഡന്റ് ആരിഫ് അൽവിക്ക് ട്വിറ്ററിന്റെ നോട്ടീസ്. കാശ്മീർ വിഷയവുമായി ബന്ധപ്പെട്ട പ്രതിഷേധ റാലിയുടെ വീഡിയോ തിങ്കളാഴ്ച പ്രസിഡന്റ് ട്വീറ്റ് ചെയ്തിരുന്നു. ഇതിനാണ് ട്വിറ്റർ നോട്ടീസയച്ചത്.
പാകിസ്ഥാൻ മനുഷ്യാവകാശമന്ത്രി മന്ത്രി ഷിരീൻ മസാരിയാണ് പ്രസിഡന്റ് ആൽവിക്ക് ലഭിച്ച മെയിലിന്റെ സ്‌ക്രീൻഷോട്ട് പോസ്റ്റ് ചെയ്തിരിക്കുന്നത്. ട്വീറ്ററിന്റെ നടപടിയെ ഷിരീൻ മസാരി രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ഞായറാഴ്ച കാശ്മീർ വിഷയവുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്ത പാക് വാർത്താവിതരണ മന്ത്രി മുറാദ് സയീദിനും ട്വിറ്റർ നോട്ടിസ് നൽകിയിരുന്നു. ഇന്ത്യയുടെ നിയമങ്ങൾ ലംഘിച്ച് വിഷയത്തിൽ ട്വീറ്റ് ചെയ്‌തെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നോട്ടീസയച്ചത്.
ഈ വിഷയം ട്വിറ്റർ, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ അധികൃതരുമായി സംസാരിച്ചെന്ന് ഡയറക്ടർ ജനറൽ (ഡി.ജി) ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് (ഐ.എ.സ്.പി.ആർ) മേജർ ജനറൽ ആസിഫ് ഗഫൂർ പറഞ്ഞു. കാശ്മീർ വിഷയത്തിൽ പ്രതികരിച്ചതിന് ഇതുവരെ ഇരുനൂറോളം പാക് അക്കൗണ്ടുകൾ ട്വിറ്റർ സസ്‌പെൻഡ് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.