പാരിസ്:തന്റെ ഭാര്യയെ കുറിച്ച് മോശം വാക്കുകൾ ഉപയോഗിച്ച ബ്രസീൽ പ്രസിഡന്റിനെതിരെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ രംഗത്ത്. മക്രോണിന്റെ 66 വയസുള്ള ഭാര്യയെ കുറിച്ച് മറ്റൊരാൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു വാചകത്തിന് താഴെ അയാളെ പിന്തുണച്ചുകൊണ്ട് ബ്രസീലിന്റെ പ്രസിഡന്റായ ജെയർ ബോൾസൊനാരോ കമന്റിട്ടതാണ് ഫ്രഞ്ച് പ്രസിഡന്റിനെ ചൊടിപ്പിച്ചത്. ബ്രസീൽ പ്രസിഡന്റിന്റെ ഭാര്യ മിഷേൽ ബോൾസൊനാരോയും ഫ്രഞ്ച് പ്രസിഡന്റിന്റെ ഭാര്യ ബ്രിജിറ്റ് മക്രോണും തമ്മിൽ 29 വയസിന്റെ വ്യത്യാസമുണ്ട്. ഇത് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു ഇയാളുടെ കമന്റ്.
'ഫ്രഞ്ച് പ്രസിഡന്റിന് ബ്രസീൽ പ്രസിഡന്റിനോടുള്ള ദേഷ്യത്തിന്റെ കാരണം ഇപ്പോൾ മനസിലായില്ലേ?' എന്ന് കുറിച്ചുകൊണ്ടായിരുന്നു ഇയാൾ ബ്രിജിറ്റിന്റെ ഫോട്ടോ ഷെയർ ചെയ്തത്. കാഴ്ച്ചയിൽ ബ്രസീൽ പ്രസിഡന്റിന്റെ ഭാര്യയ്ക്കാണ് അഴക് കൂടുതലെന്നും, പ്രായം കുറവെന്നും സൂചിപ്പിക്കുകയായിരുന്നു ഇയാൾ. എന്നാൽ ഇയാളുടെ പോസ്റ്റിന് കമന്റ് ചെയ്തുകൊണ്ട് ബ്രസീൽ പ്രസിഡന്റ് തന്നെ എത്തുകയായിരുന്നു. 'ആ മനുഷ്യനെ(മക്രോൺ) വെറുതെ കളിയാക്കണോ? ഹ ഹ!' എന്നായിരുന്നു ബോൾസൊനാരോയുടെ മറുപടി.
തന്റെ ഭാര്യയെ സംബന്ധിച്ചുള്ള ഈ മറുപടി വളരെ മോശമാണെന്നും അങ്ങേയറ്റം അപമാനകരമാണെന്നുമാണ് ഇമ്മാനുവൽ മക്രോൺ പ്രതികരിച്ചത്. 'അദ്ദേഹം എന്റെ ഭാര്യയെ കുറിച്ച് വളരെ മോശം കാര്യമാണ് പറഞ്ഞത്. ഞാൻ എന്താണ് ഇതിനെക്കുറിച്ച് പറയുക. ബ്രസീൽ പ്രസിഡന്റിന്റെ പ്രവർത്തി ബ്രസീൽ ജനതയ്ക്കാകെ അപമാനകരമാണ്. ബ്രസീലിലെ സ്ത്രീകൾക്കും അദ്ദേഹം അപമാനം വരുത്തി വച്ചിരിക്കുകയാണ്. എത്രയും പെട്ടെന്ന് നല്ല രീതിയിൽ പെരുമാറാൻ അറിയുന്ന ഒരു പ്രസിഡന്റിനെ അവർക്ക് ലഭിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.' അദ്ദേഹം പറഞ്ഞു. ആമസോൺ കാടുകളിലെ തീപിടുത്തം സംബന്ധിച്ച് രണ്ട് രാജ്യങ്ങളിലെ പ്രസിഡന്റുമാരും തമ്മിൽ കുറച്ച് നാളുകളായി അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു.