നിങ്ങളെ പ്രകോപിപ്പിക്കുന്നവരെ നിങ്ങൾ തിരിച്ച് സ്നേഹിക്കണം, എന്ന് വ്യാപകമായ സംസാരമുണ്ട്. എന്നാൽ പ്രകോപിപ്പിക്കുന്ന ആരെയും നിങ്ങൾക്ക് സ്നേഹിക്കാനാവില്ല എന്നതാണ് വാസ്തവം. സ്നേഹിക്കുന്നതായി നടിക്കാൻ മാത്രമേ കഴിയൂ. അങ്ങനെ സ്നേഹിക്കുന്നതായി നടിക്കുന്നതിനു പകരം നിങ്ങൾ ശ്രദ്ധിക്കേണ്ടതായ ഒരു പ്രധാന വസ്തുതയുണ്ട്.
എന്തുകൊണ്ടാണ് അവർ നിങ്ങളെ പ്രകോപിപ്പിക്കുന്നത്? നിങ്ങളുടെ പ്രകോപനത്തിന് കാരണം, നിങ്ങൾ പ്രതീക്ഷിക്കുന്നത് പോലെ, അവർ പെരുമാറാത്തതാണ്; നിങ്ങൾ ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്ന അതേ രീതിയിൽ അവർ സ്ഥിതി ചെയ്യുന്നില്ല. അതിനാൽ നിങ്ങൾ സ്വയം വഞ്ചിതരാവരുത്. നിങ്ങളുടെ ഉള്ളിൽ പ്രകോപനമുണ്ടാകാൻ പ്രധാനമായ കാരണം, ഇതിനകം നിങ്ങൾ നിങ്ങളുടേതായ രീതിയിൽ ശരിയും തെറ്റും ഏതാണെന്ന് വ്യക്തമായി തീരുമാനിച്ച് കഴിഞ്ഞിരിക്കുന്നു. അവർ മറ്റൊരു രീതിയിൽ പെരുമാറിയാൽ, ആദ്യം നിങ്ങൾ പ്രകോപിതരാവുകയും, പിന്നെ കോപിക്കുകയും മോശമായ രീതിയിൽ പെരുമാറുകയും ചെയ്യും, പിന്നെ നിങ്ങൾ അവരെ വെറുക്കും. ഇതെല്ലാം സ്വാഭാവികമായ പ്രക്രിയകളാണ്. ഈ ലോകത്തിലെ എല്ലാവരും നിങ്ങളെപ്പോലെയാകണമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നതു കൊണ്ടു മാത്രമാണ് ഇങ്ങനെ സംഭവിക്കുന്നത്. അതേസമയം ലോകത്തിലെ എല്ലാവരും നിങ്ങളെപ്പോലെ ആയി എന്നിരിക്കട്ടെ നിങ്ങൾക്ക് ജീവിക്കാൻ കഴിയുമോ? ഒന്ന് ചിന്തിച്ച് നോക്കൂ. നിങ്ങളുടെ സ്വന്തം വീട്ടിൽപ്പോലും, നിങ്ങളെപ്പോലുള്ള മറ്റ് ആരെങ്കിലുമുണ്ടെങ്കിൽ, നിങ്ങൾക്ക് ആ വീട്ടിൽ താമസിക്കാനാവില്ല.
ലോകത്തിലെ എല്ലാവരും വ്യത്യസ്തരായിരിക്കുന്നത് വളരെ നല്ലതാണ്. ഈ ഭൂഗോളത്തിൽ, നിങ്ങൾ ഏതൊരു മനുഷ്യനെ എടുത്താലും, ആ വ്യക്തി തികച്ചും അതുല്യനാണ് ! ഈ ഗ്രഹത്തിൽ ഏതൊരു മനുഷ്യനെ എടുത്തു നോക്കിയാലും അദ്ദേഹത്തെപ്പോലെ മറ്റാരും തന്നെ ഉണ്ടാവില്ല. അത്തരത്തിലുള്ള മറ്റൊരാൾ ഇതുവരെ ഉണ്ടായിട്ടുമില്ല, ഒരിക്കലും ഇനിയുണ്ടാവുകയുമില്ല. മുന്നിലുള്ളത് തികച്ചും ഒറ്റയായ ഒരു മനുഷ്യനാണെന്ന് നിങ്ങൾ തിരിച്ചറിഞ്ഞാൽ, ഇതുപോലുള്ള ഒരേയൊരു വ്യക്തി മാത്രമുള്ളപ്പോൾ, എത്രയോ വിലയേറിയ തികച്ചും അതുല്യനായ മനുഷ്യനാണ് അദ്ദേഹം. അദ്ദേഹത്തെപ്പോലെ മറ്റൊരു മനുഷ്യനുമില്ല. അത്തരത്തിലുള്ളതായ തികച്ചും അതുല്യനായ ഈ മനുഷ്യനെ നിങ്ങൾക്ക് അറിയാമെന്നത് തന്നെ അത്ഭുതകരമല്ലേ. നിങ്ങൾ ഇത്രയും പ്രാധാന്യമുള്ള കാര്യം മനസിലാക്കി, പൂർണസമ്മതത്തോടെ കാണുകയാണെങ്കിൽ, പ്രകോപനം എവിടെയാണ് ? അഥവാ നിങ്ങൾ കണ്ണുതുറന്ന് ജീവിതത്തിലേക്ക് നോക്കുകയാണെങ്കിൽ, ആർക്കെങ്കിലും നിങ്ങളെ എങ്ങനെ പ്രകോപിപ്പിക്കാനാവും? നിങ്ങൾ ജീവിതത്തെ അന്ധമായി കണ്ടാൽ മാത്രമേ നിങ്ങൾക്ക് പ്രകോപനമുണ്ടാകൂ. നിങ്ങളുടെ ഉള്ളിൽ സ്നേഹം നിറഞ്ഞ് തുളുമ്പണമെങ്കിൽ, സൃഷ്ടിയിലെ എല്ലാം അതുല്യവും അതിവിശിഷ്ടവും ആണെന്നുള്ള വാസ്തവം തിരിച്ചറിയണം.