apple-siri

ഡബ്ലിൻ: ഉപഭോക്താക്കളുടെ ലൈംഗിക ബന്ധങ്ങളുടെ ശബ്ദരേഖകൾ, വ്യാപാരകരാറുകൾ, മറ്റ് സാധനങ്ങളുടെ വിൽപ്പന എന്നിവ ആപ്പിൾ ഐഫോണിന്റെ വിർച്വൽ അസിസ്റ്റന്റ് ആയ 'സിറി' ഉപഭോക്താക്കളുടെ സമ്മതമിലാതെ റെക്കോർഡ് ചെയ്ത് സൂക്ഷിക്കുന്നതായി പരാതി. 'സിറി'യുടെ പ്രവർത്തനരീതി വിലയിരുത്താനായി ഉള്ള നിരീക്ഷകരുടെ കൂട്ടായ്മയാണ് ഈ റെക്കോർഡിങ്ങുകൾ കേൾക്കുന്നത്. സിറിയുടെ റെക്കോർഡിങ്ങുകൾ കേൾക്കാനും അത് വിലയിരുത്താനുമുള്ള ചുമതലയാണ് ഇവർക്ക് ഉണ്ടായിരുന്നത്. ഷിഫ്റ്റ് അനുസരിച്ച് ആയിരത്തിലധികം റെക്കോർഡിങ്ങുകളാണ് ഇവർ ശ്രവിച്ചത്. ഇക്കൂട്ടത്തിലുള്ള ഒരാളാണ് ഈ വിവരം ഇപ്പോൾ പുറത്ത് കൊണ്ടുവന്നിരിക്കുന്നത്. ഇയാൾ ഒരു ഉപഭോക്താവിന്റെയും വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.

'ഏതാനും സെക്കൻഡുകൾ ദൈർഘ്യമുള്ള റെക്കോർഡിങ്ങുകളാണ് ഞങ്ങൾ ശ്രവിക്കേണ്ടിയിരുന്നത്. ഇക്കൂട്ടത്തിൽ സ്വകാര്യ വിവരങ്ങൾ, സംഭാഷണ ശകലങ്ങൾ എന്നിവ ഞങ്ങൾ കേട്ടു. പക്ഷെ ഇതിൽ കൂടുതലും സിറി തന്നെ നൽകുന്ന നിർദ്ദേശങ്ങളായിരുന്നു.' പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ജോലിക്കാരൻ പറയുന്നു. ഗ്ലോബ്ടെക് എന്ന ഐറിഷ് കമ്പനിയുടെ ജോലിക്കാരാണ് ഈ റെക്കോർഡിങ്ങുകൾ കേൾക്കുന്നത്. സിറി ഉപയോഗിക്കുന്ന ഉപഭോക്താക്കളുടെ ശബ്ദവിവരങ്ങൾ ചിലർ കേൾക്കുന്നുണ്ടെന്ന് തങ്ങൾക്ക് അറിയുമായിരുന്നില്ല എന്നാണ് ആപ്പിൾ പറയുന്നത്. ഈ വിവരം പുറത്ത് നിരീക്ഷകർക്ക് 'സിറി'യുടെ റെക്കോർഡിങ്ങുകൾ കേൾക്കാനുള്ള അനുമതി കഴിഞ്ഞ മാസം ആപ്പിൾ നിർത്തിവച്ചിരുന്നു. എന്നാൽ ആപ്പിൾ തന്നെയാണ് ഈ റെക്കോർഡിങ്ങുകൾ കേൾക്കാൻ കോൺട്രാക്ടർമാരെ നിയോഗിച്ചതെന്നാണ് ഇത്തരത്തിലുള്ള ഒരു കോൺട്രാക്ടർ കഴിഞ്ഞ മാസം വെളിപ്പെടുത്തിയത്. ഉപഭോക്താക്കളുടെ വിവരങ്ങൾ വിലയിരുത്തുന്നതിന് വേണ്ടിയാണ് ഇങ്ങനെ ആപ്പിൾ ചെയ്യുന്നതെന്നാണ് വിവരം.