നവോത്ഥാന നായകനും കീഴാള വിമോചന പോരാളിയുമായിരുന്ന മഹാത്മാ അയ്യങ്കാളിയുടെ 157 -ാമത് ജന്മദിനമാണിന്ന്. 19 -ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയോടെ സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളാണ് ആധുനിക കേരളത്തിന്റെ മൂല്യബോധ രൂപീകരണത്തിനും ജനാധിപത്യവത്കരണത്തിനും അടിത്തറയിട്ടത്.
സ്വാതന്ത്ര്യത്തിനും പൗരാവകാശങ്ങൾ നേടിയെടുക്കുന്നതിനും പുറമേ ജാതി വ്യവസ്ഥയ്ക്കെതിരെയും കർഷകരുടെ ആവശ്യങ്ങൾക്കും അടിമവിമോചനത്തിനും മാനവിക മൂല്യങ്ങൾക്കും വേണ്ടി നടന്ന പ്രക്ഷോഭങ്ങളെല്ലാം നവോത്ഥാന പ്രസ്ഥാനത്തിന്റെ വിഭിന്ന സമരമുഖങ്ങളായിരുന്നു. മാനവികതയിലൂന്നിയ ഈ പ്രസ്ഥാനത്തിന്റെ രണ്ടു സവിശേഷധാരകളായ സവർണ നവോത്ഥാനവും അവർണ നവോത്ഥാനവുമാണ് യഥാർത്ഥത്തിൽ കേരളീയ സമൂഹത്തെ കീഴ്മേൽ മറിച്ചത്. അതായത് അയ്യങ്കാളി കൂടി ഭാഗഭാക്കാകുകയും നേതൃത്വം നൽകുകയും ചെയ്ത കീഴാള നവോത്ഥാനപ്രസ്ഥാനമാണ് 'ഭ്രാന്താലയമെന്ന് " സ്വാമി വിവേകാനന്ദൻ വിശേഷിപ്പിച്ച ഈ ഭൂഭാഗത്തെ സംസ്കാരസമ്പന്നമായ ആധുനിക കേരളമാക്കി മാറ്റിയത്. കീഴാള നവോത്ഥാന പ്രസ്ഥാനം ശക്തമായി പ്രവർത്തിച്ചു തുടങ്ങി വർഷങ്ങൾ പിന്നിട്ട ശേഷമാണ് സവർണ നവോത്ഥാന പ്രസ്ഥാനങ്ങൾ തങ്ങളുടെ വളരെ പരിമിതമായ ലക്ഷ്യങ്ങളുമായി പ്രവർത്തനമാരംഭിക്കുന്നത് തന്നെ. വളരെ സങ്കീർണമായ സവിശേഷതകൾ ഉൾക്കൊണ്ടിരുന്ന നവോത്ഥാന പ്രസ്ഥാനത്തെ യഥാർത്ഥത്തിൽ മുന്നോട്ടു പായിച്ച ചാലകശക്തി കീഴാള നവോത്ഥാനം തന്നെയായിരുന്നു. അതാകട്ടെ ബഹുമുഖ പ്രവർത്തനങ്ങൾ കൊണ്ട് സമ്പന്നവുമായിരുന്നു.
ഇന്ന് നമ്മുടെ രാജ്യത്ത് ദളിത് പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ അതിശക്തമായ ആക്രമണങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. അയ്യങ്കാളിയുടെ പോരാട്ടങ്ങൾക്കും അയ്യങ്കാളി പ്രസ്ഥാനത്തിന്റെ സംഭാവനകൾക്കും എന്നത്തേക്കാളും പ്രസക്തിയേറുകയാണ്. തികച്ചും മൗലികമായ മനുഷ്യാവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടങ്ങളായിരുന്നു അയ്യങ്കാളി നടത്തിയതെന്ന് ആർക്കും ബോദ്ധ്യമാകും. പൊതുഇടങ്ങൾ പങ്കുവയ്ക്കൽ, കൃഷി ഭൂമിയിൽ അവകാശം ഉറപ്പിക്കൽ, വിദ്യാഭ്യാസം ചെയ്യുന്നതിനുള്ള അവകാശം, സഞ്ചാരസ്വാതന്ത്ര്യം, വേലയ്ക്ക് കൂലി അടിമത്തത്തിൽ നിന്നുള്ള വിടുതൽ തുടങ്ങിയ മനുഷ്യാവകാശങ്ങൾക്ക് വേണ്ടിയുള്ള അദ്ദേഹത്തിന്റെ പോരാട്ടം ജാതി-ജന്മി-നാടുവാഴിത്തത്തിനെതിരെയുള്ള പ്രതിഷേധവും പ്രതിരോധവുമായിരുന്നു. അതായത് അക്കാലത്തെ രാഷ്ട്രീയ സാമൂഹ്യ സാമ്പത്തികാധികാരത്തിനെതിരെയുള്ള ചെറുത്തുനിൽപ്പുകളായിരുന്നു അവ.
കേരളത്തിലെ സാമൂഹ്യ രാഷ്ട്രീയ മണ്ഡലത്തെ ജനാധിപത്യവത്കരിക്കാൻ നവോത്ഥാന പ്രസ്ഥാനം നൽകിയ നിർണായക സംഭാവനകൾ പരിഗണിക്കുമ്പോൾ ഈ മാറ്റത്തിന് ഊർജ്ജം പകർന്ന മുഖ്യ ഉറവിടം അയിത്ത ജാതിക്കാരുടെ ഇടയിൽ ഉയർന്നുവന്ന ജാതിവിരുദ്ധ മുന്നേറ്റം തന്നെയായിരുന്നുവെന്ന് കാണാം .അയ്യങ്കാളിയുടെ സമുദായ പ്രവർത്തനം തികഞ്ഞ രാഷ്ട്രീയ സാമൂഹിക പ്രവർത്തനം തന്നെയായിരുന്നു. നവോത്ഥാന ചരിത്രനിർമിതിയിൽ അയ്യങ്കാളിയുടെ പങ്ക് ഈ അർത്ഥത്തിൽ ഇനിയും വിലയിരുത്തപ്പെട്ടിട്ടില്ല.
സഞ്ചാരസ്വാതന്ത്ര്യം ചന്തകളിലേക്കുള്ള പ്രവേശനത്തിനു വേണ്ടി നടത്തിയ സമരം വിദ്യാഭ്യാസത്തിനു വേണ്ടി സംഘടിപ്പിച്ച കർഷക തൊഴിലാളികളുടെ പണിമുടക്ക് എന്നിവ അയ്യങ്കാളിയുടെ നേരിട്ടുള്ള സാമൂഹ്യ ഇടപെടലുകളെയാണ് സൂചിപ്പിക്കുന്നത്. അവ കേവലം രാഷ്ട്രീയ സാമൂഹിക പ്രവർത്തനങ്ങൾ മാത്രമായിരുന്നില്ല. മറിച്ച് അന്നത്തെ ജാതി അടിസ്ഥാനത്തിലുള്ള സാമൂഹിക ഘടനയിൽ നേരിട്ടുള്ള ഇടപെടൽ കൂടിയായിരുന്നു. നമ്മുടെ രാജ്യത്തെ ഇതര സംസ്ഥാനങ്ങളിൽ ജാതിവേട്ടയും ജാതി വിവേചനവും ക്രൂരമായ പീഡനങ്ങളും ഇപ്പോഴും അരങ്ങേറിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ വേണം അയ്യങ്കാളി പ്രസ്ഥാനം നടത്തിയ നവോത്ഥാന പോരാട്ടങ്ങളുടെ മൂല്യം അളക്കാൻ. സഞ്ചരിക്കാനുള്ള പ്രാഥമികവും മൗലികമായ അവകാശം സ്ഥാപിച്ചു കിട്ടാൻ പൊതു വഴികളിലൂടെ വിലക്ക് ലംഘിച്ച് സഞ്ചരിക്കാൻ ആഹ്വാനം ചെയ്യുക മാത്രമല്ല അവർണർക്ക് തൊടാനോ കാണാനോ പോലും അവകാശമില്ലാതിരുന്ന ചക്രം പിടിപ്പിച്ച വണ്ടിയിൽ സഞ്ചരിച്ച് നീതിനിഷേധത്തിനെതിരെ പോരാടാൻ അയിത്തജാതിക്കാർക്ക് ഉണർവും ധൈര്യവും നൽകി. തിരുവിതാംകൂറിലെ കാർഷിക അടിമകളായിരുന്നു അയിത്തജാതിക്കാർ തങ്ങളുടെ അദ്ധ്വാനത്തിന്റെയും വിയർപ്പിന്റെയും ഭാഗമായി കിട്ടിയ കാർഷിക ഉത്പന്നങ്ങൾ നാട്ടുചന്തയിൽ എത്തിച്ചാണ് കച്ചവടം നടത്തിയിരുന്നത്. എന്നാൽ നാട്ടുചന്തകളിൽ എത്തിച്ചാലും ചന്തകളിൽ പ്രവേശനം നിഷേധിച്ചിരുന്നതിനാൽ ഇടത്തട്ടുകാർ തുച്ഛമായ വില നൽകി തട്ടിയെടുക്കുകയും പിടിച്ചുപറിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ അയ്യങ്കാളി നടത്തിയ ഇടപെടലുകളും പ്രതിഷേധങ്ങളും ചന്തലഹള എന്ന പേരിലാണ് ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. തിരുവിതാംകൂറിലെ പ്രധാനപ്പെട്ട ചന്തകളായിരുന്നു നെടുമങ്ങാട്, ബാലരാമപുരം, ആറാലുംമൂട്, കണിയാപുരം, കഴക്കൂട്ടം, വർക്കല, പാറശാല എന്നിവ . ഈ ചിന്തകളിലെ പ്രവേശനത്തിനു വേണ്ടി അയ്യങ്കാളി നടത്തിയ പോരാട്ടങ്ങൾ വെറും ചന്തപ്രവേശനത്തിനു വേണ്ടി മാത്രമായിരുന്നില്ല മറിച്ച് പൊതുഇടങ്ങൾ ജനാധിപത്യപരമായി ഉപയോഗിക്കുന്നതിന്റെ പ്രഖ്യാപനം കൂടിയായിരുന്നു . അയിത്തജാതിക്കാർക്ക് സ്വന്തമായി സ്കൂളുകൾ തുടങ്ങാൻ അനുമതി ലഭിച്ചെങ്കിലും പൊതുവിദ്യാലയങ്ങളിലെ പ്രവേശനത്തിനു വേണ്ടി അദ്ദേഹം കാർഷിക മേഖല സ്തംഭിപ്പിച്ചു കൊണ്ടുള്ള കാർഷിക പണിമുടക്കിന് നേതൃത്വം നൽകി. പൊതുവായതെന്തും പൊതുജനങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും പൊതുജനങ്ങൾ എന്ന പരിഗണനയിൽ അയിത്തജാതിക്കാരും ഉൾപ്പെടുന്നു എന്നുമുള്ള പ്രഖ്യാപനവും കൂടിയായിരുന്നു ചന്ത സമരങ്ങൾ. ഇന്ന് മനുഷ്യസമൂഹം നിയമപരമായി സ്ഥാപിച്ചിട്ടുള്ള നിരവധി മനുഷ്യാവകാശങ്ങളുടെ ആവശ്യകത ആദ്യമായി ഉന്നയിച്ചത് അയ്യങ്കാളിയാണെന്ന് കാണാം. കല്ലും മാലയും ബഹിഷ്കരണം , വിദ്യാഭ്യാസ അവകാശം , ജോലി സംവരണം. അടിമ വിമോചനം, ഊഴിയം വേലയിൽ നിന്നും കുട്ടികളെയും ഗർഭിണികളെയും പ്രായാധിക്യം മൂലം വേല ചെയ്യാനാകാത്തവരെയും ഒഴിവാക്കൽ തുടങ്ങിയ കാര്യങ്ങളിൽ അയ്യങ്കാളിയുടെ നിലപാടുകൾ ഉന്നതമായ മനുഷ്യാവകാശങ്ങളുടെ നിദർശനമാണ്. ജാതിജഡിലമായ സാമൂഹ്യ ജീവിതത്തിൽ നിന്നും കേരളത്തെ ആധുനിക മുതലാളിത്ത പൗരസമൂഹത്തിലേക്ക് പരിവർത്തനപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട് നവോത്ഥാന പ്രസ്ഥാനം. അത് മുന്നോട്ടു വച്ച ആശയങ്ങൾ ഇന്ന് വലിയ വെല്ലുവിളികൾ നേരിടുകയാണ്.