narendra-modi

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ അരുൺ ജെയ്റ്റിലിയുടെ മരണത്തിൽ അനുശോചനം അറിയിക്കാനും കുടുംബത്തെ ആശ്വസിപ്പിക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാവിലെ ജെയ്റ്റിലിയുടെ വീട്ടിലെത്തി. ത്രിരാഷ്ട്ര സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തി മണിക്കൂറുകൾക്കുള്ളിലാണ് മോദിയുടെ സന്ദർശനം. മരണം സംഭവിച്ച് മൂന്ന് ദിവസത്തിന് ശേഷമാണ് പ്രധാനമന്ത്രി എത്തിയത്.

ഫ്രാൻസ്- യു.എ.ഇ-ബഹ്‌റൈൻ സന്ദർശന വേളയിലാണ് ആത്മ സുഹൃത്തിന്റെ മരണവാർത്ത പ്രധാനമന്ത്രി അറിയുന്നത്. ഉടൻതന്നെ അരുൺ ജെയ്‌റ്റ്‌ലിയുടെ കുടുംബത്തെ വിളിച്ച് മോദി തന്റെ അനുശോചനം അറിയിച്ചിരുന്നു. വിദേശയാത്ര വെട്ടിച്ചുരുക്കി വരേണ്ടതില്ലെന്ന് ജെയ്‌റ്റ്‌ലിയുടെ കുടുംബം അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. ഞായറാഴ്ചയായിരുന്നു ജെയ്റ്റിലിയുടെ സംസ്കാരം.

ഇന്ന് രാവിലെ മോദിയ്ക്കൊപ്പം ആഭ്യന്തരമന്ത്രി അമിത് ഷായും ജെയ്റ്റ്‌ലിയുടെ വീട്ടിലെത്തി അദ്ദേഹത്തിന്റെ ഭാര്യയെയും മക്കളെയും ആശ്വസിപ്പിച്ചു. തന്റെ ദീർഘകാല സുഹൃത്തും പാർട്ടി സഹപ്രവർത്തകനുമായ ജെയ്റ്റ്‌ലിയെ ഒരു ഉജ്ജ്വല വിദ്യാർത്ഥി നേതാവായും, അടിയന്തരാവസ്ഥയിൽ നമ്മുടെ ജനാധിപത്യം സംരക്ഷിക്കുന്നതിൽ മുൻപന്തിയിൽ നിന്ന വ്യക്തിയായും തന്റെ ട്വീറ്റുകളിലൂടെ പ്രധാനമന്ത്രി അനുസ്മരിച്ചിരുന്നു. ബഹ്‌റൈനിൽ നടന്ന പരിപാടിയിലെ പ്രസംഗത്തിനിടെയും പ്രധാനമന്ത്രി വികാരാധീനനായിരുന്നു. 'എന്റെ സുഹൃത്ത് അരുൺ പോയ സമയത്ത് ഞാൻ അകലെയാണെന്ന് സങ്കൽപ്പിക്കാൻ കഴിയില്ലെന്ന്' അദ്ദേഹം പറഞ്ഞു.

'സ്വന്തം കടമകളിൽ വിശ്വസിക്കുന്നയാളാണ് ഞാൻ. ബഹ്‌റൈനിൽ ഉത്സവാന്തരീക്ഷത്തിൽ നിൽക്കുമ്പോഴും എന്റെ ഹൃദയം ദുഖത്താൽ ആർദ്രമാവുകയാണ്. എന്റെ പൊതുജീവിതത്തിൽ കൂടെ നടന്ന സുഹൃത്ത്, രാഷ്ട്രീയ യാത്രയിൽ ഒപ്പമുണ്ടായിരുന്നയാൾ, എപ്പോഴും ഞാൻ ബന്ധപ്പെട്ടിരുന്ന ഒരാൾ, എനിക്കൊപ്പം ദുരിതങ്ങൾ പങ്കിട്ടയാൾ, ഒരുമിച്ച് സ്വപ്‌നം കാണുകയും ഒന്നിച്ച് അത് നേടുകയും ചെയ്‌തയാൾ, ഇന്ത്യയുടെ മുൻ പ്രതിരോധ, ധനകാര്യമന്ത്രിയും പ്രിയ സുഹൃത്തുമായ അരുൺ ജയ്‌റ്റ്‌ലി അന്തരിച്ചിരിക്കുന്നു'-അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് 6 ന് അന്തരിച്ച സുഷമ സ്വരാജിന് ശേഷം ബി.ജെ.പിക്ക് ഉണ്ടായ വലിയ നഷ്ടമാണ് ജെയ്റ്റ്‌ലി