ഉറക്കത്തിലും ഉണർവിലും ഒരുപാട് സ്വപ്‌നങ്ങൾ കാണാറുള്ളവരാണ് നമ്മൾ. യഥാർത്ഥ ജീവിതത്തിൽ നടക്കാതെ പോയ പലതും സ്വപ്‌നങ്ങളിലൂടെ യാഥാർത്ഥ്യമാകും.പ്രിയപ്പെട്ടവരുമായുള്ള സ്വകാര്യ നിമിഷങ്ങളും ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്തയാളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതുമൊക്കെ സ്വപ്‌നം കണ്ടെന്നും ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. പലപ്പോഴും ഈ സ്വപ്‌നത്തിന്റെ അർത്ഥം ചികഞ്ഞുപോകുമ്പോൾ ചിലർക്കെങ്കിലും ഒരു അസ്വസ്ഥത അനുഭവപ്പെടാറുണ്ട്. ഉദാഹരണത്തിന് ജോലിസ്ഥലത്ത് എന്നും കാണുന്ന ഒരാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് സ്വപ്‌നം കണ്ടിട്ട് പിറ്റേന്ന് അയാളെ അഭിമുഖീകരിക്കേണ്ടത് ഒരൽപ്പം സങ്കോചമുണ്ടാക്കുന്ന കാര്യമാണ്. എന്നാൽ ന്യൂയോർക്ക് സിറ്റിയിലെ പ്രമുഖ സെക്‌സ് തെറാപിസ്‌റ്റായ ഹോളി റിച്ച്മോണ്ട് പറയുന്നത് ഇതൊക്കെ നിസാരമായി കണ്ടാൽ മതിയെന്നാണ്. ഇത്തരം സംഭവങ്ങളെ വെറും സ്വപ്‌നമായി തന്നെ കാണണമെന്നും അവർ നിർദ്ദേശിക്കുന്നു. എന്നാൽ മറ്റ് സ്വപ്‌നങ്ങളെപ്പോലെ തന്നെ ലൈംഗികബന്ധം സ്വപ്‌നം കാണുന്നതിലും അർത്ഥങ്ങൾ ഉണ്ടെന്നും സാധാരണ ആളുകൾ കാണുന്ന ചില സ്വപ്‌നങ്ങളുടെ അർത്ഥവും അവർ വിശദീകരിക്കുന്നു.
ബോസുമായുള്ള സ്വകാര്യ നിമിഷങ്ങൾ
ഇത്തരത്തിൽ ഒരു സ്വപ്‌നം കണ്ടാൽ ശരിക്കും നിങ്ങളുടെ മേലധികാരിയുമായി കിടക്ക പങ്കിടണമെന്ന ആഗ്രഹം നിങ്ങളിൽ ഉണ്ടെന്നല്ല അർത്ഥമാക്കുന്നത്. മറിച്ച് മേലധികാരിക്കൊപ്പം നിങ്ങൾക്ക് പൂർണമായും യോജിച്ച് പോകാനാവില്ലെന്നാണ് റിച്ച്മോണ്ട് പറയുന്നത്. മറ്റ് രണ്ട് അർത്ഥങ്ങൾ കൂടി ഇതിന് കൽപ്പിക്കപ്പെടുന്നു. ഒന്ന് മേലധികാരിയെ ശരിക്കുള്ള ജീവിതത്തിൽ നിങ്ങൾ ഭരിക്കുന്നയാളാണ്. അല്ലെങ്കിൽ മേലധികാരിക്ക് നിങ്ങൾ പൂർണ വിധേയനാണ്.
ഇഷ്‌ടമില്ലാത്ത ഒരാളുമായി
ഇഷ്‌മില്ലാത്ത ഒരാളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതായി സ്വപ്‌നം കണ്ടാൽ യഥാർത്ഥ ജീവിതത്തിൽ നിങ്ങൾ അയാളെ കീഴ്‌പ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്നാണെന്ന് റിച്ച്മോണ്ട് പറയുന്നു.
മുൻ പങ്കാളിക്കൊപ്പം
അല്ലെങ്കിലും ചിലർ അങ്ങനെയാണ്, മറന്നുവെന്ന് കരുതിയാലും ചിലപ്പോൾ സ്വപ്‌നത്തിലേക്ക് ഇടിച്ചുകയറി വന്ന് നമുക്ക് സർപ്രൈസ് തരും. ഇത്തരത്തിൽ മുൻ പങ്കാളിയുമായി ശാരീരിക ബന്ധം പുലർത്തുന്നത് സ്വപ്‌നം കണ്ടാൽ അയാളെ നിങ്ങൾ ഇപ്പോഴും മറന്നിട്ടില്ലെന്നാണ് സൂചിപ്പിക്കുന്നത്. എന്നാൽ ഇങ്ങനെ സംഭവിക്കുന്നത് കൊണ്ട് ഉത്‌കണ്‌ഠപ്പെടേണ്ട കാര്യമില്ല. ചിലപ്പോൾ നിങ്ങൾ തമ്മിൽ എന്തെങ്കിലും ചെറിയ പ്രശ്‌നങ്ങൾ പറഞ്ഞുതീർക്കാൻ ഉണ്ടായിരിക്കുമെന്നും ഡ്രീം അനലിസ്‌റ്റായ ലോറി ലോവൻബെർഗ് പറയുന്നു. ചിലപ്പോൾ എന്തെങ്കിലും കാര്യങ്ങൾ പൂർത്തിയായിട്ടുണ്ടാകില്ല, അല്ലെങ്കിൽ പറയാൻ ഏറെ ബാക്കിയുണ്ടാകും. ആദ്യ പ്രണയത്തിലെ പങ്കാളിയാണ് സ്വപ്‌നത്തിലെത്തുന്നതെങ്കിൽ ജീവിതത്തിൽ നിങ്ങൾ എന്തെങ്കിലും മിസ് ചെയ്യുന്നുണ്ടാകും. നിലവിലെ ദാമ്പത്യ ബന്ധം വിരസമായി തുടങ്ങിയെന്നതിന്റെ സൂചനയാണിതെന്നും ലോവൻബെർഗ് വ്യക്തമാക്കുന്നു.
പ്രശസ്‌തനായ ഒരാളുമായിേ
പ്രശസ്‌ത സിനിമാ താരങ്ങൾക്കൊപ്പം രഹസ്യ നിമിഷങ്ങൾ ചെലവഴിക്കുന്നതായി സ്വപ‌്നം കാണുന്നവർ നിരവധിയാണെന്നാണ് റിച്ച്മോണ്ട് പറയുന്നത്. എന്നാൽ ഇത്തരം സ്വപ്‌നങ്ങൾ മനസിലെ ഫാന്റസിക്കപ്പുറം ഒന്നുമല്ലെന്നാണ് അവരുടെ അഭിപ്രായം. എന്നാൽ ഇത്തരം സ്വപ്‌നങ്ങൾക്ക് ഒരു ഉപയോഗമുണ്ട്. ജീവിതത്തിൽ ആത്മവിശ്വാസവും, ലൈംഗിക ശാക്തീകരണവും, ഊർജ്ജവും നൽകാൻ കഴിയും. യഥാർത്ഥ ജീവിതത്തിൽ ഒരിക്കലും ലഭിക്കില്ലെന്ന് കരുതിയ എന്തെങ്കിലും നേടാൻ ഇത്തരം സ്വപ്‌നങ്ങൾ പ്രചോദനമേകുമെന്നും അദ്ദേഹം വിശദീകരിക്കുന്നു.
പൊതുസ്ഥലത്ത് വച്ച്
പൊതുസ്ഥലങ്ങളിൽ വച്ച് സ്വകാര്യ നിമിഷങ്ങൾ പങ്കിടുന്നത് എപ്പോഴും അപകടകരമാണ്. സദാചാര പൊലീസിംഗിനെയും ക്യാമറക്കണ്ണുകളെയും പേടിക്കണം. എന്നാൽ സ്വപ്‌നങ്ങൾക്ക് അതിരില്ലല്ലോ. ഇത്തരം ഒരു സ്വപ്‌നം കാണുന്നയാൾ കിടപ്പറയിലും പുറത്തും സാഹസികനാവാൻ ആഗ്രഹിക്കുന്നയാളാണ്. മാത്രവുമല്ല പങ്കാളിക്ക് തന്നേക്കാൾ ധൈര്യം കുറവാണെന്ന ചിന്തയും ഇത്തരം സ്വപ്‌നങ്ങൾക്ക് പിറകിലുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ പങ്കാളികൾ പരസ്പരം തുറന്ന് സംസാരിക്കണം. ഒരു പക്ഷേ നിങ്ങൾക്ക് പൊതുസ്ഥലത്ത് പ്രണയം പങ്കിടാൻ ആഗ്രഹമുണ്ടാകുമെന്നും റിച്ചോമോണ്ട് പറഞ്ഞുവയ്‌ക്കുന്നു.