atm

ന്യൂഡൽഹി : ഓൺലൈൻ പണഅപഹാരം തടയുന്നതിനായി രണ്ട് എ.ടി.എം ഇടപാടുകൾക്കിടയിൽ ആറുമണിക്കൂർ മുതൽ പന്ത്രണ്ട് മണിക്കൂർ വരെ ഇടവേള നൽകണമെന്ന് ഡൽഹി സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കമ്മിറ്റി യോഗത്തിൽ നിർദേശം. തട്ടിപ്പ് തടയാനുള്ള പുത്തൻ ആശയം ഉയർന്നുവന്നത്. ഇതിൻ പ്രകാരം ഒരു ഇടപാട് കഴിഞ്ഞാൽ ഉപഭോക്താവിന് മണിക്കൂറുകളുടെ ഇടവേളയ്ക്ക് ശേഷം മാത്രമേ അടുത്ത ഇടപാട് എ.ടി.എം മുഖാന്തരം നടത്താനാവൂ. ഓൺലൈൻ ബാങ്ക് തട്ടിപ്പ് തടയുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. രാത്രികാലങ്ങളിലാണ് ഓൺലൈൻ തട്ടിപ്പിന്റെ സിംഹഭാഗവും രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്നും, ഈ തീരുമാനം നടപ്പിൽ വരുന്നതോടെ ഇത്തരം തട്ടിപ്പുകൾക്ക് പൂട്ടിടാനാവും എന്നും സമിതിയിൽ ചർച്ചയുണ്ടായതായി റിപ്പോർട്ടുകളുണ്ട്. എ.ടി.എം വഴിയുള്ള ഇടപാടുകൾക്ക് ഒ.ടി.പി. ഏർപ്പെടുത്തുന്നതും സുരക്ഷകൂട്ടുമെന്ന് ചർച്ചയിൽ നിർദ്ദേശമുയർന്നു.

അതേസമയം എ.ടി.എം ഉപയോഗത്തിന് ഇടവേള നിശ്ചയിക്കുന്നത് അത്യാവശ്യഘട്ടങ്ങളിൽ പണം പിൻവലിക്കാൻ ഉപഭോക്താവിന് തടസമാവുമെന്നും ആരോപണമുണ്ട്. അടുത്തിടെ എ.ടി.എമ്മുകളിൽ പണം പിൻവലിക്കുന്നതിനല്ലാതെ മറ്റു ഇടപാടുകൾക്കൊന്നും ചാർജ്ജ് ഈടാക്കരുതെന്നും, പണം ലഭ്യമായില്ലെങ്കിൽ അത് ഇടപാടായി കണക്കാക്കരുതെന്നും ബാങ്കുകൾക്ക് റിസർവ് ബാങ്ക് സർക്കുലർ ഇറക്കിയിരുന്നു.