mohanlal

ഒടിയനിലെ സൂപ്പർഹിറ്റ് ഗാനമായ 'ഏനൊരുവൻ' എന്ന് തുടങ്ങുന്ന പാട്ട് ആലപിച്ച മോഹൻലാലിനെ തേടി റെഡ്‌ എഫ്.എമ്മിന്റെ മികച്ച സെലിബ്രിറ്റി ഗായകനുള്ള അവാർഡ് എത്തിയിരിക്കുകയാണ്. തന്റെ അമ്മയായി ഏറ്റവും കൂടുതൽ സിനിമകളിൽ വേഷമിട്ടിട്ടുള്ള കവിയൂർ പൊന്നമ്മയിൽ നിന്നുമാണ് മോഹൻലാൽ ഈ അവാർഡ് ഏറ്റുവാങ്ങിയത്. ഇതിന്റെ ചിത്രവും അവാർഡ് വാങ്ങിയ വിവരവും മോഹൻലാൽ തന്നെയാണ് ആരാധകരെ അറിയിച്ചത്.

ഈ വാർത്ത വന്നതോടെ മോഹൻലാലിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ ശ്രീകുമാർ മേനോൻ. ഈ പാട്ടിന് അവാർഡ് ലഭിക്കുമെന്ന് താൻ നേരത്തെ തന്നെ മോഹൻലാലിനോട് പറഞ്ഞതായി അവകാശപ്പെട്ട് അദ്ദേഹത്തെ പ്രശംസിക്കുകയാണ് ശ്രീകുമാർ മേനോൻ. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് മേനോൻ ലാലിനെ അഭിനന്ദിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ഈ നേട്ടത്തിൽ മോഹൻലാലിനെക്കാളും സന്തോഷിക്കുന്നത് താനാണെന്നും മേനോൻ പറയുന്നു.

ശ്രീകുമാർ മേനോന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ:

'അഭിനന്ദനങ്ങൾ ലാലേട്ടാ...
ഞാനന്നേ പറഞ്ഞതല്ലേ ഈ പാട്ടിന് ലാലേട്ടന് അവാർഡ് കിട്ടുമെന്ന്. അതിലാദ്യത്തേത് റെഡ് എഫ്എമ്മിന്റേതായി

ഞാൻ ലാലേട്ടനെക്കാളും സന്തോഷിക്കുന്നു. വരികളെഴുതിയ പ്രഭാവർമ്മ സാറിനോടും സംഗീതം നൽകിയ എം.ജയചന്ദ്രനോടുമൊപ്പം സന്തോഷം പങ്കുവെയ്ക്കുന്നു...

ഞാനിപ്പോഴുമോർക്കുന്നു, ലാലേട്ടൻ ഏറ്റവും ആസ്വദിച്ച് പടിയ പാട്ടാണിത്. ലാലേട്ടൻ പാടിയ പാട്ടുകളിൽ ഏറ്റവും നല്ലത് ഈ ഗാനമെന്ന് ഞാൻ വിശ്വസിക്കുന്നു.'