rbi

കൊച്ചി: കേന്ദ്രസർക്കാരിന് അധിക ലാഭവിഹിതമായി (സർപ്ളസ്)​ റെക്കാഡ് തുകയായ 1.76 ലക്ഷം കോടി രൂപ കൈമാറാനുള്ള റിസർവ് ബാങ്കിന്റെ തീരുമാനത്തോടെ ഒട്ടേറെ വിവാദങ്ങൾക്കും ആശങ്കകൾക്കുമാണ് തിരശീല വീഴുന്നത്.

ധനക്കമ്മി നിയന്ത്രിക്കാനാവുമെന്ന കേന്ദ്ര വിശ്വാസത്തിന്,​ അധികപ്പണം ലഭിക്കുന്നതിലൂടെ ആക്കം കൂടും. ധനക്കമ്മി ജി.ഡി.പിയുടെ 3.4 ശതമാനത്തിൽ നിന്ന് നടപ്പുവർഷം 3.3 ശതമാനമായി നിയന്ത്രിക്കുകയാണ് ലക്ഷ്യമെന്ന് ബഡ്‌‌ജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കിയിരുന്നു. ക്ഷേമ പദ്ധതികൾ,​ ഉത്തേജക നടപടികൾ,​ പൊതുമേഖലാ ബാങ്കുകൾക്ക് മൂലധന സഹായം തുടങ്ങിയ വെല്ലുവിളികൾ ഒട്ടേറെ ഉള്ളതിനാൽ റിസർവ് ബാങ്കിൽ നിന്ന് ലഭിക്കുന്ന അധികപ്പണം കേന്ദ്രസർക്കാരിന് വലിയ ആശ്വാസമാകും.
നിലവിലെ സാമ്പത്തികമാന്ദ്യം മറികടക്കാൻ പൊതുമേഖലാ ബാങ്കുകൾക്ക് 70,​000 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റിസർവ് ബാങ്ക് അധികപ്പണ കൈമാറ്റം അറിയിച്ചത്. പണം കൈമാറാമെന്ന് സമ്മതിച്ചതോടെ,​ ഏറെക്കാലമായി റിസർവ് ബാങ്കും കേന്ദ്രവും തമ്മിൽ നിലനിന്ന പോരിന് കൂടിയാണ് ശമനമാകുന്നത്. റിസർവ് ബാങ്ക് ഗവർണറായിരുന്ന ഉർജിത് പട്ടേൽ,​ ഡെപ്യൂട്ടി ഗവർണറായിരുന്ന വിരാൽ വി. ആചാര്യ എന്നിവരുടെ രാജിയിലേക്ക് വഴിവച്ചതും ഈ തർക്കമാണ്.

റിസർവ് ബാങ്കിന്റെ ധനനയം,​ കിട്ടാക്കടം കൂടുതലുള്ള ബാങ്കുകൾക്കുമേൽ റിസർവ് ബാങ്കെടുത്ത പ്രോംപ്‌റ്റ് കറക്‌ടീവ് ആക്‌ഷൻ (പി.സി.എ)​ ശിക്ഷാനടപടി എന്നിവയ്ക്കുമേൽ ധനമന്ത്രാലയം സമ്മർദ്ദം ചെലുത്തിയതും ഡയറക്‌ടർ ബോർഡിൽ സർക്കാർ അനഭിമതരെ തിരുകിക്കയറ്റിയതും പോരിന്റെ മൂർച്ഛ കൂട്ടിയിരുന്നു. ആർ.ബി.ഐ ആക്‌ട് സെക്‌ഷൻ 7 കേന്ദ്രസർക്കാർ ദുരുപയോഗം ചെയ്യുകയാണെന്ന വിമർശനം വിരാൽ ആചാര്യ ഉന്നയിച്ചതും വലിയ തർക്കത്തിന് കാരണമായി. അടിയന്തര ഘട്ടങ്ങളിൽ റിസർവ് ബാങ്കിന്റെ നടപടികളിൽ ഇടപെടാൻ കേന്ദ്രത്തെ അനുവദിക്കുന്ന വകുപ്പാണിത്.

ബിമൽ ജലാൽ

പാനൽ

റിസർവ് ബാങ്കും കേന്ദ്രസർക്കാരും തമ്മിലെ പോര് ശമിപ്പിക്കാനുള്ള സമവായത്തിന്റെ ഭാഗമായാണ്,​ കരുതൽ ധനശേഖര വിനയോഗം (എക്കണോമിക് കാപ്പിറ്റൽ ഫ്രെയിംവർക്ക്)​ സംബന്ധിച്ച് പഠിക്കാൻ മുൻ ഗവർണർ ബിമൽ ജലാൻ അദ്ധ്യക്ഷനായ ആറംഗ പാനലിനെ നിയോഗിച്ചത്. ഇക്കഴിഞ്ഞ ജൂലായ് 17ന് കരുതൽ ധനശേഖരത്തിൽ നിന്ന് നിശ്‌ചിത തുക മൂന്നു മുതൽ അഞ്ചുവർഷം കൊണ്ട് ഘട്ടംഘട്ടമായി കേന്ദ്രത്തിന് നൽകാമെന്ന് പാനൽ ശുപാർശ ചെയ്‌തു.

പോരിന് വഴിതുറന്ന്

അരവിന്ദ് സുബ്രഹ്‌മണ്യൻ

2016-17ലെ സാമ്പത്തിക സർവേയിൽ അന്ന്,​ മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവായിരുന്ന അരവിന്ദ് സുബ്രഹ്‌മണ്യനാണ് റിസർവ് ബാങ്കിന്റെ അധിക കരുതൽ ധനം സർക്കാരിന് കൈമാറണമെന്ന് അഭിപ്രായപ്പെട്ടത്. റിസർവ് ബാങ്കിന്റെ മൊത്തം ആസ്‌തിയുടെ 28 ശതമാനമാണ് കരുതൽ ധനശേഖരം. ആഗോള ശരാശരി 14-16 ശതമാനം മാത്രമാണ്.

റെക്കാഡ് സർപ്ളസ്

₹1.76 ലക്ഷം കോടി

ഇതുവരെ വരുമാനത്തിൽ നിന്നൊരു പങ്കാണ് സർപ്ളസ് ആയി റിസർവ് ബാങ്ക് കേന്ദ്രത്തിന് നൽകിയിരുന്നത്. ആദ്യമായാണ് കരുതൽ ധനശേഖരത്തിൽ നിന്ന് സർപ്ളസ് നൽകാൻ തീരുമാനിക്കുന്നത്. 2018-19ൽ ലാഭവിഹിതമായി 28,​000 കോടി രൂപ കൈമാറിയിരുന്നു. ഇതിനു പുറമേയാണ് റെക്കാഡ് 1.76 ലക്ഷം കോടി രൂപ നൽകാൻ തീരുമാനം.

സർപ്ളസ് ഇതുവരെ

(തുക കോടിയിൽ)​

2012-13 : ₹30,​010

2013-14 : ₹50,​679

2014-15 : ₹65,​896

2015-16 : ₹65,​876

2016-17 : ₹30,​659

2017-18 : ₹50,​000

2018-19 : ₹1.76 ലക്ഷം

₹90,​000 കോടി

നടപ്പുവർഷം (2019-20)​ റിസർവ് ബാങ്കിൽ നിന്നുള്ള ലാഭവിഹിതമായി കേന്ദ്രസർക്കാർ പ്രതീക്ഷിക്കുന്നത് 90,​000 കോടി രൂപ.

₹9.59 ലക്ഷം കോടി

റിസർവ് ബാങ്കിന്റെ കൈവശം 2018-19 പ്രകാരമുള്ളത് 9.59 ലക്ഷം കോടി രൂപയുടെ കരുതൽ ധനശേഖരം. ഇതിൽ,​ 6.91 ലക്ഷം കോടി രൂപ സ്വർണമായും വിദേശ ധനശേഖരവുമായാണ്. 2.32 ലക്ഷം കോടി രൂപ ഭാവിയിലെ 'അപ്രതീക്ഷിതമോ അടിയന്തരമോ" ആയ ചെലവുകൾക്കായി സൂക്ഷിച്ചിരിക്കുന്നു. ഇത്,​ നിലനിറുത്തിയ ശേഷം ബാക്കിത്തുകയാണ് ഘട്ടംഘട്ടമായി സർക്കാരിന് കൈമാറുക.

വരുമാനം എങ്ങനെ?​

കടപ്പത്രങ്ങൾ,​ വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന വായ്‌പ എന്നിവയിൽ നിന്നാണ് റിസർവ് ബാങ്ക് വരുമാനം നേടുന്നത്.