മഹീന്ദ്ര ഇപ്പോൾ പഴയ മഹീന്ദ്രയൊന്നുമല്ല, പണ്ട് കരുത്തന്മാർക്ക് മാത്രം മെരുക്കാൻ പറ്റുന്ന ജീപ്പിനെ നിർമിച്ചിരുന്ന മഹീന്ദ്ര് ഇപ്പോൾ അത്യാധുനിക സംവിധാനങ്ങളുള്ള ലോകോത്തര എസ്.യു.വികൾ നിർമിക്കുന്ന തിരക്കിലാണ്. നിലവിൽ വിപണിയിലുള്ള സ്‌കോർപ്പിയോ, ഥാർ, ടി.യു.വി 300, എക്‌സ്.യു.വി 500 എന്നീ മോഡലുകൾക്ക് പുതിയ തലമുറയെ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ മഹീന്ദ്ര.
മഹീന്ദ്രയുടെ ബെസ്‌റ്റ് സെല്ലറുകളിലൊന്നായ ഥാറിന്റെ ഉത്പാദനം കമ്പനി അവസാനിപ്പിച്ചിട്ടുണ്ട്. പകരം അടുത്ത തലമുറ ഥാർ 2020ൽ പുറത്തിറങ്ങും. ഥാറിന്റെ പരീക്ഷണയോട്ടം പലതവണയും ക്യാമറക്കണ്ണുകളിൽ കുടുങ്ങിയിട്ടുണ്ടെങ്കിലും കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രങ്ങൾ വാഹനത്തിന്റെ കൂടുതൽ വിവരങ്ങൾ വ്യക്തമാക്കുന്നതാണ്.നിലവിലെ ഥാറിനേക്കാൾ വലിപ്പക്കൂടുതലുള്ളതാണ് പുതിയ ഥാർ. സ്‌കോർപ്പിയോയുടെ പ്ലാറ്റ്ഫോമിലാണ് നിലവിലെ ഥാറിന്റെ നിർമാണം. എന്നാൽ പുതിയ ഥാറിന്റെ പ്ലാറ്റ്ഫോമിൽ അടക്കം വലിയ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. വാഹനത്തിന്റെ ഓഫ്‌റോഡ് മികവ് വർദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് ഈ നീക്കം. മാത്രവുമല്ല നേരത്തെയുണ്ടായിരുന്ന പരാതികൾ പരിഹരിക്കുന്നതിന് വേണ്ടി വാഹനത്തിന്റെ ഇന്റീരിയറിലും മറ്റ് ഫീച്ചറുകളിലും കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
ആധുനിക വാഹനങ്ങളിലുള്ള ക്രൂസ് കൺട്രോൾ, എയർ ബാഗുകൾ, ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്‌റ്റം, ഡ്രൈവർ എം.ഐ.ഡി തുടങ്ങിയ നിരവധി സംവിധാനങ്ങൾ പുതിയ ഥാറിലുണ്ട്. റീ ഡിസൈൻ ചെയ്‌ത ഡാഷ് ബോർഡ്, പുതിയ ഇൻസ്‌ട്രുമെന്റ് ക്ലസ്‌റ്റർ, പുതിയ സ്‌റ്റിയറിംഗ് വീൽ, പുതിയ ഡോർ പാനലുകൾ എന്നിവയും വാഹനത്തിലുണ്ട്. മുൻ, പിൻ സീറ്റുകൾ തമ്മിലുള്ള അകലവും കൂട്ടിയിട്ടുണ്ട്. ഫ്രണ്ട് ഫേസിംഗ് ആയ ബാക്ക് സീറ്റുകൾ കൂടുതൽ സുഖകരമായ യാത്രാനുഭവം നൽകും. ബി.എസ്.6 നിലവാരത്തിലുള്ള 2.0 ലിറ്റർ ഡീസൽ എഞ്ചിനാണ് വാഹനത്തിന് കരുത്ത് നൽകുന്നത്.ഇതുകൂടാതെ സ്‌കോർപ്പിയോ, ടി.യു.വി 300, എക്‌സ്.യു.വി 500 എന്നീ മോഡലുകൾക്ക് വേണ്ടിയും പുതിയ എഞ്ചിനുകൾ മഹീന്ദ്ര വികസിപ്പിക്കുന്നുണ്ട്. എന്തായാലും അടുത്ത വർഷം പുറത്തിറങ്ങുമെന്ന് കരുതുന്ന മഹീന്ദ്രയുടെ പുലിക്കുട്ടിയ്‌ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് വാഹന പ്രേമികൾ.