law-college

തിരുവനന്തപുരം: ലോ കോളേജിൽ എസ്.എഫ്.ഐ, കെ.എസ്.യു പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി വിഷ്ണുവിന് പരിക്കേറ്റു. ഹോക്കി സ്റ്റിക്ക് കൊണ്ട് അടിയേറ്റാണ് വിഷ്ണുവിന് പരിക്കേറ്റത് എന്നാണ് ലഭിക്കുന്ന വിവരം. കോളേജിൽ ഇന്നലെ മുതൽ തന്നെ സംഘർഷം ആരംഭിച്ചിരുന്നു എന്നാണ് എസ്.എഫ്.ഐ പറയുന്നത്. ആദ്യവർഷ വിദ്യാർത്ഥിയെ റാഗ് ചെയ്തത് എസ്.എഫ്.ഐ ചോദ്യം ചെയ്തതാണ് സംഘർഷത്തിൽ കലാശിച്ചത്. കെ.എസ്.യുക്കാർ പുറത്ത് നിന്നും കൊണ്ടുവന്ന ആയുധങ്ങളും സ്പോർട്സ് ഉപകരണങ്ങളും ഉപയോഗിച്ചുകൊണ്ടാണ് ആക്രമിച്ചത്. ഇത്തരത്തിലുള്ള ആയുധങ്ങൾ ഇവരുടെ വാഹനത്തിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഹോക്കി സ്റ്റിക്ക്, മാരകായുധങ്ങൾ , ബൈക്കുകളിൽ ഉപയോഗിക്കുന്ന ഭാഗങ്ങൾ എന്നിവയാണ് കാറിൽ ഉണ്ടായിരുന്നത്.

എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി ഉൾപ്പെടെ മൂന്നിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. യൂണിറ്റ് സെക്രട്ടറി വിഷ്ണുവിന് ഏറ്റ അടിയിൽ അയാളുടെ പല്ല് കൊഴിഞ്ഞിട്ടുണ്ട്. ക്യാംപസ് പരിസരത്ത് വലിയ രീതിയിൽ പൊലീസ് വിന്യസിച്ചിട്ടുണ്ട്. ഇന്നലെ ഇവിടെ നടന്ന അക്രമത്തിൽ നാല് കെ.എസ്,യു വിദ്യാർത്ഥികൾക്കും രണ്ട് എസ്.എഫ്.ഐ വിദ്യാർത്ഥികൾക്കും പരിക്കേറ്റിരുന്നു. ഇരുകൂട്ടർക്കുമെതിരെ പൊലീസ് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. തുടർന്ന് ഇന്ന് വീണ്ടും സംഘർഷം ഉണ്ടാവുകയായിരുന്നു. സംഘർഷത്തിന് കാരണക്കാരായ വിദ്യാർത്ഥികൾ ക്യാംപസ് പരിസരം വിട്ടുപോയിട്ടുണ്ടെന്നാണ് വിവരം.