summer-in-bathlehem

അഭിനയിച്ച ചിത്രങ്ങളിലെല്ലാം സ്വന്തം പേര് അടയാളപ്പെടുത്തിയ നടിയായിരുന്നു രസിക എന്ന സംഗീത. 'സമ്മർ ഇൻ ബത്‌ലഹേം' മുതൽ 'ഉത്തമൻ' വരെ മലയാളത്തിൽ മികച്ച കഥാപാത്രങ്ങൾക്ക് അവർ ജീവൻ നൽകി. പിതാമകൻ, ഉയിർ, ധനം തുടങ്ങിയ ഉള്ളുറപ്പുള്ള കഥാപാത്രങ്ങളിലൂടെ തമിഴിലും തെലുങ്കിലും ശ്രദ്ധേയായി.

വർഷങ്ങൾക്കിപ്പുറവും സംഗീതയെ കാണുമ്പോൾ മലയാള സിനിമാപ്രേക്ഷകർക്ക് ആദ്യം ഓർമ്മവരിക സിബി മലയിൽ സംവിധാനം ചെയ്ത സമ്മർ ഇൻ ബത്‌ലഹേമിലെ ജ്യോതിയെയാണ്. ജയാറാമിന്റെ മുറപ്പെണ്ണുങ്ങളിലൊരാൾ. ചിത്രത്തിൽ മഞ്ജുവാര്യർ ഒഴികെയുള്ള നാല് മുറപ്പെണ്ണുങ്ങളിലൊരാളാണ് ആ പൂച്ചയെ അയച്ച അജ്ഞാത കാമുകിയെന്ന് എല്ലാവർക്കും അറിയാം. അവരിൽ ആരെന്ന് മാത്രം ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമാണ്. ഇപ്പോഴിതാ കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ ആരാണ് ആ അഞ്ജാത കാമുകിയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംഗീത.

'കുറേ സിനിമകളിൽ അഭിനയിച്ചെങ്കിലും അഭിനയത്തിൽ ഒരു പുരോഗതി ഉണ്ടായിത്തുടങ്ങിയത് സമ്മർ ഇൻ ബത്‌ലഹേം എന്ന ചിത്രത്തിലൂടെയാണ്. എല്ലാ അർത്ഥത്തിലും ഒരു മഞ്ജു വാര്യർ ചിത്രമായിരുന്നു. ഞാൻ അവതരിപ്പിച്ച ജ്യോതിക്ക് കഥാഗതിയിൽ വലിയ പ്രധാന്യമൊന്നുമില്ല. പക്ഷേ ജയറാമിന്റെ അഞ്ചു മുറപ്പെണ്ണുങ്ങളിലൊരാൾ പ്രണയ സന്ദേശം കഴുത്തിൽ കെട്ടിത്തൂക്കി ഒരു പൂച്ചയെ അയക്കുന്നതോടെയാണ് സിനിമയുടെ കഥ മാറുന്നത്.

ആ പൂച്ചയെ ആരാണ് അയച്ചതെന്ന് സിനിമയിൽ പറയുന്നില്ല. പക്ഷേ ജ്യോതിയാണ് പൂച്ചയെ അയക്കുന്നതെന്ന രീതിയിൽ സംവിധായകൻ എന്നോട് പറഞ്ഞിരുന്നു. എന്നെ സംബന്ധിച്ച് ഒരു ആക്ടിംഗ് സ്കൂൾ പോലെയായിരുന്നു ആ സിനിമ. മഞ്ജുവാര്യർ,സുരേഷ് ഗോപി,കലാഭവൻ മണി, ജയറാം,സുകുമാരിയമ്മ എന്നിങ്ങനെ ഒരുപാട്പേരുടെ അഭിനയം ദിവസങ്ങളോളം നോക്കിയിരിക്കാൻ അവസരം ലഭിച്ചു.

അവരുടെ അഭിനയത്തിൽ നിന്ന് ഞാനെന്റെ അഭിനയത്തിന്റെ ന്യൂനതകൾ മനസിലാക്കി. മഞ്ജുവാര്യരെല്ലാം അഭിനയം മെച്ചപ്പെടുത്താൻ ശരിക്കും എന്നെ സഹായിച്ചു. അവർ ഒരു വിസ്മയം തന്നെയാണ്. അന്നും ഇന്നും ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടിയാരെന്ന് ചോദിച്ചാൽ മഞ്ജു എന്നേ ഞാൻ ഉത്തരം നൽകൂ'- സംഗീത പറഞ്ഞു.