വാഷിംഗ്ടൺ: മയക്കുമരുന്നിന്റെ അംശമുള്ള വേദനസംഹാരികളിലൂടെ യു.എസിലെ ജനങ്ങളെ മരുന്നിന് അടിമകളാക്കിയെന്ന കേസിൽ അമേരിക്കൻ കോടതി ജോൺസൺ ആൻഡ് ജോൺസൺ കമ്പനിക്ക് വൻ തുക പിഴ ചുമത്തി. 57.2 കോടി ഡോളറാണ് (4095.49 കോടി രൂപ) അമേരിക്കയിലെ ഒക്കലഹോമ കോടതി പിഴ ചുമത്തിയത്. അപ്പീൽ നല്‍കുമെന്ന് കമ്പനി അറിയിച്ചു. ചരിത്രത്തിലെ വലിയ പിഴകളിൽ ഒന്നാണിത്. ജോൺസൺ പുറത്തിറക്കുന്ന ഡ്യൂറാജെസിക്, ന്യൂസെന്റാ എന്നീ വേദനസംഹാരികൾ അമേരിക്കൻ ജനതയെ മരുന്നിന്റെ അടിമകളാക്കുന്നു എന്നായിരുന്നു കേസ്. യു.എസിൽ ഏറ്റവും വിൽക്കപ്പെടുന്ന വേദനസംഹാരികളാണ് ജോൺസണിന്റേത്. ഈ വേദനസംഹാരികളിൽ അടങ്ങിയിട്ടുള്ള മയക്കുമരുന്നിന്റെ അംശം ആളുകളെ അടിമകളാക്കി മാറ്റുകയാണെന്നും ഇവയുടെ അമിതോപയോഗം മൂലം 1999നും 2017നും ഇടയിൽ നാലു ലക്ഷത്തോളം പേർ മരിച്ചെന്നും പ്രോസിക്യൂഷൻ വാദിച്ചു. യു.എസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷന്റെ കണക്കുകൾ ഉദ്ധരിച്ചായിരുന്നു വാദം. അമിതമായ പരസ്യങ്ങളിലൂടെ ജനങ്ങളെ മാത്രമല്ല, ഡോക്ടർമാരെ വരെ സ്വാധീനിച്ച് പൊതുശല്യമായി മാറിയെന്നും കോടതി നിരീക്ഷിച്ചു. കൂടുതൽ പേരുടെ ജീവിതം തകർക്കാതിരിക്കാനാണ് ഇങ്ങനെയൊരു വിധിയെന്ന് കോടതി പറഞ്ഞു. തങ്ങളുടെ മരുന്ന്, വിപണിയുടെ ഒരു ശതമാനം മാത്രമേ ഉള്ളൂ എന്ന കമ്പനിയുടെ വാദം കോടതി കണക്കിലെടുത്തില്ല. ജോൺസണിന്റെ മറ്റ് ഉത്പന്നങ്ങളും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുന്നതായി നേരത്തേ തെളിഞ്ഞിരുന്നു. ഇതിന് മുൻപും ജോൺസൺ ആൻഡ് ജോൺസണ് പിഴ ലഭിച്ചിട്ടുണ്ട്. നിലവിൽ കമ്പനിക്കെതിരെ വിവിധ രാജ്യങ്ങളിലായി മൂവായിരത്തിലധികം കേസുകളുണ്ട്.