bs-yeddyurappa

ബംഗളൂരു: കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ 'സർവാധികാരത്തിന്" കടിഞ്ഞാണിട്ട് ബി.ജെ.പി കേന്ദ്ര നേതൃത്വം സംസ്ഥാന ചരിത്രത്തിലാദ്യമായി മൂന്ന് ഉപ മുഖ്യമന്ത്രിമാരെ നിയമിച്ചു. യെദിയൂരപ്പയുടെ അസംതൃപ്തി കണക്കിലെടുക്കാതെയാണിത്.

നിലവിൽ എം.എൽ.എ അല്ലാത്ത ലിംഗായത്ത് നേതാവ് ലക്ഷ്‌മൺ സവാദി, മുതിർന്ന ദളിത് നേതാവ് ഗോവിന്ദ് കെ. കർജോൾ, യുവ വൊക്കാലിഗ നേതാവ് സി.എൻ. അശ്വത്ഥ് നാരായൺ എന്നിവരാണ് ഉപമുഖ്യമന്ത്രിമാർ. ആദ്യമായി മന്ത്രിയാകുന്ന അശ്വത്ഥ് നാരായണിന് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിച്ചത് ലോട്ടറിയായി. ലക്ഷ്‌മൺ സവാദി നിയമസഭയിൽ അശ്ലീല വീഡിയോ കണ്ടതിന് മന്ത്രിസ്ഥാനം രാജിവച്ചയാളാണ്.

സീനിയോറിട്ടി, ജനസമ്മതി തുടങ്ങിയ മാനദണ്ഡങ്ങൾക്കെല്ലാം അതീതമായാണ് കേന്ദ്രമന്ത്രിയും ബി.ജെ.പി ദേശീയ അദ്ധ്യക്ഷനുമായ അമിത്ഷാ ഉപമുഖ്യമന്ത്രിമാരെ നിശ്‌ചയിച്ചത്.

മൂവരും യെദിയൂരപ്പ പക്ഷക്കാരല്ല. യെദിയൂരപ്പയ്‌ക്ക് ശേഷം പാർട്ടിയിൽ രണ്ടാം നിര നേതൃത്വത്തെ ഉയർത്താനുള്ള കേന്ദ്ര നേതൃത്വത്തിന്റെ ശ്രമവും പ്രകടമാണ്. ആഭ്യന്തരം യെദിയൂരപ്പയ്‌ക്ക് നൽകാതെ വകുപ്പ് വിഭജനം നടത്തിയതും ശ്രദ്ധേയമായി. ബസവരാജ് ബൊമ്മെയാണ് ആഭ്യന്തര മന്ത്രി.

ഗോവിന്ദ കർജോളിന് പൊതുമരാമത്ത്, സാമൂഹ്യക്ഷേമം, ഡോ. അശ്വത്ഥ് നാരായണന് ഉന്നത വിദ്യാഭ്യാസം, ഐ.ടി, ലക്ഷ്മൺ സവാദിക്ക് ഗതാഗതം എന്നിവയാണ് നൽകിയത്. നേരത്തേ ചുമതലയേറ്റ 17 മന്ത്രിമാരുടെ വകുപ്പുകളും പ്രഖ്യാപിച്ചു. മുൻ മുഖ്യമന്ത്രി ജദഗീഷ് ഷെട്ടർക്ക് വ്യവസായവും ഖനിരാജാവ് ജനാർദ്ദൻ റെഢ്ഢിയുടെ അടുപ്പക്കാരനായ ബി. ശ്രീരാമുലുവിന് ആരോഗ്യവും നൽകി.

എം.എൽ.എ പോലുമല്ലാത്ത ലക്ഷ്‌മണിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. കർജോളിന്റെ നിയമനം അംഗീകരിച്ചെങ്കിലും മറ്റ് രണ്ട് പേരുടെ നിയമനമാണ് മുതിർന്ന നേതാക്കളെ ചൊടിപ്പിച്ചത്.

പ്രബലരായ മൂന്ന് സമുദായങ്ങളെയും തൃപ്തിപ്പെടുത്തുകയാണ് കേന്ദ്ര നേതൃത്വത്തിന്റെ ലക്ഷ്യമെന്നാണ് വിലയിരുത്തൽ. കലാപം ഒഴിവാക്കാൻ മന്ത്രിപദമോഹികൾക്ക് ബോർഡുകളിലും കോർപറേഷനുകളിലും ഉയർന്ന സ്ഥാനങ്ങൾ നൽകാമെന്നാണ് യെദിയൂരപ്പയുടെ വാഗ്ദാനം.

2012ൽ യെദിയൂരപ്പ മന്ത്രിസഭയിൽ അംഗങ്ങളായിരിക്കെയാണ് ലക്ഷ്മണും മറ്റ് രണ്ട് മന്ത്രിമാരും സഭയിലിരുന്ന് അശ്ലീല വീഡിയോ കണ്ടതും വിവാദമായതും. തുടർന്ന് മൂവരും രാജിവച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അതാനി സീറ്റിൽ കോൺഗ്രസിന്റെ വിമതൻ മഹേഷ് കുമത്തല്ലിയോട് ലക്ഷ്മൺ പരാജയപ്പെട്ടിരുന്നു. കുമത്തല്ലി അയോഗ്യനാക്കപ്പെട്ടതോടെ അതാനിയിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവരും.അവിടെ സവാദിയെ വീണ്ടും മത്സരിപ്പിക്കാമെന്നാണ് കണക്ക് കൂട്ടൽ.