ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എപ്പോഴും വിമർശിക്കുന്നത് ഗുണം ചെയ്യില്ലെന്ന തരത്തിൽ ചില കോൺഗ്രസ് നേതാക്കൾ നടത്തിയ പരാമർശം വൻ വിവാദത്തിന് കാരണമായിരുന്നു. ഇത്തരത്തിൽ പരാമർശം നടത്തിയ ശശി തരൂർ എം.പിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണമാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ നടത്തിയത്. പാർട്ടിയിൽ നിന്ന് പുറത്തുപോകണമെന്ന് വരെ ചിലർ പറഞ്ഞു. എന്നാൽ തനിക്കെതിരെ ഉയർന്ന എല്ലാ ആരോപണങ്ങൾക്കും മറുപടിയുമായി തരൂർ രംഗത്തെത്തി. തന്റെ ട്വീറ്റ് മോദി സ്‌തുതിയായി വ്യാഖ്യാനിച്ചാതാണെന്ന് വ്യക്തമാക്കിയ തരൂർ മോദിക്കെതിരെ ക്രിയാത്മക വിമർശനം വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായും കൂട്ടിച്ചേർത്തു. മോദി സർക്കാരിന്റെ നയങ്ങളെ എന്നും താൻ വിമർശിച്ചിട്ടുണ്ട്. താൻ പാർട്ടി വിട്ടുപോകണമെന്ന് പറഞ്ഞ കെ.മുരളീധരനെതിരെയും രൂക്ഷവിമർശനമാണ് തരൂർ ഉന്നയിച്ചത്. കോൺഗ്രസിനെ പുറത്തുനിന്നും ആക്രമിച്ചതിന് ശേഷം എട്ട് വർഷം മുമ്പ് പാർട്ടിയിലേക്ക് തിരിച്ചുവന്നയാളാണ് ഇത്തരമൊരു ആവശ്യത്തിന് പിന്നിലെന്നത് വിരോധാഭാസമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മോദിയെ എപ്പോഴും വിമർശിക്കുന്നത് കോൺഗ്രസിന് ഗുണം ചെയ്യില്ലെന്നും അദ്ദേഹം ചെയ്‌ത നല്ല കാര്യങ്ങളെ അംഗീകരിക്കണമെന്നും പറഞ്ഞുകൊണ്ട് ജയറാം രമേശാണ് വിവാദത്തിന് തിരികൊളുത്തിയത്. പിന്നാലെ തന്റെ സുഹൃത്തായ മനു അഭിഷേക് സിംഗ്‌വിയും ഇതേ നിലപാട് സ്വീകരിച്ചു. ഇവരുടെ പ്രസ്‌താവനയിൽ എന്റെ ട്വീറ്റ് ശരിക്കും തെറ്റായി വ്യാഖ്യാനിച്ചതാണ്. മോദി നിരവധി നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട്. അത് ജനങ്ങൾക്ക് ബോധ്യപ്പെട്ടത് കൊണ്ടാണ് 2014ൽ ഉണ്ടായിരുന്നതിനേക്കാൾ സീറ്റും വോട്ട് ശതമാനവും മോദി നേടിയത്. മോദി നിരവധി പേർക്ക് ടോയ്‌ലറ്റുകൾ നിർമിച്ച് നൽകി. എന്നാൽ അതിൽ 60 ശതമാനത്തിലും വെള്ളം എത്തിയിട്ടില്ല. ഗ്രാമീണ മേഖലയിലെ സ്ത്രീകൾക്ക് പാചകവാതകവും മോദി എത്തിച്ചുനൽകി.എന്നാൽ ഇതിൽ 90 ശതമാനത്തിനും ഈ സിലിണ്ടറുകൾ വീണ്ടും നിറയ്‌ക്കാനുള്ള സാമ്പത്തികമില്ല. ഇതാണ് നമ്മൾ ചൂണ്ടിക്കാട്ടേണ്ടത്. അങ്ങനെയായാൽ മാത്രമേ കോൺഗ്രസിന് ക്രിയാത്മകമായ പ്രതിപക്ഷമാകാൻ കഴിയൂ. എന്നാലേ ജനങ്ങൾക്ക് നഷ്‌ടപ്പെട്ട വിശ്വാസം തിരിച്ചുപിടിക്കാൻ കഴിയൂ എന്നും തരൂർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ശശി തരൂരിനെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചത്. മോദിയെ കൂടുതൽ പുകഴ്‌ത്തേണ്ടെന്ന് പറഞ്ഞ ചെന്നിത്തലയെ തന്നെ പഠിപ്പിക്കാൻ ആരും നോക്കേണ്ടേന്ന് പറഞ്ഞാണ് തരൂർ നേരിട്ടത്. ഇതിന് പിന്നാലെ തരൂരിനെതിരെ വിമർശനവുമായി കെ.മുരളീധരൻ എം.പി രംഗത്തെത്തി. ഇടയ്ക്ക് മോദിയെ സ്തുതിച്ചാൽ മാത്രമേ വിമർശനം ഏൽക്കുകയുള്ളുവെന്നാണ് ചിലരുടെ വിചാരം. അങ്ങനെയുള്ളവർ കോൺഗ്രസിൽ നിൽക്കേണ്ട ആവശ്യമില്ല. കോൺഗ്രസ് നേതാക്കൾ മോദി അനുകൂല പ്രസ്താവന നടത്തിയത് കേട്ടപ്പോൾ അത്ഭുതം തോന്നി. ഇക്കാര്യത്തിൽ നേതൃത്വത്തിന് പരാതി നൽകും.കേസ് പേടിച്ചാണ് തരൂരിന്റെ മോദി സ്തുതിയെങ്കിൽ, അത് കോടതിയിൽ നേരിടണം. വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ പ്രചാരണത്തിന് ശശിതരൂർ വന്നില്ലെങ്കിലും യു.ഡി.എഫ് വിജയിക്കുമെന്നും മുരളീധരൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ തരൂരിൽ നിന്നും വിശദീകരണം തേടാൻ കെ.പി.സി.സി തീരുമാനിക്കുകയും ചെയ്‌തു.