തന്റെ ഭർത്താവിൽ നിന്നും ഏൽക്കേണ്ടി വന്ന ക്രൂരപീഡനങ്ങൾ തുറന്നുപറഞ്ഞ് ഗ്രേറ്റ് ബ്രിട്ടനിലെ സൗത്ത് വെയിൽസ് സ്വദേശിയായ യുവതി. ചുരുങ്ങിയ സമയം മാത്രം നീണ്ട പ്രേമബന്ധത്തിനൊടുവിലാണ് കെല്ലി തന്റെ ഭർത്താബ് റെയിൻബോയെ വിവാഹം ചെയ്യുന്നത്. വെറും ആറ് മാസം മാത്രം നീണ്ട പ്രണയം. ഒടുവിൽ റെയിൻബോ കെല്ലിയെ പ്രപ്പോസ് ചെയ്യുകയായിരുന്നു. തനിക്ക് കിട്ടാവുന്നതിൽ വച്ച് ഏറ്റവും നല്ല ബന്ധമാണിതെന്നാണ് കെല്ലി കരുതിയത്. എന്നാൽ ആദ്യരാത്രിയിൽ തന്നെ ഭർത്താവിന്റെ യഥാർത്ഥ സ്വഭാവം കെല്ലി മനസിലാക്കി. മദ്യപിച്ച് ലക്കുകെട്ടിരുന്ന ഭർത്താവിനോട് കയർത്ത കെല്ലിയോട് 'വെറുതെ കിടന്ന് ചിലയ്ക്കരുത്' എന്നാണ് ഭർത്താവ് പറഞ്ഞത്.
പിന്നീടങ്ങോട്ട് പീഡനത്തിന്റെ നാളുകളായിരുന്നു. 2015ലാണ് റെയിൻബോ കെല്ലിയെ ക്രൂരമായി ഉപദ്രവിക്കുന്നത്. 'നീ എനിക്ക് ലൈംഗിക സുഖം നൽകാൻ വിധിക്കപെട്ടവളാണ്' എന്ന് പറഞ്ഞുകൊണ്ടായിരുന്നു സ്വന്തം ഭാര്യയ്ക്ക് മേലുള്ള ഇയാളുടെ ആക്രമണം. സംഭവത്തെ തുടർന്ന് റെയിൻബോ 21 മാസം ജയിലിൽ കിടന്നു. ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ ശേഷവും ഇയാൾ കെല്ലിയെ വെറുതെ വിട്ടില്ല. നിരന്തരം മെസേജുകൾ അയച്ച് റെയിൻബോ കെല്ലിയെ ബുദ്ധിമുട്ടിച്ചുകൊണ്ടിരുന്നു. നാല് മാസത്തിനിടെ 4000 ടെക്സ്റ്റ് മെസേജുകളാണ് ഇയാൾ കെല്ലിക്ക് അയച്ചത്.
എന്നാൽ റെയിൻബോ തന്റെ ആക്രമണം ടെക്സ്റ്റ് മെസേജിൽ മാത്രം ഒതുക്കിയില്ല. ഒരു ദിവസം കെല്ലിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ റെയിൻബോ അവളെ അതിക്രൂരമായി പീഡിപ്പിച്ചു. ഇയാളെ തടയാൻ ശ്രമിച്ച കെല്ലി അതിന് കഴിയാതെ ബോധംകെട്ട് വീഴുകയായിരുന്നു. ബോധം കെട്ട് കിടന്ന കെല്ലിയെയാണ് റെയിൻബോ തന്റെ കാമാർത്തിക്ക് ഇരയാക്കിയത്. ബോധമുണർന്ന കെല്ലി കാണുന്നത് സ്വയം വോഡ്ക ഒഴിച്ച് കുടിക്കുന്ന റെയിൻബോയെയാണ്. ഉടൻ തന്നെ കെല്ലി പൊലീസിനെ വിളിക്കുകയും അധികം താമസിയാതെ അവരെത്തി റെയിൻബോയെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. ഇയാൾ ഇപ്പോൾ താൻ ചെയ്ത കുറ്റങ്ങൾക്ക് 16 വർഷം നീണ്ട തടവുശിക്ഷ അനുഭവിക്കുകയാണ്. ഇനി 'ആ മൃഗത്തെ' ഒരിക്കലും കാണേണ്ടി വരരുതെന്നാണ് കെല്ലി ഇപ്പോൾ ആഗ്രഹിക്കുന്നത്.