തിരുവനന്തപുരം: ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 28 മുതൽ സെപ്തംബർ 5 വരെ നടക്കുന്ന ഗണേശോത്സവ ആഘോഷങ്ങളുടെ ഭാഗമായി പ്രതിഷ്ഠാ കേന്ദ്രങ്ങളിലേക്കു കൊണ്ടുപോകാനുള്ള വിഗ്രഹങ്ങൾ പ്രാദേശിക ഗണേശോത്സവ കമ്മറ്റി ഭാരവാഹികൾ ഏറ്റുവാങ്ങി. പ്രത്യേക പൂജാ ചടങ്ങുകൾക്കു ശേഷം ആദ്യവിഗ്രഹം നടൻ ദിനേഷ് പണിക്കരിൽനിന്ന് ഭീമാ ജുവലേഴ്സ് ഉടമ ഭീമാഗോവിന്ദൻ ഏറ്റുവാങ്ങി. ട്രസ്റ്റ് കൺവീനർ ആർ. ഗോപിനാഥൻ നായർ, ട്രസ്റ്റ് മുഖ്യകാര്യദർശി എം.എസ്. ഭുവനചന്ദ്രൻ, രാമചന്ദ്രൻ നായർ, സലീം മാറ്റപ്പള്ളി, രാധാകൃഷ്ണൻ ബ്ലൂസ്റ്റാർ, ശ്രീകുമാർ ചന്ദ്രാ പ്രസ്, ചെങ്കൽ ശ്രീകുമാർ തുടങ്ങിയവർ സംബന്ധിച്ചു.
ജില്ലയിലെ 1008 പ്രതിഷ്ഠാ കേന്ദ്രങ്ങളിലും രണ്ട് ലക്ഷം വീടുകളിലും 28 മുതൽ ഗണേശപൂജ ആരംഭിക്കും. ത്രിമുഖഗണപതി, ശക്തിഗണപതി, തരുണഗണപതി, വീരഗണപതി, ദൃഷ്ടിഗണപതി, ലക്ഷ്മിവിനായകൻ, ബാലഗണപതി, ഹേരംബഗണപതി, പഞ്ചമുഖഗണപതി തുടങ്ങി 32 രൂപഭാവങ്ങളിലും വക്രതുണ്ടൻ, ഗജമുഖൻ, ഏകദന്തൻ, വികടൻ, മഹോദരൻ, ലംബോദരൻ തുടങ്ങി എട്ട് അവതാരരൂപത്തിലുമുള്ള ഗണേശവിഗ്രഹങ്ങളാണ് പ്രതിഷ്ഠ നടത്തുന്നത്. ഗണേശോത്സവ ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവിതാംകൂർ രാജകുടുംബാംഗം ഗൗരീ ലക്ഷ്മിഭായി ഇന്ന് വൈകിട്ട് 6ന് കിഴക്കേകോട്ടയിൽ നിർവഹിക്കും. സപ്താഹ യജ്ഞാചാര്യൻ പള്ളിക്കൽ സുനിൽ അനുഗ്രഹ പ്രഭാഷണം നടത്തും.