indian-navy

പൂനെ: കടലിനടിയിലൂടെ ഇന്ത്യയെ ആക്രമിക്കാൻ പാക് ഭീകരസംഘടന ജയ്‌ഷെ മുഹമ്മദ് ഭീകരർക്ക് പരിശീലനം നൽകുന്നുണ്ടെന്നും കടൽ വഴിയുള്ള ഏത് ആക്രമണത്തെയും നേരിടാൻ നാവിക സേന സജ്ജമാണെന്നും നാവികസേനാ മേധാവി അഡ്മിറൽ കരംബിർ സിംഗ് പറഞ്ഞു. പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിനു ശേഷം ആക്രമണ രീതിയിൽ കാര്യമായ മാറ്റങ്ങൾ വരുത്താൻ ഭീകരർ ഒരുങ്ങുന്നതായി ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. പൂനെയിൽ നടന്ന ചീഫ് ജനറൽ ബി.സി. ജോഷി അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജയ്‌ഷെ മുഹമ്മദിന്റെ മുങ്ങൽ വിദഗ്ദ്ധരായ ചാവേറുകൾ സമുദ്രത്തിനടിയിൽ കൂടി എങ്ങനെ ആക്രമണം നടത്താമെന്നാണ് പരിശീലിക്കുന്നത്. ഭീകരവാദത്തിന്റെ മാറിയ മുഖമാണിത്. ഏത് തരത്തിലുള്ള സാഹസവും ചെറുത്തു തോല്പിക്കുമെന്നും നാവികസേനാ മേധാവി പറഞ്ഞു.

കടൽവഴി ഭീകരർ നുഴഞ്ഞുകയറില്ലെന്ന് ഉറപ്പുവരുത്തും. 2008ലെ മുംബയ് ആക്രമണത്തിനു ശേഷം തീരസുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തീര സംരക്ഷണ സേന, തീരദേശ പൊലീസ് എന്നിവരെ ഏകോപിപ്പിച്ചുകൊണ്ട് ശക്തമായ സുരക്ഷാസംവിധാനമാണ് നാവികസേനയുടെ നേതൃത്വത്തിൽ നിലവിൽ ഉള്ളത്.

ഇന്ത്യൻ മഹാസമുദ്രം തന്ത്രപരമായി പ്രാധാന്യമുള്ളതാണ്. ചൈനീസ് നാവിക സേനയുടെ സാന്നിദ്ധ്യം സമുദ്രമേഖലയിൽ വർദ്ധിച്ചു വരുന്നതും നിരീക്ഷിക്കുന്നുണ്ട്. രാജ്യ താത്പര്യത്തിനു വിരുദ്ധമായതൊന്നും സംഭവിക്കുന്നില്ലെന്ന് സേന ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.