തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എപ്പോഴും ആക്രമിക്കുന്നത് ഗുണം ചെയ്യില്ലെന്ന പ്രസ്‌താവന തിരുത്താത്തതിൽ ശശി തരൂർ എംപിയോട് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വിശദീകരണം തേടി. അടിയന്തരമായി വിശദീകരണം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു
തരൂരിന്റേത് പാർട്ടിക്ക് ഗുണം ചെയ്യുന്ന നിലപാടല്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ അന്തസിനും അച്ചടക്കത്തിനും നിരക്കാത്ത നടപടിയാണ് ശശി തരൂരിന്റെ ഭാഗത്തു നിന്ന് ഉണ്ടായതെന്നും കെ.പി.സി.സി അദ്ധ്യക്ഷൻ കുറ്റപ്പെടുത്തി.
തരൂരിന്റെ വിശദീകരണത്തിന് ശേഷം ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകും. പിന്നീട് ഭാവി കാര്യങ്ങൾ തീരുമാനിക്കുമെന്നും കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കി. തരൂരിന്റെ പ്രസ്‌താവനയ്‌ക്കെതിരെ ഇന്നലെ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്കും നേതാക്കൾ പരാതി നൽകിയിരുന്നു.
മോദിയെ എപ്പോഴും വിമർശിക്കുന്നത് കോൺഗ്രസിന് ഗുണം ചെയ്യില്ലെന്നും അദ്ദേഹം ചെയ്‌ത നല്ല കാര്യങ്ങളെ അംഗീകരിക്കണമെന്നും പറഞ്ഞുകൊണ്ട് ജയറാം രമേശാണ് വിവാദത്തിന് തിരികൊളുത്തിയത്. പിന്നാലെ മുതിർന്ന നേതാക്കളായ മനു അഭിഷേക് സിംഗ്‌വി, ശശി തരൂർ തുടങ്ങിയവർ ഈ പ്രസ്‌താവനയെ അനുകൂലിച്ച് രംഗത്തെത്തി.