spaces-fest-

തിരുവനന്തപുരം: പുതിയ ആശയങ്ങളുടെ, വ്യത്യസ്ത ചിന്തകളുടെ തുറന്ന ഇടമായി വിഭാവനം ചെയ്യുന്ന സ്‌പേസസ് ഫെസ്റ്റ് ആഗസ്റ്റ് 29 മുതൽ സെപ്തംബർ ഒന്നുവരെ കനകക്കുന്ന് കൊട്ടാരത്തിൽ നടക്കും. . ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെയും ഡി സി സ്‌കൂൾ ഓഫ് ആര്‍ക്കിടെക്ചർ ആൻഡ് ഡിസൈന്റെയും സംയുക്താഭിമുഖ്യത്തിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.

സാമൂഹികപുരോഗതിക്ക് പൊതുസ്വകാര്യഇടങ്ങളെ പുനര്‍വീക്ഷണത്തിനും വിചിന്തനങ്ങള്‍ക്കും വിധേയമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഈ ആശയോത്സവത്തില്‍ കാലികപ്രസക്തമായ നിരവധി വിഷയങ്ങള്‍ ഇടംപിടിക്കുന്നു. മൂന്ന് വേദികളിലായി നാല് ദിവസം നടക്കുന്ന സംവാദങ്ങളിൽ നിരവധി പ്രഗത്ഭരും അണിചേരുന്നു സാഹിത്യം, സിനിമ, രാഷ്ട്രീയം, ചരിത്രം, ഡിസൈൻ, വാസ്തു, കല, തത്വചിന്ത, ആര്‍ക്കിടെക്ചര്‍, സമൂഹം, തുടങ്ങി വിവിധ വിഷയങ്ങളില്‍ ഒരേ സമയം മൂന്ന് വേദികളിലായി നൂറിലേറെ സംവാദങ്ങൾക്ക് 'സ്‌പേസസ് ഫെസ്റ്റിവൽ' വേദിയാകും.

പ്രമുഖ സംഗീതജ്ഞൻ ടി എം കൃഷ്ണ അവതരിപ്പിക്കുന്ന സംഗീതവിരുന്ന്, തകര ബാൻഡിന്റെ റോക്ക് ഷോ, എം.ടി വാസുദേവൻ നായരുടെ ജീവിതവും കൃതികളും കോർത്തിണക്കി പ്രശാന്ത് നാരായണൻ അണിയിച്ചൊരുക്കിയ 'മഹാസാഗരം' നാടകം, കലാശ്രീ രാമചന്ദ്ര പുലവറും സംഘവും അവതരിപ്പിക്കുന്ന തോൽപ്പാവക്കൂത്ത് എന്നിവയും ഇതോടൊപ്പം അരങ്ങേറും. പ്രശസ്ത ചിത്രകാരനും ബിനാലെ സംഘാടകനുമായ റിയാസ് കോമുവിന്റെ പുസ്തക ഇൻസ്റ്റലേഷനും പ്രശസ്ത സംവിധായകൻ ഷാജി എൻ. കരുൺ ക്യുറേറ്റ് ചെയ്യുന്ന ചലച്ചിത്രോത്സവവും ഫെസ്റ്റിവലിൽ ഉണ്ടാവും.

ബഹിരാകാശ സഞ്ചാരി രാകേഷ് ശർമ, ടി.എം.കൃഷ്ണ, മാധവ് ഗാഡ്ഗിൽ, പ്രകാശ് രാജ്, പദ്മപ്രിയ, ജയാ ജയ്റ്റ്ലി, പ്രശസ്ത ആർക്കിടെക്ട് ബി.വി. ദോഷി, വികാസ് ദിലവരി, ശശി തരൂർ, ഇറാ ത്രിവേദി, സാറാ ജോസഫ്, എൻ.എസ്. മാധവൻ, അടൂർ ഗോപാലകൃഷ്ണൻ, ശ്രീലങ്കൻ ആർക്കിടെക്ട് പലിൻഡ കണ്ണങ്കര, ഡീൻ ഡിക്രൂസ്, റസൂൽ പൂക്കുട്ടി, സത്യപ്രകാശ് വാരാണസി, നീലം മംഞ്ജുംനാഥ്, ബോസ് കൃഷ്ണമാചാരി, സുനിൽ പി.ഇളയിടം, സണ്ണി എം. കപിക്കാട്, കെ.ആർ. മീര, തുടങ്ങി നിരവധി പ്രമുഖർ സെഷനുകളിൽ പങ്കെടുക്കും. മുഖാമുഖങ്ങൾ, പ്രഭാഷണങ്ങൾ, പ്രദർശനങ്ങൾ, വർക്ക്ഷോപ്പുകൾ, പരമ്പരാഗത തൊഴിൽവിദഗ്ധരുടെ അനുഭവാഖ്യാനങ്ങൾ എന്നിവയും സ്‌പേസസ് ഉത്സവത്തിലുണ്ടാവും.

കവി സച്ചിദാനന്ദനാണ് ഫെസ്റ്റിവൽ ഡയറക്ടർ. ആർക്കിടെക്റ്റ് ടി.എം. സിറിയക്കാണ് ഫെസ്റ്റിവൽ ക്യുറേറ്റർ.