തിരുവനന്തപുരം: പ്രോജക്‌റ്ര് 'വേണ്ട"യുടെ 'നിങ്ങൾ അറിയേണ്ട, നിങ്ങളുടെ കൊച്ചി" പുസ്‌തകത്തിന്റെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സാമൂഹിക സംഘടനയായ ഫോർത്ത് വേവ് ഫൗണ്ടേഷന്റെ കീഴിൽ, കൗമാരക്കാർക്കിടയിൽ ലഹരിക്കെതിരെ പ്രവർത്തിക്കുന്ന പ്രോജക്‌റ്ര് 'വേണ്ട" (സേ നോ ടു ഡ്രഗ്‌സ്) പദ്ധതിയുടെ ഭാഗമാണ് പുസ്‌തകം.
പ്രോജക്‌ട് 'വേണ്ട"യുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന കൂട്ടായ്മകളുടെ സഹായത്താൽ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയ കുട്ടികളുടെ ജീവിതകഥകളുടെ സമാഹാരമാണ് ഈ പുസ്‌തകം. ഇംഗ്ളണ്ടിലെ കാർഡിഫിൽ നടന്ന വേൾഡ് ഹോംലെസ് ഫുട്‌ബാൾ മത്സരത്തിൽ രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത ചെല്ലാനത്തെ യുവാക്കളായ അലൻ സോളമൻ, തോമസ് മെയ്‌ജോ എന്നിവർക്ക് നൽകിയാണ് മുഖ്യമന്ത്രി പുസ്‌തകം പ്രകാശനം ചെയ്‌തത്.
സെപ്‌തംബർ 25 മുതൽ 27വരെ കൊച്ചിയിൽ നടക്കുന്ന ആർഫാഡ് - 2019 (ഏഷ്യൻ റീജിയണൽ ഫോറം എഗൈൻസ്‌റ്റ് ഡ്രഗ്‌സ്) സമ്മേളനത്തിന് മുന്നോടിയായാണ് പുസ്‌തകം പ്രകാശനം ചെയ്‌തത്. 40 രാജ്യങ്ങളിൽ നിന്നായി 120 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ചടങ്ങിൽ ഫോർത്ത് വേവ് ഫൗണ്ടേഷൻ - പ്രോജക്‌റ്ര് 'വേണ്ട" ഡയറക്‌ടർ സി.സി. ജോസഫ്, കാറ്റലിസ്‌റ്റുകളായ പി.എസ്. ജിജിൻ, സെബാസ്‌റ്റ്യൻ ടിജോയി എന്നിവർ സംബന്ധിച്ചു.