france

ബ്രസീലിയ: ആഴ്ചകളായി ആമസോൺ മഴക്കാടുകളിൽ തുടരുന്ന കാട്ടുതീ അണയ്ക്കാൻ ജി 7 രാജ്യങ്ങളുടെ സഹായം ആവശ്യമില്ലെന്ന് ബ്രസീൽ. പണം വേണ്ടെന്നും വിദേശശക്തികൾ ആമസോണിന്റെ കാര്യത്തിൽ ഉത്കണ്ഠാകുലരാകേണ്ടെന്നും ബ്രസീൽ മന്ത്രിസഭായോഗം വ്യക്തമാക്കി.

കഴിഞ്ഞദിവസം ഫ്രാൻസിൽ നടന്ന ജി 7 രാജ്യങ്ങളുടെ ഉച്ചകോടിയിലാണ് ആതിഥേയനായ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ കാട്ടു തീ അണയ്ക്കാൻ സഹായധനം പ്രഖ്യാപിച്ചത്.

എന്നാൽ സ്വന്തം രാജ്യത്തെയും കോളനികളെയും സംരക്ഷിക്കുന്നതിൽ ശ്രദ്ധ ചെലുത്താൻ ഫ്രഞ്ച് പ്രസിഡന്റിനോട് ബ്രസീൽ ആവശ്യപ്പെട്ടു.

'സഹായസന്നദ്ധത ഞങ്ങൾ അംഗീകരിക്കുന്നു. പക്ഷേ ബ്രസീലിനെക്കാൾ യൂറോപ്പിലെ വനനശീകരണത്തിന് ഊന്നൽ നൽകുന്നതാണുത്തമം.' പ്രസിഡന്റ് ജൈർ ബോൽസൊനാരോയുടെ ഓഫീസ് അറിയിച്ചു. മുഖ്യ ഉദ്യോഗസ്ഥൻ ഒനിക്സ് ലോറൻസോണിയാണ് പ്രസിഡന്റിന്റെ നിലപാട് വ്യക്തമാക്കിയത്.

സ്വന്തം രാജ്യത്തിനുള്ളിലെ ദേവാലയത്തിൽ മുൻകൂട്ടി തടയാമായിരുന്ന അഗ്നിബാധയെ പ്രതിരോധിക്കാൻ പോലും സാധിക്കാതിരുന്ന മാക്രോൺ ബ്രസീലിനെ ഏതു വിധത്തിലാണ് സഹായിക്കുക എന്നും ചോദിച്ചു. ഏപ്രിലിൽ നോത്രദാം ദേവാലയത്തിലുണ്ടായ അഗ്നിബാധയെ സൂചിപ്പിച്ചാണ് ലോറൻസോണി മാക്രോണിനെ പരിഹസിച്ചത്.

കാട്ടുതീ തടയാൻ 20 മില്യൺ ഡോളറാണ് ജി 7 വാഗ്ദാനം ചെയ്തതത്. ഈ ധനസഹായം ബ്രസീലിയൻ പരിസ്ഥിതി മന്ത്രി റിക്കാർഡോ സാൽസ് നേരത്തേ സ്വാഗതം ചെയ്തിരുന്നു. എന്നാൽ പ്രസിഡന്റും മറ്റു മന്ത്രിമാരുമായി നടത്തിയ അടിയന്തരയോഗത്തിന് ശേഷം കാര്യങ്ങൾ മാറി മറിഞ്ഞു.

ഫ്രാൻസിന്റെ സഹായം നിരസിച്ചതിനെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിൽ അസ്വാരസ്യം ഉടലെടുത്തിരിക്കുകയാണ്. ആമസോൺ കാട്ടുതീ അന്താരാഷ്ട്ര പ്രശ്നമാണെന്ന് മാക്രോൺ ട്വീറ്റ് ചെയ്തതോടെ മാക്രോണിന് സാമ്രാജ്യത്വ മനോഭാവമാണെന്ന് ബോൽസൊനാരോ ആരോപിച്ചു.