കിളിച്ചുണ്ടൻ മാമ്പഴം, യാത്രയ്ക്കാരുടെ ശ്രദ്ധയ്ക്ക് എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് സൗന്ദര്യ. സൗത്ത് ഇന്ത്യൻ സിനിമയിൽ തിളങ്ങി നിന്നിരുന്ന സമയത്താണ് സൗന്ദര്യ കൊല്ലപ്പെട്ടത്. 2004ൽ നടന്ന വിമാനാപകടത്തിൽ സഹോദരനും സൗന്ദര്യയും കൊല്ലപ്പെടുകയായിരുന്നു. എന്നാൽ ഇപ്പോൾ തമിഴ് സംവിധായകൻ ആർ വി ഉദയകുമാറിന്റെ വെളിപ്പെടുത്തലാണ് ഇപ്പോൾ ചർച്ചയാകുന്നത്.
സൗന്ദര്യയെ ആദ്യമായി സിനിമയിലെത്തിച്ചത് താനാണെന്ന് ഉദയകുമാർ പറയുന്നു. 'അണ്ണൻ എന്നാണ് ആദ്യം സൗന്ദര്യ എന്നെ വിളിച്ചിരുന്നത്. ആദ്യമൊക്കെ എനിക്കത് ഇഷ്ടമല്ലായിരുന്നു. മറ്റുള്ളവരുടെ മുൻപിൽ സാർ എന്നു വിളിച്ചാൽ മതി എന്ന് പറയുമായിരുന്നു. എന്നാൽ പിന്നീട് ഞാനവളെ സഹോദരിയായി കണ്ടുതുടങ്ങി. എന്നെ അണ്ണാ എന്നു തന്നെ വിളിക്കുകയും ചെയ്തു. എന്നോട് പ്രത്യേക ആദരവും സ്‌നേഹവും ഉണ്ടായിരുന്നു. അവർ എന്ന കല്യാണത്തിന് ക്ഷണിച്ചിരുന്നു. ചില തിരക്കായതിനാൽ എനിക്ക് പോകാൻ സാധിച്ചിരുന്നില്ല. ചന്ദ്രമുഖിയുടെ കന്നഡ റീമേക്കിൽ സൗന്ദര്യ അഭിനയിച്ചിരുന്നു. സിനിമ കഴിഞ്ഞ് അവൾ എന്നെ വിളിച്ചു. ഇതെന്റെ അവസാന ചിത്രമായിരിക്കും, ഇനി അഭിനയിക്കുന്നുണ്ടാവില്ല, രണ്ടു മാസം ഗർഭിണിയാണെന്നു പറഞ്ഞു. എന്നോടും ഭാര്യയോടും അന്ന് ഫോണിൽ ഒരു മണിക്കൂറോളം സംസാരിച്ചു-. ഉദയകുമാർ പറഞ്ഞു.
എന്നാൽ അടുത്ത ദിസവം ടിവി കണ്ടപ്പോഴാണ് സൗന്ദര്യ അപകടത്തിൽ പെട്ട വാർത്ത കണ്ടത്. അതറിഞ്ഞ് ഞെട്ടി. അവർ ക്ഷണിച്ച ഒരു ചടങ്ങിനും എനിക്കു പോകാൻ കഴിഞ്ഞിട്ടില്ല. പിന്നീട് അവരുടെ സംസ്‌കാരച്ചടങ്ങിനാണ് ഞാൻ പോകുന്നത്. ഞാൻ അവരുടെ വീട്ടിൽ പോയി. ഭംഗിയുള്ള അവരുടെ വീട് കണ്ടു. വീടിനകത്ത് പ്രവേശിച്ചപ്പോൾ എന്റെ വലിയൊരു ചിത്രം ചുമരിൽ തൂക്കിയിട്ടിരിക്കുന്നത് കണ്ട് കരച്ചിലടക്കാനായില്ല'', ഉദയകുമാർ കൂട്ടിച്ചേർത്തു. തണ്ടഗൻ എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.