news

1. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിച്ച് നിലപാടെടുത്ത ശശി തരൂര്‍ എം.പിയോട് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വിശദീകരണം തേടി. ഇങ്ങനെ ഒരു നിലപാട് എടുക്കാന്‍ കാരണം എന്താണെന്നും അതു പാര്‍ട്ടിഫോറത്തില്‍ പറയുന്നതിന് പകരം പരസ്യമാക്കിയത് എന്തു കൊണ്ടാണെന്നും തരൂര്‍ വിശദീകരിക്കണം. ശശി തരൂരിന്റെ മോദി സ്തുതി പാര്‍ട്ടിയുടെ അന്തസിനും അച്ചടക്കത്തിനും നിരക്കാത്തത് എന്ന് കെ.പി.സി.സി പ്രസിഡന്‍്റ് ചൂണ്ടിക്കാട്ടി. തരൂരിന്റെ വിശദീകരണം ആവശ്യപ്പെട്ടത് പാര്‍ട്ടി പ്രസിഡന്റ് കണ്ണൂര്‍ വിമാനത്താവളത്തില്‍ വച്ച് രാഹുല്‍ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള നിലപാട് കോണ്‍ഗ്രസ് അധ്യക്ഷ രാജീവ് ഗാന്ധിയുടെ 75ാം ജന്മദിനത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ ഒരിക്കല്‍കൂടി വ്യക്തമാക്കിയിരുന്നു. രാജ്യം ഇത്രയും വലിയ തകര്‍ച്ചയില്‍ക്കൂടി കടന്നുപോകുമ്പോള്‍ അതിനു കാരണക്കാരനായ പ്രധാനമന്ത്രിയെ ശശി തരൂര്‍ ്യായീകരിച്ചത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്.
2. കഴിഞ്ഞ 16ാം ലോക്സഭയില്‍ പ്രതിപക്ഷത്തിരുന്നു നരേന്ദ്ര മോദിയെ അതിരൂക്ഷമായി വിമര്‍ശിച്ച ചരിത്രമാണ് തരൂരിനുള്ളത്. അന്ന് അദ്ദേഹത്തോടൊപ്പം സഭയിലുണ്ടായിരുന്ന താന്‍ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇപ്പോഴുള്ള തരൂരിന്റെ നിലപാട് മാറ്റത്തില്‍ ലക്ഷക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വേദനയും പ്രതിഷേധവുമുണ്ട്. ഇത് പാര്‍ട്ടിക്ക് ഒട്ടും ഗുണം ചെയ്യുന്ന നിലപാട് അല്ല. ശശി തരൂര്‍ അടിയന്തിരമായി വിശദീകരണം നല്‍കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
3 മോദി സ്തുതി പാര്‍ട്ടിയില്‍ പുകയുന്ന പശ്ചാത്തലത്തില്‍ മറുപടിയുമായി ശശി തരൂര്‍ രംഗത്ത്. മോദി സ്തുതി നടത്തി എന്ന രീതിയില്‍ തന്റെ പ്രസ്താവനകള്‍ വളച്ചൊടിച്ചു. താന്‍ മോദിയുടെ കടുത്ത വിമര്‍ശകന്‍. മോദി സര്‍ക്കാരിനെ ഏറ്റവും കൂടുതല്‍ എതിര്‍ത്തിട്ടുള്ളത് താന്‍ ആണെന്ന് ശശി തരൂര്‍ വ്യക്തമാക്കി.പ്രതികരണം, തരൂരിന് എതിരെ കേരളത്തിലെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കടുത്ത വിമര്‍ശനം ഉന്നയിച്ച് രംഗത്ത് എത്തിയതിന് പിന്നാലെ. ട്വിറ്ററിലൂടെ ആയിരുന്നു വിമര്‍ശനങ്ങള്‍ക്ക് ഉള്ള് തരൂരിന്റെ മറുപടി.
4 കെ. മുരളീധരന് എതിരെയും ശശി തരൂര്‍ ആഞ്ഞടിച്ചു. മുരളീധരന്‍ കോണ്‍ഗ്രസില്‍ തിരിച്ച് എത്തിയിട്ട് 8 വര്‍ഷമേ ആയുള്ളൂ. അതിന് മുന്‍പ് മുരളി കോണ്‍ഗ്രസിനെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുക ആയിരുന്നു എന്നും ശശി തരൂരിന്റെ ചൂണ്ടിക്കാട്ടല്‍. എല്ലാ സമയത്തും മോദിയെ വിമര്‍ശിക്കേണ്ടത് ഇല്ലെന്നും അദ്ദേഹം നല്ല കാര്യങ്ങള്‍ ചെയ്താല്‍ പ്രശംസിക്കാന്‍ മടിക്കേണ്ടതില്ല എന്നും ആയിരുന്നു തരൂരിന്റെ വിവാദ പ്രസ്താവന.


5 സഭാ തര്‍ക്കത്തില്‍ സമവായ ചര്‍ച്ചയ്ക്കുള്ള സര്‍ക്കാര്‍ ക്ഷണം ഓര്‍ത്തഡോക്സ് സഭ നിരസിച്ചു. ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് സമവായ ചര്‍ച്ചയ്ക്കു ക്ഷണിച്ചു കത്തു നല്‍കിയത്. മലങ്കര സഭാ തര്‍ക്ക കേസില്‍ 1934ലെ ഭരണഘടന ഹാജരാക്കണം എന്ന സര്‍ക്കാര്‍ ഉത്തരവിന് എതിരെ ഓര്‍ത്തഡോക്സ് സഭ സുപ്രീം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് ചര്‍ച്ചയ്ക്കുള്ള സര്‍ക്കാര്‍ ക്ഷണം സഭ നിരസിച്ചത്. സര്‍ക്കാരിന്റെ ആവശ്യം കടുത്ത കോടതി അലക്ഷ്യ ആണെന്ന് ചൂണ്ടികാട്ടി ആണ് സഭ കോടതിയെ സമീപിക്കുന്നത്. 1934ലെ ഭരണഘടന ഹാജരാക്കണം എന്ന സര്‍ക്കാര്‍ ഉത്തരവ് അംഗീകരിക്കാന്‍ ആവില്ലെന്നും ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് സഭ കത്തു നല്‍കി. പള്ളി തര്‍ക്കത്തില്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലം ആയിരുന്നു സുപ്രീംകോടതി വിധി.
6 എന്നാല്‍ പ്രശ്നം പരിഹരിക്കാന്‍ സമവായ ചര്‍ച്ചയ്ക്ക് ആയുള്ള ശ്രമം ആണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. സര്‍ക്കാരിന്റെ നീക്കങ്ങള്‍ സുപ്രീംകോടതി വിധിയുടെ ലംഘനമാണ്. തങ്ങള്‍ക്ക് അനുകൂലമായ വിധി നടപ്പാക്കുക ആണ് ഇനി സര്‍ക്കാര്‍ ചെയ്യേണ്ടത് എന്ന് സഭ കത്തില്‍ പറയുന്നു. 1934 ലെ ഭരണഘടന സുപ്രീംകോടതി നേരത്തെ പരിശോധിച്ചതാണ്. ഈ സാഹചര്യത്തില്‍ വീണ്ടും ഭരണഘടന ഹാജരാക്കണം എന്ന സര്‍ക്കാര്‍ ഉത്തരവ് നീതി യുക്തമല്ലെന്നും സഭ അറിയിച്ചു.
7 തിരുവനന്തപുരം ലോ കോളേജില്‍ എസ്.എഫ്.ഐ- കെ.എസ്.യു സംഘര്‍ഷത്തില്‍ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണു ഉള്‍പ്പെടെ ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ 2 കെ.എസ്.യു പ്രവര്‍ത്തകരെ മ്യൂസിയം പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇന്നലെ വൈകുന്നേരം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ആയ അബാദ് മുഹമ്മദിനെ രണ്ട് കെ.എസ്.യു പ്രവര്‍ത്തകര്‍ തടഞ്ഞു നിറുത്തി സംസാരിച്ചിരുന്നു. ഇതില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഇടപ്പെട്ടതിനെ തുടര്‍ന്ന് ഇരു വിഭാഗങ്ങളും തമ്മില്‍ തര്‍ക്കം ഉണ്ടായി.
8 ഇതിനെ തുടര്‍ന്ന് ഇന്ന് രാവിലെ ഡിപ്പാര്‍ട്ട്‌മെന്റ് യോഗത്തിനിടെ കെ.എസ്.യു പ്രവര്‍ത്തകര്‍ എത്തി എസ്.എഫ്.ഐ പ്രവര്‍ത്തകരെ മര്‍ദ്ദിക്കുക ആയിരുന്നു. ക്യാമ്പസിനകത്ത് നിന്ന് ഒരു കാര്‍ പൊലീസ് പിടിച്ചെടുത്തു. കാറിനുള്ളില്‍ നിന്ന് ഹോക്കി സ്റ്റിക്കുകളും മദ്യക്കുപ്പിയും കണ്ടെടുത്തിട്ടുണ്ട്. കോളേജില്‍ സംഘര്‍ഷം നടക്കുന്ന വിവരം പ്രിന്‍സിപ്പാളോ മറ്റ് അദ്ധ്യാപകരോ വിളിച്ച് അറിയിച്ചില്ലെന്ന് പൊലീസ്. അതേസമയം, റാഗിങ്ങുമായി ബന്ധപ്പെട്ട പരാതി ഇന്ന് രാവിലെ ആണ് ലഭിച്ചതെന്ന് കോളേജ് പ്രിന്‍സിപ്പാള്‍ ബിജുകുമാര്‍ പറഞ്ഞു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് വന്‍ പൊലീസ് സന്നാഹമാണ് കോളേജില്‍ വിന്യസിച്ച് ഇരിക്കുന്നത്.