ഇസ്ലാമാബാദ്: ജമ്മു കാശ്മീർ വിഷയത്തിൽ പാക് പ്രധാനമന്ത്രി ഇമ്രാൻഖാനെതിരെ രൂക്ഷ വമിർശനവുമായി പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി നേതാവ് ബിലാവൽ ഭൂട്ടോ. പാക് അധിനിവേശ കാശ്മീരിനെ സംരക്ഷിക്കാനുള്ള ശേഷി പോലും ഇമ്രാൻ ഖാനില്ലെന്ന് ബിലാവൽ ആഞ്ഞടിച്ചു. നേരത്തെ കശ്മീരിനെ സംബന്ധിച്ച പാക് നയം എങ്ങനെ ശ്രീനഗറിനെ പിടിച്ചടക്കാം എന്നായിരുന്നെങ്കിൽ ഇന്ന് അത് മുസാഫർപൂരിനെ എങ്ങനെ സംരക്ഷിക്കാം എന്നാണെന്നും ബിലാവൽ പരിഹസിച്ചു. ഞായറാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇമ്രാൻഖാനെതിരെ ആഞ്ഞടിച്ചത്.
മുൻപ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ മകൻ കൂടിയാണ് ബിലാവൽ ഭൂട്ടോ.ഇമ്രാൻഖാന്റെ പാർട്ടിയായ തെഹരീ ഇ ഇൻസാഫ് പ്രതിപക്ഷ പാർട്ടിയെപ്പോലാണ് പ്രവർത്തിക്കുന്നതെന്നും അവർ പക്വത പ്രകടിപ്പിക്കണമെന്നും ബിലാവൽ പറഞ്ഞു.
പാക് മുൻ പ്രസിഡന്റ് കൂടിയായ തന്റെ പിതാവ് ആസിഫ് അലി സർദാരിയെ വധിക്കാൻ ഇമ്രാൻ സർക്കാർ ശ്രമിച്ചുവെന്നും ബിലാവൽ ആരോപിച്ചു. പിതാവിന് ഡോക്ടർമാർ നിർദ്ദേശിച്ച ചികിത്സകള്‍ ലഭ്യമാക്കുന്നത് തടയുകയാണെന്നും ബിലാവൽ പറയുന്നു.