ന്യൂഡൽഹി: കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം കരകയറാനാകാതെ നിരവധി പ്രശ്നങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ് കോൺഗ്രസ്. പാർട്ടി അദ്ധ്യക്ഷ സ്ഥാനം സംബന്ധിച്ചും നിരവധി വിവാദങ്ങളുണ്ടായി. മാത്രമല്ല കാശ്മീർ വിഷയമുമായി ബന്ധപ്പെട്ടും കേന്ദ്ര സർക്കാരിനെതിരെ ശക്തമായ ഒരു പ്രതിഷേധമുയർത്താൻ പോലും കോൺഗ്രസിനായില്ല. എന്നാൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വ്യക്തപരമായി ആക്രമിച്ചുകൊണ്ട് മുന്നോട്ട് പോകാൻ കഴിയില്ലെന്ന് വ്യക്തമാക്കി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു.
മൃഗീയമായ ഭൂരിപക്ഷത്തിലാണ് രണ്ടാം തവണയും എൻ.ഡി.എ സർക്കാർ അധികാരത്തിലെത്തിയത്. അതുകൊണ്ട് തന്നെ ബി.ജെ.പിയെ പരിഗണിക്കേണ്ട സമയമാണിതെന്ന് വ്യക്തമാക്കി കർണ്ണാടകയിൽ നിന്നുള്ള രാജ്യസഭാ എം.പിയും മുൻ കേന്ദ്രമന്ത്രിയുമായ ജയറാം രമേശ് രംഗത്തെത്തിയിരുന്നു. തുടർന്ന് ജയറാം രമേശിന്റെ പ്രസ്താവനയെ പിന്തുണച്ചുകൊണ്ട് കോൺഗ്രസ് എം.പി ശശി തരൂരും പിന്നാലെയെത്തി. മോദിയെ ക്രൂരനായി ചിത്രീകരിക്കുന്നത് തെറ്റാണെന്ന് വാദിച്ച് അഭിഷേക് മനു സിങ്‌വിയും വ്യക്തമാക്കിയിരുന്നു.
മാത്രമല്ല കാശ്മീർ വിഷയത്തിലും കേന്ദ്രസർക്കാർ നിലപാടിനെ ചില കോൺഗ്രസ് നേതാക്കൾ അനുകൂലിച്ചിരുന്നു. ജ്യോതിരാദിത്യ സിന്ധ്യ, ഭൂപിന്ദര്‍ സിംഗ് ഹൂഡ, ദീപീന്ദർ ഹൂഡ, കുല്‍ദീപ് ബിഷ്‌നോയി തുടങ്ങിയ നേതാക്കളാണ് കേന്ദ്രസർക്കാരിനെ പിന്തുണച്ചത്. എന്നാൽ മോദി അനുകൂല പ്രസ്താവനകളും കേന്ദ്രത്തിന് പിന്തുണ നൽകുന്ന പ്രവണതയും കോൺഗ്രസിന്റെ തന്ത്രമാണെന്നാണ് ചില വിഭാഗങ്ങളിൽ നിന്ന് ഉയരുന്നത്. കോൺഗ്രസ് ലക്ഷ്യം വയ്ക്കുന്നത് ബി.ജെ.പി അനുകൂല വോട്ടർമാരെയാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. പാർട്ടിക്കുള്ളിൽ പ്രത്യയശാസ്ത്രപരമായി ഭിന്നതകൾ രൂപപ്പെട്ടെന്ന വാദങ്ങളും ഉയരുന്നുണ്ട്.
മോദിയെ എപ്പോഴും വിമർശിക്കുന്നത് പ്രധാനമന്ത്രിക്ക് ജനകീയത വർദ്ധിക്കാൻ കാരണമാകുന്നു. തിരഞ്ഞെടുപ്പ് സമയങ്ങളിൽ കോൺഗ്രസ് ഉയർത്തിയ 'ചൗക്കിദാർ ചോർഹെ' എന്ന മുദ്രാവാക്യം മോദിക്കും ബി.ജെ.പിക്കും അനുകൂലമാവുകയാണ് ചെയ്തത്. യു.പി.എ ഭരണകാലഘട്ടം മുതൽബി.ജെ.പിയിലേക്ക് പോയ വോട്ടർമാരെ പാർട്ടിയിലേക്ക് എത്തിക്കാനാണ് കോൺഗ്രസിന്റെ നീക്കം. ബി.ജെ.പി വോട്ടർമാരെ സ്വാധീനിച്ചാൽ മാത്രമെ കോൺഗ്രസിന് തിരിച്ചുവരാനാവുവെന്ന് ശശി തരൂരും വ്യക്തമാക്കിയിരുന്നു. സമകാലിക വിഷയങ്ങളായ മുത്തലാഖ്, കശ്മീര്‍ വിഭജനം, തുടങ്ങിയ കാര്യങ്ങളിൽ മോദിയെ കടന്നാക്രമാക്കുന്നത് ഹിന്ദുക്കൾക്കെതിരെയുള്ള നീക്കമാവുമെന്ന് തെറ്റിദ്ധരിക്കുമെന്നും കോൺഗ്രസ് നേതാക്കൾ പറയുന്നു.