ന്യൂഡൽഹി : ചരിത്രത്തിലാദ്യമായി ലോക ബാഡ്മിന്റൺ കിരീടം നേടിയ ഇന്ത്യൻ താരം പി.വി. സിന്ധുവിനെ അഭിനന്ദനങ്ങൾ കൊണ്ട് മൂടി പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വിറ്റ്‌സർലൻഡിലെ ബാസലിൽ നിന്ന് സ്വർണ മെഡലുമായി തിരിച്ചെത്തിയ സിന്ധു ഇന്നലെ പ്രധാനമന്ത്രിയെ സന്ദർശിച്ചു. ഇന്ത്യയുടെ അഭിമാനമാണ് സിന്ധുവെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി വരുന്ന ഒളിമ്പിക്സിലും സ്വർണം നേടാൻ കഴിയട്ടെ എന്നും ആശംസിച്ചു.
ദേശീയ ബാഡ്മിന്റൺ കോച്ച് പുല്ലേല ഗോപിചന്ദ്, പേഴ്സണൽ കോച്ച് കിം ജി ഹ്യൂൻ, പിതാവും മുൻ ഇന്ത്യൻ വോളിബാൾ താരവുമായ വി.വി. രമണ എന്നിവർക്കൊപ്പമാണ് സിന്ധു പ്രധാനമന്ത്രിയെ കാണാനെത്തിയത്.
ഇന്നലെ കേന്ദ്ര കായിക മന്ത്രി കിരൺ റിജിജുവിനെയും സിന്ധു സന്ദർശിച്ചിരുന്നു. ബാഡ്മിന്റൺ അസോസിയേഷൻ ഒഫ് ഇന്ത്യ പ്രസിഡന്റ് ഹിമാന്ത ബിശ്വാസ് ശർമ്മ, കേന്ദ്ര കായിക സെക്രട്ടറി രാധേ ശ്യാം ജുലാനിയ, സ്പോർട്സ് അതോറിട്ടി ഒഫ് ഇന്ത്യ ഡയറക്ടർ ജനറൽ സന്ദീപ് പ്രധാൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. മന്ത്രി സിന്ധുവിന് 10 ലക്ഷം രൂപയുടെ ചെക്കും സമ്മാനിച്ചു.