k-muraleedharan

കൊച്ചി: മോദിയെ പ്രകീർത്തിച്ച് പ്രസ്താവന നടത്തിയ ശശി തരൂരിനെതിരെ കെ. മുരളീധരൻ രംഗത്ത്. മോദി സ്തുതി ഇതേപലെ തുടരുകയാണെങ്കിൽ എം.പിയായ ശശി തരൂരിനെ ബഹിഷ്‌കരിക്കുമെന്ന് കെ മുരളീധരൻ പറഞ്ഞു. തന്നോട് ബി.ജെ.പിയിൽ ചേരാൻ പറഞ്ഞ മുരളീധരൻ പാർട്ടിയില്‍ തിരിച്ചെത്തിയിട്ട് എട്ട് വർഷം മാത്രമേ ആയിട്ടുള്ളുവെന്ന് തരൂർ പറഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് മുരളീധരന്റെ പ്രതികരണം.

തന്റെ പാരമ്പര്യം ചോദ്യം ചെയ്യാന്‍ തരൂർ ആയിട്ടില്ല. തരൂർ കേരളത്തെ മനസ്സിലാക്കാന്‍ തുടങ്ങിയിട്ട് എട്ട് വർഷമേ ആയിട്ടുള്ളൂ. അതുകൊണ്ടാണ് തന്റെ കോൺഗ്രസ് പാരമ്പര്യത്തെ മനസ്സിലാക്കാത്തത്. കരുണാകരന്റെ കുടുംബം സംഘികളുമായി ഒരു ധാരണയും ഉണ്ടാക്കിയിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു. അതേ സമയം പ്രസ്‌താവന തിരുത്താത്തതിൽ ശശി തരൂർ എം.പിയോട് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വിശദീകരണം തേടി. അടിയന്തരമായി വിശദീകരണം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

തരൂരിന്റേത് പാർട്ടിക്ക് ഗുണം ചെയ്യുന്ന നിലപാടല്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ അന്തസിനും അച്ചടക്കത്തിനും നിരക്കാത്ത നടപടിയാണ് ശശി തരൂരിന്റെ ഭാഗത്തു നിന്ന് ഉണ്ടായതെന്നും കെ.പി.സി.സി അദ്ധ്യക്ഷൻ കുറ്റപ്പെടുത്തി.