my-home-

വീട്ടിൽ ദുർഗന്ധമുണ്ടെന്ന് തോന്നിയാൽ എയർ ഫ്രഷ്നർ എടുത്ത് സ്പ്രേ ചെയ്യുന്നവരാണ് നമ്മളെല്ലാവരും. എന്നാൽ

വിലകൂടിയ എയർ ഫ്രഷ്‌നറുകൾക്ക് പകരം ചെലവുകുറഞ്ഞ പ്രകൃതിദത്തമായ എയർ ഫ്രഷ്നറുകൾ വീട്ടിൽ തന്നെ നമുക്ക് നിർമ്മിക്കാനാകും.

രണ്ടുകപ്പ് വെള്ളത്തിൽ മുക്കാൽകപ്പ് ബേക്കിങ് സോഡ ചേര്‍ക്കുക. ഇതിലേക്ക് അരകപ്പ് നാരങ്ങാനീരും ചേർക്കുക. ഇനി ഈ മിശ്രിതം ഒരു സ്‌പ്രേ ബോട്ടിലിലേക്ക് മാറ്റി നന്നായി കുലുക്കിയതിനു ശേഷം ദുർഗന്ധം തോന്നുന്ന ഭാഗങ്ങളിൽ സ്‌പ്രേ ചെയ്യാവുന്നതാണ്.

ഷൂവിനുള്ളിലും ഫ്രിഡ്ജിലും നിന്നുമുള്ള ദുർഗന്ധം അകറ്റാൻ എന്തുചെയ്യുമെന്ന് ആലോചിക്കുന്നവർക്കും വീട്ടിൽതന്നെ പരിഹാരം കാണാനാകും. ഷൂ ഊരിക്കഴിഞ്ഞാലും കാലുകളിൽ ദുർഗന്ധം അവശേഷിക്കും. ഇതില്ലാതാക്കാൻ ഓരോ ഷൂവിനുള്ളിലും ഏതാനും ടീബാഗുകൾ നിറച്ച് നനവില്ലാത്ത ഭാഗത്ത് സൂക്ഷിച്ചാൽ മതിയാകും. ഇരുപത്തിനാലു മണിക്കൂറിനു ശേഷം മാറ്റുമ്പോഴേക്കും ദുർഗന്ധം ഒഴിവാകും. ഷൂവിനുള്ളിലെ നനവിൽ ബാക്ടീരിയ കലരുമ്പോഴാണ് ദുർഗന്ധം ഉണ്ടാകുന്നത്. ടീബാഗ് വെക്കുന്നതു വഴി ഈർപ്പം വലിച്ചെടുക്കുകയും അസുഖകരമായ ഗന്ധം പോവുകയും ചെയ്യും.

പഴങ്ങളും പച്ചക്കറികളും ബാക്കിയായ ഭക്ഷണസാധനങ്ങളുമൊക്കെ സൂക്ഷിക്കുന്ന ഫ്രിഡ്ജിലെ ദുർഗന്ധം നീക്കംചെയ്യാൻ ഒരു ബൗളിൽ അല്പം കാപ്പിപ്പൊടി എടുത്ത് ഫ്രിഡ്ജിൽ വയ്ക്കാം. ഇരുപത്തിനാലുമണിക്കൂറിനു ശേഷം ഇത് നീക്കം ചെയ്യണം. കാറിനുള്ളിലെ അസുഖകരമായ ഗന്ധം നീക്കം ചെയ്യാനും ഇതുപകരിക്കും. ഒരു പാത്രമെടുത്ത് അതിൽ കാപ്പിപ്പൊടി വച്ചതിനുശേഷം തുളകളിട്ട മൂടി കൊണ്ട് അടച്ച് വണ്ടിയിൽ വെച്ചാൽമതി.