local-news-

അഞ്ചൽ : അഞ്ചൽ സാമൂഹികാരോഗ്യകേന്ദ്രത്തിലെ സിവിൽ സർജനും ആശുപത്രി സൂപ്രണ്ടുമായ ഡോ. എസ്. സജീവിനെ സ്ഥലം മാറ്റിയതിനെതിരെ ജീവനക്കാരുടെ പ്രതിഷേധം. ഡോക്ടറെ മാനദണ്ഡങ്ങൾ ലംഘിച്ച് സ്ഥലംമാറ്റിയെന്നാരോപിച്ചാണ് ജീവനക്കാർ പ്രതിഷേധിച്ചത്. ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർ കറുത്ത ബാഡ്ജ് ധരിച്ചാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്.

അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ കീഴിലുള്ള ആശുപത്രിയിലെ ലാബ് ടെക്നിഷ്യൻന്മാരുടെ നിയമനത്തിൽ റാങ്ക് ലിസ്റ്റിൽ താഴെഉള്ളവരെ നിയമിക്കാനുള്ള ബ്ലോക്ക് പഞ്ചായത്തിന്റ ശ്രമം സൂപ്രണ്ട് ഡോ. സജീവ് എതിർത്തിരുന്നതായി പ്രതിഷേധിച്ചവർ ആരോപിച്ചു. ഇതിന് പിന്നാലെയാണ് സൂപ്രണ്ടിനെ സ്ഥലം മാറ്റിയതായി ആരോഗ്യവകുപ്പിന്റെ ഉത്തരവ് വന്നത്. നടപടി പിൻവലിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് ജീവനക്കാർ പറഞ്ഞു.

ആത്മാർത്ഥമായി ജോലി ചെയ്യുന്ന ഡോക്ടർമാരുടെ മനോവീര്യം കെടുത്തുന്ന നടപടിയാണ് ഡോ.സജീവിന്റെ സ്ഥലംമാറ്റമെന്നും ആവശ്യമെങ്കിൽ നിയമനടപടി ഉൾപ്പെടെ സ്വീകരിക്കുന്ന കാര്യം ആലോചിക്കുമെന്നും കെ.ജി.എം.ഒ.എ കൊല്ലം ജില്ലാ പ്രസിഡന്റ് ഡോ. അജയകുമാർ അറിയിച്ചു.