amit-shah

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ അടുത്ത ലക്ഷ്യം ഇടത് തീവ്രവാദികളെ ഒതുക്കലാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ സൂചന നൽകി. മോദി സർക്കാർ അധികാരത്തിലേറിയതോടെ നിർണായകമായ തീരുമാനങ്ങളാണ് കെെക്കൊണ്ടത്. മുത്തലാഖ്-കാശ്മീർ വിഷയങ്ങളിൽ സ്വീകരിച്ച നിലപാടുകൾ ഇതിന് ഉദാഹരണമാണ്. അതേസമയം,​ ഇടത് തീവ്രവാദികളെ ഒതുക്കലാണ് കേന്ദ്ര സർക്കാരിന്റെ അടുത്ത ലക്ഷ്യം എന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്രമോദി വിഭാവനം ചെയ്യുന്ന പുതിയ ഇന്ത്യയിൽ ഇടതുതീവ്രവാദത്തിനു സ്ഥാനമില്ലെന്ന് ഷാ പറഞ്ഞു. രാജ്യത്തെ ഇടതുതീവ്രവാദ പ്രവർത്തനങ്ങൾ വിലയിരുത്താനായി ചേർന്ന ഉന്നതതലയോഗത്തിലായിരുന്നു ആഭ്യന്തരമന്ത്രിയുടെ പരാമർശം.

2009 നും 2013 നുമിടെ 8782 മാവോവാദി ആക്രമണങ്ങൾ രാജ്യത്ത് നടന്നുവെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. 2014 നും 2018നുമിടെ ഇത് 4969 ആയി കുറഞ്ഞു. മാവോവാദി ആക്രമണങ്ങളിൽ 43.4 ശതമാനമാണ് കുറവുണ്ടായത്. 2009 - 13ൽ സുരക്ഷാ സൈനികരടക്കം 3326 പേർക്ക് മാവോവാദി ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ടു. എന്നാൽ,​ 2014 -18 കാലത്ത് 1321 പേർ മാത്രമാണ് മരിച്ചത്.

മരണങ്ങൾ 60.4 ശതമാനം കുറഞ്ഞു. ശക്തമായ നടപടികളുടെ ഫലമായി അടുത്തിടെ മാവോവാദി ആക്രമണങ്ങൾ വൻ തോതിൽ കുറഞ്ഞുവെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഡി യോഗത്തിൽ അവകാശപ്പെട്ടു. ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിലെ ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന വ്യവസ്ഥകൾ റദ്ദാക്കിയതിന തൊട്ടുമുമ്പും അമിത് ഷാ കാശ്മീർ സന്ദർശിച്ച് സുരക്ഷാ സംവിധാനങ്ങളുടെ പുരോഗതി വിലയിരുത്തിയിരുന്നു.

‘‘അവികസിതമേഖലയിൽ വികസനം തടയുകയാണ് ഇടതു തീവ്രവാദികളുടെ ലക്ഷ്യം. ജനങ്ങളെ അജ്ഞരാക്കി നിലനിറുത്തി തെറ്റായ വഴിയിലൂടെ നയിക്കുകയാണവരുടെ ഉദ്ദേശ്യം. പുതിയ ഇന്ത്യയിൽ എല്ലായിടത്തും ഒരുപോലെ വികസനമെത്തിക്കുന്നതിന് അവരെ ഉന്മൂലനം ചെയ്യേണ്ടിയിരിക്കുന്നു’’-ഷാ പറഞ്ഞു.

അവികസിത മേഖലകളിൽ ആധിപത്യം സ്ഥാപിച്ചിട്ടുള്ള മാവോവാദികളുടെ നഗരങ്ങളിലെ അനുയായികളാണ് അർബൻ നക്‌സലുകൾ എന്നാണ് ആർ.എസ്.എസ്.വാദം. നാഗരിക നക്‌സൽവാദത്തിനെതിരെ ബി.ജെ.പി.-ആർ.എസ്.എസ്. നേതാക്കൾ അടുത്തിടെ കടുത്ത വിമർശനമുയർത്തിയിരുന്നു. ഏകീകൃത ഭാരതീയ സമൂഹം രൂപപ്പെടുത്തുന്നതിനൊരു തടസം ഇടതുതീവ്രവാദത്തിലധിഷ്ഠിതമായ മാവോവാദമാണെന്നുമാണ് ബി.ജെ.പി ആർ.എസ്.എസ് നിലപാട്.

ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഡി, ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല, ഐ.ബി മേധാവി അരവിന്ദ് കുമാർ, അർദ്ധ സൈനിക വിഭാഗങ്ങളുടെ ഡയറക്ടർ ജനറൽമാർ തുടങ്ങിയവരും എത്തിയിരുന്നു. മാവോവാദികൾക്കെതിരെ സംസ്ഥാനങ്ങൾ സ്വീകരിച്ചുവരുന്ന നീക്കങ്ങളുടെ പുരോഗതി അമിത് ഷാ നേരിട്ട് വിലയിരുത്തി. മാവോവാദികളെ ഉന്മൂലനം ചെയ്യാനുള്ള തീരുമാനത്തെ എല്ലാ മുഖ്യമന്ത്രിമാരും പിന്തുണച്ചു. ഛത്തീസ്ഗഢ്, ജാർഖണ്ഡ്, ഒഡീഷ, പശ്ചിമബംഗാൾ, ബിഹാർ, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രാപ്രദേശ്, മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നീ മാവോവാദി സാന്നിധ്യം ശക്തമായ പത്ത് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും പോലീസ് മേധാവികളും യോഗത്തിന് എത്തിയിരുന്നു.