പ്രജീഷ് ഗിയർ ചേഞ്ചു ചെയ്തു.
പഴയ കാർ ഒന്നിരമ്പി. പിന്നെ കൊടും വളവുകൾ തിരിഞ്ഞ് കയറ്റം കയറിത്തുടങ്ങി.
പൊടുന്നനെ മിന്നൽ പോലെ ഒരു ചിന്ത ചന്ദ്രകലയുടെ മനസ്സിലെത്തി.
ഇവിടെയായിരുന്നു പാഞ്ചാലിയുടെ അച്ഛന്റെ മരണം...!
തന്റെ ആദ്യ ഭർത്താവിന്റെ...
അവ്യക്തമായ ഒരു ഭീതി തന്റെ മനസ്സിനെ വലയം ചെയ്യുന്നത് അവൾ അറിഞ്ഞു.
പക്ഷേ അതവൾ പുറത്തു കാണിച്ചില്ല.
പ്രജീഷ് കാറിലെ സ്റ്റീരിയോ വോളിയം കുറച്ചുവച്ചു.
ചില ഭാഗത്ത് നിബിഢ വനങ്ങളും മുളം കാടുകളുമായി.
ചീവീടുകളുടെ കർണ്ണ കഠോരമായ ശബ്ദം.
മൈസൂർ, ഊട്ടി ഭാഗങ്ങളിലേക്കു പോയ ചില ടൂറിസ്റ്റു ബസ്സുകൾ ഇടയ്ക്കിടെ എതിരെ വന്നുകൊണ്ടിരുന്നു.
കർണാടകയിൽ നിന്നുള്ള ചരക്കു ലോറികളും.
ചുരത്തിന്റെ ഏതാണ്ട് മദ്ധ്യഭാഗത്തോളം കാർ എത്തി.
റോഡിൽ കൂട്ടംകൂട്ടമായി ഇരിക്കുന്ന കുരങ്ങുകൾ.
പ്രതീക്ഷയോടെ അവ കാറിലേക്കു നോക്കുന്നുണ്ട്. ടൂറിസ്റ്റുകൾ കുരങ്ങുകൾക്കു തീറ്റ കൊടുക്കാറുണ്ട്.
അടുത്ത നിമിഷം കാർ ഒന്നു പാളി.
''ശ്ശേ..." പ്രജീഷ് ആയാസപ്പെട്ട് കാർ ഇടത്തേക്കു ചേർത്തൊതുക്കി. താഴെ അഗാധമായ ഗർത്തം.
പവർ സ്റ്റീയറിംഗ് അല്ലാത്ത കാറാണ്.
''എന്തുപറ്റി പ്രജീഷ്?"
ചന്ദ്രകല അയാളെ തുറിച്ചുനോക്കി.
''നോക്കട്ടെ..."
പ്രജീഷ് ഡോർ തുറന്നിറങ്ങി.
അയാൾ ഞെട്ടലോടെ കണ്ടു...
കാറിന്റെ ഇടതുഭാഗത്തെ രണ്ട് ടയറുകളും പഞ്ചർ!
ചൂളം വിളിക്കുന്നതുപോലെ കാറ്റ് പൊയ്‌ക്കൊണ്ടിരിക്കുന്നു.
അയാൾ പെട്ടെന്ന് മറുഭാഗം ശ്രദ്ധിച്ചു.
അവിടുത്തെ ടയറുകളിലെയും കാറ്റ് പൊയ്‌ക്കൊണ്ടിരിക്കുന്നു!
നാല് ടയറുകളും ഒരേ സമയം... കാർ മെല്ലെ വീൽ ഡിസ്‌കിലേക്ക് അമരുന്നു.
ഭീതി ഒരു തീജ്വാല പോലെ പ്രജീഷിനെ പൊതിഞ്ഞു.
അയാൾ റോഡിലൂടെ അല്പദൂരം പിന്നിലേക്കു നടന്നു.
തറയിൽ കിടന്നിരുന്ന ചില സാധനങ്ങൾ പെറുക്കിയെടുത്തു.
തുരുമ്പു പിടിച്ച മൂന്നു മുനകളുള്ള ഇരുമ്പു സാധനം.
അള്ള്!
പ്രജീഷിന്റെ നട്ടെല്ല് വിറച്ചു.
ഇതിനകം ചന്ദ്രകലയും ഇറങ്ങിവന്നു.
''കാറെങ്ങനാ പഞ്ചറായത്?"
അയാൾ കയ്യിലിരുന്ന അള്ള് അവളെ കാണിച്ചു.
ചന്ദ്രകല വിളറി.
ചുരം കയറി വന്ന ഒരു ബൈക്കുധാരി തൊട്ടരുകിൽ ബ്രേക്കിട്ടു.
ഹെൽമറ്റിന്റെ അല്പഭാഗം മുകളിലേക്കുയർത്തി.
''എന്താ?"
പ്രജീഷ്, ടയറുകൾക്കു നേരെ കൈ ചൂണ്ടി.
''പഞ്ചർ." അയാൾ അള്ള് കാണിച്ചുകൊടുത്തു. ഇത് ആരോ വിതറിയതാ..."
ബൈക്കിനു പിന്നാലെ കയറ്റം കയറി വന്ന കർണാടക രജിസ്ട്രേഷനുള്ള ഒരു കാറും അവിടെ നിർത്തി. അതിൽ നിന്ന് മൂന്നു പുരുഷന്മാർ ഇറങ്ങി.
മാന്യമായി വസ്ത്രധാരണം ചെയ്തവർ.
വിവരമറിഞ്ഞ് അവരും മൂക്കത്തു വിരൽ വച്ചു.
''നാലു ടയറുകളും പഞ്ചറായ സ്ഥിതിക്ക് ഇനി എങ്ങനെ പോകും? പഞ്ചർകട ഈ ഭാഗത്തൊന്നുമില്ല. ഒന്നുകിൽ അടിവാരത്തു പോകണം. അല്ലെങ്കിൽ മുകളിൽ."
ഒരാൾ അറിയിച്ചു.
ചന്ദ്രകലയും പ്രജീഷും പരസ്പരം നോക്കി.
കാറിനുള്ളിൽ അത്രയും പണം ഇരിക്കുന്നതാണു പ്രശ്നം.
''ഒരു കാര്യം ചെയ്യ്." ബൈക്കിൽ വന്നയാൾ നിർദ്ദേശിച്ചു:
''നിങ്ങൾ എന്റെ കൂടെ കയറിക്കോ. മുകളിൽ ഏതെങ്കിലും വർക്ക്‌ഷോപ്പുകാരന്റെ അടുത്തു കൊണ്ടുവിടാം. അവിടെ നിന്ന് ആളെ കൂട്ടിപ്പോരെ." അയാൾ പ്രജീഷിനെ നോക്കി.
പക്ഷേ പ്രജീഷ് മടിച്ചു.
അത്രയും പണവും ചന്ദ്രകലയെയും അവിടെ ഒറ്റയ്ക്കു നിർത്തുന്നതെങ്ങനെ?
അയാളുടെ മുഖഭാവം കണ്ട കാറിൽ വന്നവർ അറിയിച്ചു.
''അല്ലെങ്കിൽ ഈ കാർ ഇവിടെ കിടക്കട്ടെ. അത്യാവശ്യ സാധനങ്ങൾ ഉണ്ടെങ്കിൽ അതും എടുത്ത് ഞങ്ങളുടെ വണ്ടിയിൽ കയറിക്കോ."
ഈ പഴയ കാർ കൊണ്ടുപോകുന്നതിനേക്കാൾ നല്ലത് അതാണെന്നു തോന്നി പ്രജീഷിനും ചന്ദ്രകലയ്ക്കും.
എത്രയും വേഗം പണം ഇവിടെ നിന്നു മാറ്റണം.
അവർ സ്വകാര്യമായി സംസാരിച്ചു.
''അതാ പ്രജീഷേ നല്ലത്."
ചന്ദ്രകല പറഞ്ഞു.
പ്രജീഷ് വേഗം കാറിന്റെ പിൻസീറ്റിൽ നിന്ന് പത്തുകോടി രൂപ അടങ്ങിയ പെട്ടി പുറത്തെടുത്ത് പിന്നെ കാർ ലോക്കു ചെയ്തു.
ഗൂഢല്ലൂരിൽ നിന്ന് ഒരു ടാക്സി വിളിച്ചുകൊണ്ടുവന്നിട്ട് ബാക്കി സാധനങ്ങൾ എടുക്കാം എന്നു കരുതി.
കാറിൽ വന്നവരിൽ ഒരാൾ ഡിക്കി തുറന്നുകൊടുത്തു.
പ്രജീഷ് ആയാസപ്പെട്ട് ആ പെട്ടി അതിനുള്ളിൽ വച്ചു.
ഹെൽമറ്റ് ധാരി പെട്ടെന്ന് ബൈക്കു വിട്ടു പോയി.
''നീ കയറ്."
കാറിന്റെ ഡോർ തുറന്ന് പ്രജീഷ് ചന്ദ്രകലയെ ക്ഷണിച്ചു.
അടുത്ത നിമിഷം പടക്കം പൊട്ടുന്ന ഒരടിയൊച്ച.
വട്ടം കറങ്ങി പ്രജീഷ് റോഡിൽ വീഴുന്നതാണ് ചന്ദ്രകല കണ്ടത്!
''ഏയ്...." അവൾ എന്തോ പറയുവാൻ ഭാവിച്ചു.
അതിനുമുൻപ് മറ്റു മൂന്നുപേരും കാറിൽ ചാടിക്കയറി.
അത് പാഞ്ഞുപോയി.
(തുടരും)