''പ്രജീഷേ.. നമ്മുടെ പണം..."
ചന്ദ്രകല അലറിക്കരഞ്ഞു.
പ്രജീഷ് റോഡിൽ നിന്ന് കുതിച്ചെണീറ്റു. അയാളുടെ കവിളിൽ എല്ലു പൊട്ടിയതു പോലുള്ള വേദന അനുഭവപ്പെട്ടു.
കാറിനു പിന്നാലെ അയാൾ ഓടി.
''എടാ നിർത്തെടാ... ഞങ്ങടെ പെട്ടി താടാ..."
കാർ തൊട്ടുമുന്നിലെ വളവിൽ മറയുന്നതാണു കണ്ടത്. പ്രജീഷ് അതിന്റെ നമ്പർ നോട്ടുചെയ്യാൻ ശ്രമിച്ചു.
കഴിഞ്ഞില്ല..
ആ കാറിന് മുന്നിൽ മാത്രമേ നമ്പർ പ്ളെയിറ്റ് ഉണ്ടായിരുന്നുള്ളൂ!
''ഈശ്വരാ..."
തലയിൽ കൈവച്ചുകൊണ്ട് പ്രജീഷ് റോഡിൽ കുത്തിയിരുന്നു.
''എല്ലാം പോയല്ലോ പ്രജീഷേ..."
ചന്ദ്രകല നിലവിളിച്ചുകൊണ്ട് അയാൾക്കരുകിൽ ഓടിയെത്തി.
അയാൾ പെട്ടെന്ന് ഫോൺ എടുത്തു പോലീസിന്റെ എമർജൻസി നമ്പരായ 112 ലേക്ക് വിളിക്കുവാൻ ഭാവിച്ചു.
കഴിഞ്ഞില്ല. ആ ഭാഗത്ത് മൊബൈൽ റേഞ്ച് ഉണ്ടായിരുന്നില്ല.
പ്രജീഷും ചന്ദ്രകലയും തളർന്നു. ഇരുവരും അവിടെയിരുന്നു.
പെട്ടെന്നൊരു ലോറി കയറ്റം കയറി വന്നു. പ്രജീഷ് റോഡിനു നടുവിലേക്കു ചാടി. കൈകൾ ഉയർത്തി വീശി.
''നിർത്ത്.. നിർത്തിക്കേ..."
ഡ്രൈവർ ലോറി നിർത്തി. ക്ളീനർ പുറത്തേക്കു തല നീട്ടി.
''എന്താ?"
''ഞങ്ങളുടെ പെട്ടി തട്ടിയെടുത്ത് ചിലർ കാറിൽ രക്ഷപെട്ടു. സഹായിക്കണം... ഞങ്ങളെക്കൂടി കൊണ്ടുപോകണം..."
''ശരി കയറിക്കോ."
ക്ളീനറുടെ കണ്ണുകൾ ചന്ദ്രകലയുടെ കത്തുന്ന സൗന്ദര്യത്തിലായിരുന്നു. അയാൾ ഡോർ തുറന്നു കൊടുത്തു.
പ്രജീഷ് ആദ്യം കയറി. ശേഷം ചന്ദ്രയെ കൈ പിടിച്ചുകയറ്റി.
''വേഗം വിട് ചേട്ടാ.. " ഡ്രൈവറെ നോക്കി പ്രജീഷ് യാചിച്ചു.
ഡ്രൈവർ ഗിയർ ലിവർ തട്ടി. ഒരു കുലുക്കത്തോടെ ലോറി മുന്നോട്ടു ചാടും പോലെ നീങ്ങി...
** *** ****
എം.എൽ.എ ശ്രീനിവാസ കിടാവ് അപ്പോൾ അനുജൻ ശേഖര കിടാവിന്റെ അരുകിൽ ഉണ്ടായിരുന്നു.
ഹോസ്പിറ്റൽ വിട്ട് ശേഖരൻ വീട്ടിൽ വന്നതേയുള്ളു.
എന്നാലും എന്നെ കുത്തിയത് ആരാണെന്ന് പോലീസിനു കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. അല്ലേ ചേട്ടാ?"
''ഇല്ലെന്ന ഭാവത്തിൽ ശ്രീനിവാസ കിടാവ് തല വെട്ടിച്ചു.
''ആ ഭാഗത്ത് സിസിടിവിയെന്നും ഉണ്ടായിരുന്നില്ല. മാത്രമല്ല ജനത്തിരക്കും."
''ഒന്നെനിക്ക് ഉറപ്പാ..." ശേഖരൻ തീർത്തു പറഞ്ഞു. ''ആരോ നമ്മളെ ടാർജറ്റ് ചെയ്തിട്ടുണ്ട്. ശത്രുപക്ഷത്തുള്ളവരോ അതല്ലെങ്കിൽ കൂടെ നടന്നുകൊണ്ട് സ്നേഹം അഭിനയിക്കുന്നവരോ."
അക്കാര്യത്തിൽ ശേഖരനു സംശയമില്ല...
ശ്രീനിവാസ കിടാവ് എന്തോ പറയുവാൻ ഭാവിക്കുകയായിരുന്നു. അടുത്ത നിമിഷം സെൽഫോൺ ഇരമ്പി.
അയാൾ അതെടുത്തു നോക്കി. കണ്ണുകളിൽ ആകാംക്ഷ തിങ്ങി.
''എന്തായെടാ?"
ശബ്ദം താഴ്‌ത്തി തിരക്കി.
''സക്‌സസ്."
''എങ്കിൽ എല്ലാം പറഞ്ഞതുപോലെ.""
കിടാവ് കാൾ മുറിച്ചു.
ശേഖരന്റെ ചുണ്ടിലും ഒരു ചിരി മിന്നി.
''കാര്യം നടന്നു. അല്ലേ?"
''പിന്നല്ലാതെ..."
ശേഖരന്റെ ഭാര്യയോ മക്കളോ അവിടേക്കു വരുന്നുണ്ടോ എന്നറിയാൻ ശ്രീനിവാസ കിടാവ് ചുറ്റും നോക്കി. ശേഷം ചുണ്ടനക്കി.
''എന്താണെന്ന് അറിയത്തില്ല ശേഖരാ. കയ്യിലിരിക്കുന്ന കാശ് മറ്റൊരാൾ കൊണ്ടുപോകുന്നത് എനിക്കിഷ്ടമല്ല. ഒന്നോ രണ്ടോ അല്ലല്ലോ.. പത്തുകോടി രൂപ! മാത്രമല്ല അവനോ അവളോ അദ്ധ്വാനിച്ചുണ്ടാക്കിയതല്ലല്ലോ. തമ്പുരാനെ ചതിച്ചു കിട്ടിയതല്ലേ?"
ശേഖരൻ പുഞ്ചിരിച്ചു.
ശ്രീനിവാസ കിടാവും.
''എങ്കിലും ഇനി ബാക്കി നാൽപ്പതു കോടി കൊടുക്കണ്ടേ?" ശേഖരൻ സംശയിച്ചു.
''അഞ്ചു പൈസ കൊടുക്കത്തില്ല ഞാൻ. ആറുമാസമുണ്ട് നമ്മുടെ മുന്നിൽ. ദൈവം സഹായിച്ച് അത്രയും കാലം അവനും അവളും ജീവിച്ചിരിക്കും എന്ന് എന്താണുറപ്പ്? ഇന്നു കാണുന്നവനെ നാളെയും കാണണമെന്ന് നിയമമൊന്നുമില്ലല്ലോ..."
ആ വാക്കുകളിൽ ഒളിഞ്ഞിരുന്ന അർത്ഥം ശേഖരനു മനസ്സിലായി.
*** *** ****
ലോറി ഗൂഢല്ലൂർ അടുക്കാറായി. ഡ്രൈവർ തലതിരിച്ച് ക്യാബിനിൽ ഇരിക്കുന്ന പ്രജീഷിനെയും ചന്ദ്രകലയെയും നോക്കി.
''അവർ കൊണ്ടുപോയ പെട്ടിയിൽ പണമായിരുന്നു. അല്ലേ?"
''എങ്ങനെ മനസ്സിലായി?" പ്രജീഷ് നെറ്റിചുളിച്ചു.
''അല്ലെങ്കിൽ നിങ്ങൾ ഇത്രയും പരിഭ്രമിക്കില്ലല്ലോ.. സ്വന്തം അച്ഛനെയും അമ്മയെയും ആരെങ്കിലും കൊണ്ടുപോയാൽ പോലും ഇക്കാലത്ത് ആരും ഇത്രയും വേവലാതി കാണിക്കില്ലല്ലോ?"
ആ ഡ്രൈവറുടെ കരണം അടിച്ചു പുകയ്ക്കാൻ തോന്നിയതാണ് പ്രജീഷിന്.
പക്ഷേ മിണ്ടിയില്ല.
''അതാ ആ കാറല്ലേ?"
പൊടുന്നനെ ചന്ദ്രകല മുന്നിലേക്കു കൈ ചൂണ്ടി.
പ്രജീഷും കണ്ടു..
റോഡ് സൈഡിൽ പാർക്കു ചെയ്തിരിക്കുന്ന മാരുതി സ്വിഫ്‌റ്റ്.
''അതു തന്നാ. വണ്ടി നിർത്ത്..."
ലോറി ഡ്രൈവർ കാറിനരുകിൽ ബ്രേക്കിട്ടു. പറക്കും പോലെ പ്രജീഷ് പുറത്തേക്കു ചാടി.,
(തുടരും)