കൊച്ചി : കേന്ദ്രഭരണപ്രദേശമായ പോണ്ടിച്ചേരിയിൽ താമസിക്കുന്നതായി രേഖയുണ്ടാക്കി ആഢംബരവാഹനം രജിസ്റ്റർ ചെയ്തുവെന്ന മലയാളി സിനിമാതാരങ്ങൾക്കെതിരെയുള്ള ക്രൈം ബ്രാഞ്ച് അന്വേഷത്തിൽ വഴിത്തിരിവ്. സിനിമാതാരങ്ങളായ അമല പോൾ,ഫഹദ് ഫാസിൽ, സുരേഷ് ഗോപി തുടങ്ങിയ പ്രശസ്ത താരങ്ങൾക്കെതിരെയാണ് ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നത്. എന്നാൽ ഇതിൽ അമല പോളിനും ഫഹദ് ഫാസിലിനുമെതിരെയുള്ള കേസ് പിൻവലിക്കാനാണ് ഇപ്പോൾ നീക്കം. ഇതു സംബന്ധിച്ച് ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകി.
പുതുച്ചേരിയിലെ തിലാസപ്പെട്ടിൽ വാടകയ്ക്കു താമസിച്ചെന്ന വ്യാജരേഖ ഉപയോഗിച്ചാണ് അമലാ പോൾ തന്റെ ബെൻസ് കാർ റജിസ്റ്റർ ചെയ്തതെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. എന്നാൽ ഈ കേസ് കേരളത്തിൽ നിലനിൽക്കുക ഇല്ലെന്നാണ് ക്രൈംബ്രാഞ്ച് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഈ കേസ് സംബന്ധിച്ച് നടപടി എടുക്കുന്നതിനായി പോണ്ടിച്ചേരി ഗതാഗത വകുപ്പിന് കത്തു നൽകിയതായും കോടതിയെ ക്രൈം ബ്രാഞ്ച് അറിയിച്ചിട്ടുണ്ട്. അതേ സമയം തെറ്റ് ബോദ്ധ്യമായി പിഴയടച്ചതോടെയാണ് ഫഹദ് ഫാസിലിനെ കേസിൽ നിന്നും ഒഴിവാക്കാൻ തീരുമാനിച്ചത്. പത്തൊൻപത് ലക്ഷമാണ് ഫഹദ് പിഴയായി ഒടുക്കിയത്. ഡീലർമാരാണ് വാഹനം എത്തിച്ചതെന്നാണ് പൊലീസിന് മുന്നിൽ ഫഹദ് നൽകിയിരുന്ന മൊഴി. എന്നാൽ സുരേഷ് ഗോപിക്കെതിരായ കേസ് അന്വേഷണം തുടരാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.
പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്ത വാഹനം അമല പോൾ കേരളത്തിൽ കൊണ്ടുവന്ന് ഉപയോഗിച്ചിട്ടില്ലെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഒരു കോടി പന്ത്രണ്ട് ലക്ഷത്തിനടുത്ത് വിലവരുന്ന ബെൻസ് എ ക്ലാസ് കാറാണ് പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേരളത്തിൽ ഈ കാർ രജിസ്റ്റർ ചെയ്യണമായിരുന്നെങ്കിൽ ഇരുപത് ലക്ഷത്തോളം നികുതി നൽകണമായിരുന്നു. എന്നാൽ പോണ്ടിച്ചേരിയിൽ വെറും ഒന്നേകാൽ ലക്ഷത്തിന് രജിസ്റ്റർ ചെയ്യാനായി അടയ്‌ക്കേണ്ടി വന്നുള്ളു. ഏറെ നാളായി പോണ്ടിച്ചേരിയിലാണ് അമല പോൾ താമസിക്കുന്നത്. എന്നാൽ വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത് വ്യാജമായുണ്ടാക്കിയ രേഖയിലൂടെയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.