ബംഗളൂരു: മറ്റൊരു നാഴികകല്ലു കൂടി പിന്നിട്ട് ഇന്ത്യയുടെ സ്വപ്‌ന പദ്ധതിയായ ചന്ദ്രയാൻ-2. മൂന്നാം ഭ്രമണപഥ മാറ്റവും വിജയകരമായി പൂർത്തീകരിച്ചു കൊണ്ടാണ് ചന്ദ്രയാൻ ഐ.എസ്.ആർ.ഒയുടെ അഭിമാനമുയർത്തിയത്. ഇന്ന് രാവിലെ 9:04നാണ് ചന്ദ്രയാന്റെ മൂന്നാം ഭ്രമണപഥ മാറ്റം ആരംഭിച്ചത്. തുടർന്ന് വെറും 11:90 സെക്കന്റുകൾ കൊണ്ട് ഇത് പൂർത്തിയാക്കുകയായിരുന്നു. ഭ്രമണ പഥം മാറ്റിയതോടെ പേടകത്തിന്റെ ചന്ദ്രനിൽ നിന്നുള്ള കുറഞ്ഞ ദുരം 179 കിലോമീറ്ററും കൂടിയ ദൂരം 1412 കിലോമീറ്ററും ആയിട്ടുണ്ട്. പേടകത്തിലുള്ള എഞ്ചിനുകൾ ജ്വലിപ്പിച്ചാണ് ഭ്രമണപഥം താഴ്‌ത്തിയത്.
മറ്റന്നാളാണ് അടുത്ത ഭ്രമണപഥമാറ്റം. വൈകിട്ട് ആറുമണിക്കും ഏഴുമണിക്കും ഇടയ്‌ക്കായിരിക്കും ഇത് നടക്കുക. സെപ്തംബർ രണ്ടിന് വിക്രം ലാൻഡറും ഓർബിറ്ററും വേർപിരിയും. സെപ്തംബർ ഏഴിന് ചന്ദ്രയാൻ 2 ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തും.
ചന്ദ്രയാൻ–2 പകർത്തിയ പുതിയ ചിത്രങ്ങൾ കഴിഞ്ഞ ദിവസം ഇസ്രോ പുറത്തുവിട്ടു. ഛിന്നഗ്രഹങ്ങൾ, ഉൽക്കകൾ പതിച്ചുണ്ടായ ചന്ദ്രോപരിതലത്തിലെ ഗർത്തങ്ങളുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. പേടകത്തിലെ ടെറൈൻ മാപ്പിംഗ് ക്യാമറയാണ് (ടി.എം.സി 2) ചിത്രങ്ങൾ പകർത്തിയത്. ചന്ദ്രന്റെ ഉപരിതലത്തിൽ നിന്ന് 4,375 കിലോമീറ്റർ അകലെനിന്നുള്ളവയാണ് ചിത്രങ്ങൾ. ജാക്സൻ, മിത്ര, മാക്, കെറേലേവ്, പ്ലാസ്‌കെറ്റ്, റോസ്‌ദെസ്‌റ്റെവെൻസ്‌കി, സോമർഫെൽഡ്, കിർക്വുഡ്, ഹെർമൈറ്റ് തുടങ്ങിയ ഗർത്തങ്ങളാണ് ചിത്രത്തിൽ കാണുന്നത്. ഇക്കാര്യം ഇസ്രോ ട്വീറ്റ് ചെയ്ത ചിത്രത്തിൽ പ്രത്യേകം രേഖപ്പെടുത്തിയിരുന്നു.