ന്യൂഡൽഹി: ഉത്തർപ്രദേശിൽ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മുൻ കേന്ദ്രന്ത്രിയും എം.പിയുമായ സ്വാമി ചിന്മയാനന്ദിന്റെപേരിൽ കേസെടുത്തു. തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് ഇദ്ദേഹത്തിനുമേൽ ചുമത്തിയിരിക്കുന്നത്. യുവതിയുടെ അച്ഛൻ നൽകിയ പരാതിയിലാണ് നടപടി. 23കാരിയായ വിദ്യാർത്ഥിനിയെ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കാണാതായത്. അതേസമയം, താൻ പഠിക്കുന്ന കോളേജിലെ ഉന്നതന്റെ പീഡനത്തിൽ നിന്നും തന്നെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് യുവതി ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.
കോളേജ് ഹോസ്റ്റലിൽനിന്ന് നാല്ദിവസം മുമ്പാണ് യുവതിയെ കാണാതായത്. കോളേജിലെ ഉന്നതന്റെ പീഡനത്തിൽനിന്ന് രക്ഷിക്കണമെന്ന് യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ഇവർ അഭ്യർത്ഥിക്കുന്ന വീഡിയോ ഇതിനിടെ സോഷ്യൽ മീഡിയിയൽ വ്യാപകമായി പ്രചരിച്ചിരുന്നു. “ഒട്ടേറെ പെൺകുട്ടികളുടെ ജീവിതം നശിപ്പിച്ച സന്ത് സമാജിലെ ഉന്നതൻ എന്നെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയിട്ടുണ്ട്. യോഗിജീ, മോദിജീ എന്നെ സഹായിക്കൂ. എന്റെ കുടുംബത്തെയും കൊല്ലുമെന്ന് അയാൾ ഭീഷണിപ്പെടുത്തിയിട്ടുണ്ട്... പൊലീസും ജില്ലാ മജിസ്ട്രേറ്റും തന്റെ പോക്കറ്റിലാണെന്നാണ് ആ സന്ന്യാസി പറയുന്നത്. അയാൾക്കെതിരായ എല്ലാ തെളിവുകളും എന്റെ കെെയിലുണ്ട്” -എന്നാണ് വിദ്യാർത്ഥിനി വീഡിയോയിൽ പറയുന്നത്.
കാറിലിരുന്നെടുത്ത വീഡിയോ ആഗസ്റ്റ് 24-ന് വൈകിട്ട് നാലിനാണ് യുവതി സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. പിന്നീട് യുവതിയെ കാണാതായി. വീഡിയോ കണ്ടശേഷം ചിന്മയാനന്ദിനോട് ഫോണിൽ സംസാരിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്ന് യുവതിയുടെ അച്ഛൻ പറഞ്ഞു. മകളെ തട്ടിക്കൊണ്ടുപോയെന്ന് സംശയിക്കുന്നെന്നും മകളും മറ്റുകുട്ടികളും ലൈംഗിക ചൂഷണത്തിനിരയായെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.