rahul-gandhi

ന്യൂഡൽഹി: ജമ്മുകാശ്‌മീർ വിഷയത്തിൽ ഇടപെടുന്ന പാകിസ്ഥാനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. കേന്ദ്ര സർക്കാരിനോട് തനിക്ക് പലകാര്യങ്ങളിലും വിയോജിപ്പുണ്ടെങ്കിലും ജമ്മുകാശ്മീർ വിഷയം ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമാണെന്ന് രാഹുൽ ഗാന്ധി പറ‌ഞ്ഞു. കാശ്മീരിൽ കലാപം സൃഷ്ടിക്കാനാണ് പാകിസ്ഥാൻ ശ്രമിക്കുന്നതെന്നും രാഹുൽ വ്യക്തമാക്കി. കാശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ശ്രീനഗറിലെത്തിയ രാഹുൽ അടക്കമുള്ള പ്രതിപക്ഷനേതാക്കളെ ദിവസങ്ങൾക്ക് മുമ്പ് വിമാനത്താവളത്തിൽ തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.

'കാശ്മീർ വിഷയത്തിലടക്കം സർക്കാരിനോട് തനിക്ക് പലകാര്യങ്ങളിലും വിയോജിപ്പുണ്ട്. പക്ഷേ ഒരു കാര്യം ഞാൻ വ്യക്തമാക്കുകയാണ്. കാശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്നം മാത്രമാണ്. അതിൽ പാകിസ്ഥാനോ മറ്റേതെങ്കിലും വിദേശ രാജ്യങ്ങളോ ഇടപടേണ്ടതില്ല. ജമ്മു കാശ്മീരിൽ സംഘർഷമുണ്ടെന്നത് ശരിയാണ്. ലോകത്ത് അവേശഷിക്കുന്ന ഭീകരതയ്ക്ക് പിന്തുണ നൽകുന്ന പാകിസ്ഥാന്റെ പ്രേരണയോട് കൂടിയാണ് കാശ്‌മീരിലെ ആക്രമങ്ങൾ'- രാഹുൽ ട്വിറ്ററിൽ കുറിച്ചു.

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷം ഇത് ആദ്യമായാണ് രാഹുൽ പാകിസ്ഥാനെതിരെ രൂക്ഷവിമർശനം നടത്തുന്നത്. അതേസമയം,​ കാശ്മീർ സന്ദർശനത്തിനെത്തിയ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സംഘത്തെ ശ്രീനഗർ വിമാനത്താവളത്തിൽനിന്ന് മടക്കി അയച്ചിരുന്നു. ശനിയാഴ്ച ഉച്ചയോടെ ശ്രീനഗർ വിമാനത്താവളത്തിലെത്തിയ സംഘത്തെ പുറത്തുകടക്കാൻ അനുവദിച്ചില്ല. മാത്രമല്ല, നേതാക്കൾ മാദ്ധ്യമങ്ങളെ കാണുന്നതും പൊലീസ് സംഘം തടഞ്ഞിരുന്നു.

രാഹുൽ ഗാന്ധിക്ക് പുറമേ ഗുലാംനബി ആസാദ്,സി.പി.ഐ. നേതാവ് ഡി. രാജ, മനോജ് ജാ, മജീദ് മേമൻ, ശരദ് യാദവ് തുടങ്ങിയവരും മറ്റു പ്രതിപക്ഷ കക്ഷി നേതാക്കളുമാണ് സംഘത്തിലുണ്ടായിരുന്നത്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ പശ്ചാത്തലത്തിൽ കാശ്മീരിലെ സാഹചര്യങ്ങൾ വിലയിരുത്തുകയായിരുന്നു സന്ദർശനത്തിന്റെ ലക്ഷ്യം. എന്നാൽ രാഷ്ട്രീയ നേതാക്കൾ കാശ്മീരിലേക്ക് വരരുതെന്ന് പൊലീസും ഉദ്യോഗസ്ഥരും പ്രതിപക്ഷ സംഘത്തോട് ആവശ്യപ്പെട്ടിരുന്നു.