ലിമ: ലാറ്റിനമേരിക്കൻ രാജ്യമായ പെറുവിന്റെ വടക്കൻ തീരത്തുനിന്ന് ചിമു നാഗരികകാലത്ത് (12-15 നൂറ്റാണ്ട്) ബലി നൽകപ്പെട്ട 227 കുട്ടികളുടെ മൃതദേഹ അവശിഷ്ടങ്ങൾ പുരാവസ്തു ഗവേഷകർ കണ്ടെത്തി. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബാല ബലിയാണ് ഇവിടെ നടന്നതെന്ന് ഗവേഷകർ പറഞ്ഞു.
തലസ്ഥാനമായ ലിമയുടെ വടക്കുഭാഗത്തുള്ള തീരദേശ വിനോദ സഞ്ചാര കേന്ദ്രമായ ഹുവാൻചാകോയിൽ നടത്തിയ ഖനനത്തിലാണ് കുഞ്ഞുങ്ങളുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ബലിയർപ്പിച്ച ഇത്രയും കുട്ടികളുടെ മൃതദേഹങ്ങൾ ഒരുമിച്ച് കണ്ടെത്തുന്ന ഏറ്റവും വലിയ സൈറ്റാണിതെന്ന് മുതിർന്ന പുരാവസ്തു ഗവേഷകനായ ഫെറൻ കാസ്റ്റലോ പറഞ്ഞു.
'നാല് വയസിനും പതിനാല് വയസിനും ഇടയിൽ പ്രായമുള്ള കുട്ടികളെയാണ് ചിമു സംസ്കാരത്തിലെ ദേവന്മാരെ പ്രീതിപ്പെടുത്തുന്നതിന്റെ ഭാഗമായി ബലിയർപ്പിച്ചത്. എൽനിനോ പോലുള്ള കാലവസ്ഥ പ്രതിഭാസത്തെ പ്രീതിപ്പെടുത്താനാണ് ഇവരെ ബലി നൽകിയത്. നനഞ്ഞ കാലാവസ്ഥയിലാണ് കുട്ടികൾ കൊല്ലപ്പെട്ടതെന്നാണ് സൂചന. ഇനിയും കൂടുതൽ കുട്ടികളുടെ ശരീരാവശിഷ്ടങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. കടലിനെ അഭിമുഖീകരിച്ച് കിടക്കുന്ന രീതിയിലാണ് കുട്ടികളുടെ ശരീരാവശിഷ്ടങ്ങൾ കിട്ടിയത്'-ഫെറൻ കാസ്റ്റലോ പറഞ്ഞു. കുഴിക്കുന്നിടത്തെല്ലാം കുട്ടികളുടെ ശരീര അവശിഷ്‌ടങ്ങൾ ലഭിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.