ആകാശഗംഗ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനംകവർന്ന നായികയായിരുന്നു മയൂരി. ചിത്രത്തിലെ യക്ഷിയുടെ കഥാപാത്രം ഏറെ തന്മയത്വത്തോടു കൂടിയാണ് മയൂരി അവതരിപ്പിച്ചത്. തുടർന്ന് സമ്മർ ഇൻ ബത്‌ലഹേം, ചന്ദാമാമ, പ്രേം പൂജാരി തുടങ്ങിയ സിനിമകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ മയൂരിക്ക് കഴിഞ്ഞു. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് തന്റെ ഇരുപത്തിരണ്ടാമത്തെ വയസിൽ നടി ആത്മഹത്യ ചെയ്യുകയായിരുന്നു.
എന്നാൽ മയൂരി ആത്മഹത്യ ചെയ്യാനുള്ള സാഹചര്യത്തെ പറ്റി പറയുകയാണ് നടിയും മയൂരിയുടെ സുഹൃത്തുമായിരുന്ന സംഗീത. സമ്മർ ഇൻ ബത്‌ലഹേം എന്ന ചിത്രത്തിൽ മയൂരിക്കൊപ്പം അഭിനയിച്ച ഓർമ്മകൾ കേരളകൗമുദി ആഴ്‌ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിലാണ് സംഗീത പങ്കുവച്ചത്.
സംഗീതയുടെ വാക്കുകൾ-
'സമ്മറിൽ മയൂരി ഉണ്ടായിരുന്നു. ഒരു പൊട്ടിപ്പെണ്ണായിരുന്നു അവൾ. എന്നേക്കാൾ മൂന്ന് വയസിനിളയതായിരുന്നു. മുടി കെട്ടുന്നതു പോലും എന്നോട് ചോദിച്ചിട്ടാണ്. ഷൂട്ടിംഗ് തീർന്ന് മുറിയിലെത്തിയാൽ പിന്നെ കളിപ്പാട്ടങ്ങൾക്കൊപ്പമായിരിക്കും. മയൂരി പിന്നീട് ആത്മഹത്യ ചെയ്‌തു. വ്യക്തിജീവിതവും സിനിമാ ജീവിതവും തികച്ചും വ്യത്യസ്‌തമാണ്. രണ്ടും ഒന്നിച്ചു കൊണ്ടുപോകാൻ നല്ല വഴക്കം വേണം. ആ വഴക്കം മയൂരിക്കില്ലായിരുന്നു'.
സംഗീതയുടെ അഭിമുഖത്തിന്റെ പൂർണരൂപം കേരളകൗമുദി ആഗസ്‌റ്റ് 26 ലക്കം ആഴ്‌ചപ്പതിപ്പിൽ വായിക്കാം.