ന്യൂഡൽഹി : പ്രതിപക്ഷനിരയിലെ വിള്ളൽ ഫലപ്രദമായി ഉപയോഗിച്ച് കിട്ടിയ അവസരത്തിൽ രാജ്യത്തെ എല്ലായിടത്തും പാർട്ടിയെ ശക്തമാക്കാനുള്ള പദ്ധതിയുമായി ബി.ജെ.പി. സെപ്തംബർ ഒന്നുമുതൽ രാജ്യവ്യാപകമായി ചെറുപട്ടണങ്ങളിൽ പ്രവർത്തനം വിപുലപ്പെടുത്താനാണ് ബി.ജെ.പിയുടെ നീക്കം. ജമ്മുകാശ്മീരിൽ മോദിസർക്കാർ കൈക്കൊണ്ട് നടപടികളെ കുറിച്ച് രാജ്യത്തെ ചെറുപട്ടണങ്ങളിൽ താമസിക്കുന്ന ജനങ്ങൾക്കിടയിൽ പ്രചരണം നടത്തിയാണ് പാർട്ടി പുതിയ രാഷ്ട്രീയ നീക്കത്തിന് തുടക്കമിടുന്നത്.
ജമ്മുവിലെ ഏഴു ചെറുപട്ടണങ്ങളുൾപ്പടെ രാജ്യത്തെ 370 സ്ഥലങ്ങളാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. മോദി സർക്കാർ അധികാരമേറ്റ് കേവലം നൂറുദിവസങ്ങൾക്കകം കൈക്കൊണ്ട നടപടികളെ കുറിച്ച് ജനങ്ങളെ അറിയിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കാശ്മീരിന് പ്രത്യേക അധികാരങ്ങൾ നൽകിയിരുന്ന ആർട്ടിക്കിൾ 370 പിൻവലിച്ച നടപടിയെ കുറിച്ചും ഇതിലൂടെ ഒറ്റ രാഷ്ട്രം എന്ന ലക്ഷ്യം നേടിയെടുത്തതിനെ കുറിച്ചുമാണ് പ്രചരണത്തിൽ പ്രാധാന്യം നൽകുന്നത്. കാശ്മീരിൽ ആഗസ്റ്റ് അഞ്ചിനെടുത്ത സുപ്രധാന തീരുമാനത്തിൽ പ്രതിപക്ഷ കക്ഷികളുടേതടക്കമുള്ള പിന്തുണയാണ് ലഭിച്ചതെന്നും കോൺഗ്രസിനുള്ളിലെ തന്നെ നേതാക്കൾ സർക്കാരിന് അനുകൂലമായി പ്രതികരിച്ചത് രാഷ്ട്രീയ നേട്ടമാക്കാനുമാണ് ബി.ജെ.പിയുടെ തീരുമാനം. കേന്ദ്രമന്ത്രിമാരായ ധർമ്മേന്ദ്ര പ്രധാൻ, ഗജേന്ദ്ര സിംഗ് ശെഖാവത്ത് എന്നിവരുടെ മേൽനോട്ടത്തിലാണ് കർമ്മപരിപാടികൾ തയ്യാറാക്കുന്നത്.
ഒരു ഭരണഘടന ഒരു രാജ്യം എന്ന ആശയത്തിലൂന്നിയുള്ള റാലികളിൽ ലോക്സഭയിൽ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും നടത്തിയ സംഭാഷണങ്ങൾ പ്രചരിപ്പിക്കും.