ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട പങ്കാളിയായിട്ടാണ് അമേരിക്കയെ കണക്കാക്കുന്നത്. സാമ്പത്തികവും തന്ത്രപരവുമായി ഈ ബന്ധം വളരെ ശക്തവും ദൃഢവുമാണ്. ഒട്ടനവധി സാഹചര്യങ്ങളും ഘടകങ്ങളും ഈ ബന്ധത്തിന് അനുകൂലമായുണ്ട്. ജനാധിപത്യ ഭരണരീതിയിലുള്ള വിശ്വാസം , ചൈന എന്ന പൊതുശത്രു , ഭീകരതയ്ക്കെതിരെയുള്ള സംയുക്തപോരാട്ടം, പ്രതിരോധരംഗത്തുള്ള സഹകരണം, ജനങ്ങൾ തമ്മിലുള്ള ബന്ധം, ഇന്ത്യയുടെ വൻശക്തി മോഹങ്ങൾക്ക് അമേരിക്ക നൽകുന്ന പിന്തുണ തുടങ്ങിയവ അമേരിക്ക - ഇന്ത്യ ബന്ധത്തിലെ അനുകൂല ഘടകങ്ങളാണ്. അമേരിക്കയുടെ ആഗോള താത്പര്യങ്ങളും ഇന്ത്യയുടെ പ്രാദേശിക താത്പര്യങ്ങളും പലതലങ്ങളിലും പൊതുവായിട്ടുള്ളതാണ്. എന്നാൽ പലപ്പോഴും അവിചാരിതമായ സംഭവങ്ങളും പ്രസ്താവനകളും ഇന്ത്യ- യു.എസ് ബന്ധത്തിന്റെ താളം തെറ്രിക്കാറുണ്ട്. ഇതിലെ അവസാന ഏടാണ് കാശ്മീർ വിഷയത്തിൽ മദ്ധ്യസ്ഥത വഹിക്കാമെന്നുള്ള ട്രംപിന്റെ വാഗ്ദാനവും പിന്നീടുള്ള പിന്മാറ്റവും.
ഇന്ത്യയുടെ താത്പര്യങ്ങൾ
ഇന്ത്യ- അമേരിക്ക ബന്ധത്തിൽ ഇന്ത്യയ്ക്ക് ചില അടിസ്ഥാന ദേശീയ താത്പര്യങ്ങളുണ്ട്. ഇന്ത്യയുടെ സാമ്പത്തിക പുരോഗതി , ആഭ്യന്തരവും ബാഹ്യവുമായ രാജ്യസുരക്ഷ, അതിൽ പരമപ്രധാനമായി ചൈന - പാക് അതിർത്തിയിലെ സുരക്ഷ, സുരക്ഷയ്ക്കാവശ്യമായ സൈനികബലം, ആഗോള വൻശക്തി താത്പര്യങ്ങൾ, തുടങ്ങിയവ ഇവയിൽ പ്രധാനപ്പെട്ടവയാണ്. ഈ താത്പര്യങ്ങൾ സംരക്ഷിക്കാൻ അമേരിക്കൻ ബന്ധം എത്രമാത്രം സഹായകരമാണെന്ന്, ട്രംപ് അധികാരത്തിൽ വന്നതിന് ശേഷമുള്ള ഇന്ത്യ-യു.എസ്. ഉഭയകക്ഷി ബന്ധത്തിലുണ്ടായ സംഭവവികാസങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്താം.
ട്രംപിന്റെ രീതിശാസ്ത്രം
തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഇന്ത്യയെക്കുറിച്ച് വാചാലനായിരുന്നെങ്കിലും അധികാരത്തിൽ വന്നതിന് ശേഷം ഇന്ത്യയ്ക്ക് വിരുദ്ധമായ നിലപാടാണ് ട്രംപ് സ്വീകരിച്ചിട്ടുള്ളത്. ട്രംപിന്റെ രീതിശാസ്ത്രത്തിന്റെ പ്രശ്നമാണിത്. വ്യവസായിയായ ട്രംപിന്റെ വിദേശനയത്തിന്റെ ലക്ഷ്യം ലാഭമാണ്. അമേരിക്ക ആദ്യം , അമേരിക്കയെ മഹത്തരമാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ സങ്കുചിത ലാഭേച്ഛയിൽ അധിഷ്ഠിതമാണ്. ഇറാനെതിരെയുള്ള ഉപരോധം പാരിസ്ഥിതിക കരാറിലെ പിന്മാറ്റം , ചൈനയുമായുള്ള വ്യാപാരത്തർക്കം തുടങ്ങിയവയിലെല്ലാം ഇത് പ്രതിഫലിക്കുന്നുണ്ട്. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തിലും ഈ ലാഭക്കൊതിയും സങ്കുചിത താത്പര്യവും മുഴച്ചു നിൽക്കുകയാണ്.
കോട്ടങ്ങൾ തർക്കങ്ങൾ
ട്രംപ് അധികാരത്തിൽ വന്നതിന് ശേഷം ഇന്ത്യാ - അമേരിക്ക ബന്ധം തന്ത്രപരമായ മേഖലകളിൽ ശക്തിപ്പെട്ടെങ്കിലും നിരവധി അഭിപ്രായ വ്യത്യാസങ്ങൾ നിലവിലുണ്ട്. ഇവയിൽ പ്രധാനപ്പെട്ടവയാണ് വ്യാപാരത്തർക്കങ്ങൾ, ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള ചുങ്കം , മറ്റ് രാജ്യങ്ങളിൽ നിന്ന് പടക്കോപ്പുകൾ വാങ്ങരുതെന്ന വ്യവസ്ഥ, ഇറാനെതിരെയുള്ള സാമ്പത്തിക ഉപരോധത്തിൽ പങ്കെടുക്കാനുള്ള നിർബന്ധം തുടങ്ങിയവയാണത്. എച്ച് 1 ബി വിസയിൽ ഏർപ്പെടുത്തിയിട്ടുള്ള പുതിയ നിബന്ധനകൾ ഇന്ത്യയിലെ ഐ.ടി പ്രൊഫഷണലുകളുടെ അവസരം ഇല്ലാതാക്കും. ഇന്ത്യയുടെ ശക്തിയായ മനുഷ്യവിഭവശേഷിയുടെ ആനുകൂല്യം ഇതുവഴി നമുക്ക് നഷ്ടപ്പെടുകയാണ്. നരേന്ദ്രമോദി സർക്കാരിന്റെ വിദേശനയത്തിന്റെ പ്രഥമ ലക്ഷ്യമാണ് ഇന്ത്യയുടെ സാമ്പത്തിക പുരോഗതി. 'ഇന്ത്യയിൽ നിർമ്മിക്കുക, ഡിജിറ്റൽ ഇന്ത്യ" തുടങ്ങിയ നയങ്ങളിലൂടെയാണ് സാമ്പത്തിക പുരോഗതി ലക്ഷ്യമിട്ടത്. ഇതിന് അമേരിക്ക പോലുള്ള രാജ്യങ്ങളുടെ സഹായം വളരെ അനിവാര്യമാണ് . എന്നാൽ കഴിഞ്ഞ അഞ്ച് വർഷം അമേരിക്കയിൽ നിന്ന് കാര്യമായ വിദേശനിക്ഷേപം ഇന്ത്യയ്ക്ക് ലഭിച്ചിട്ടില്ല. യഥാർത്ഥത്തിൽ ഇന്ത്യൻ വിദ്യാർത്ഥികൾ അമേരിക്കയിൽ പഠിക്കാൻ ചെലവഴിക്കുന്ന പണത്തിന്റെ പകുതി പോലും അമേരിക്ക ഇന്ത്യയിൽ നിക്ഷേപിക്കുന്നില്ല. അതായത് , ഇന്ത്യ - അമേരിക്ക ബന്ധത്തിൽ സാമ്പത്തികനേട്ടം അമേരിക്കയ്ക്കാണ്. പറയത്തക്ക ആധുനിക സാങ്കേതികവിദ്യ ഒന്നുംതന്നെ അമേരിക്ക ഇന്ത്യയ്ക്ക് കൈമാറിയിട്ടുമില്ല.
തന്ത്രപരമായ മേഖലയിൽ ഇന്ത്യയും അമേരിക്കയും തമ്മിൽ നല്ല ബന്ധമുണ്ട്. ഇതിന്റെ പ്രധാനലക്ഷ്യം ചൈന എന്ന പൊതുശത്രുവിന്റെ വളർച്ച തടയുകയാണ്. ഇതിനായി ഇൻഡോ പസഫിക്കിലും ഇന്ത്യൻ മഹാസമുദ്രത്തിലും തെക്കു ചൈനാ കടലിലും അമേരിക്കയും ഇന്ത്യയും സംയുക്ത സൈനിക അഭ്യാസങ്ങളും നടത്തുന്നു. എന്നാൽ ഇന്ത്യ ഏറ്റവും കൂടൂതൽ ഭീഷണി നേരിടുന്ന മേഖലയായ പാക് - ചൈനാ - ഇന്ത്യാ അതിർത്തിയിൽ ഇത്തരം കൂട്ടുകെട്ടുകൾക്ക് അമേരിക്ക പ്രാധാന്യം നൽകുന്നില്ല. ഇന്ത്യയ്ക്ക് ഭൂപ്രദേശം നഷ്ടപ്പെട്ടിട്ടുള്ളതും യുദ്ധം ചെയ്തിട്ടുള്ളതും ഇന്ത്യൻ മഹാസമുദ്രത്തേക്കാൾ ഉപരിയായി ഈ പ്രദേശങ്ങളിലാണ്. എന്നാൽ ഇവിടെ അമേരിക്ക വേണ്ടത്ര പ്രാധാന്യം നൽകുന്നില്ല. അതായത് ഇന്ത്യ യഥാർത്ഥത്തിൽ തന്ത്രപരമായ സുരക്ഷാഭീഷണി നേരിടുന്ന മേഖലയിൽ വേണ്ടത്ര സഹകരിക്കാൻ അമേരിക്ക തയാറല്ല.
അതുപോലെ നരേന്ദ്രമോദി സർക്കാരിന്റെ മറ്റൊരു പ്രധാന വിദേശനയമാണ് ബഹുതലബന്ധം. അതായത് ആശയങ്ങൾക്കും രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾക്കും അതീതമായി സ്വന്തം താത്പര്യം സംരക്ഷിക്കാൻ എല്ലാ രാജ്യങ്ങളുമായും ബന്ധം നിലനിറുത്തുക. ഇതിൻപ്രകാരം റഷ്യയിൽനിന്ന് ഫലപ്രദമായ വിലകുറഞ്ഞ ആയുധങ്ങൾ വാങ്ങാനും ഇറാനിൽ നിന്ന് ചെലവ് കുറഞ്ഞ ഇന്ധനം വാങ്ങാനും ഇന്ത്യയ്ക്ക് കഴിയുന്നു. എന്നാൽ അമേരിക്ക ഇത്തരത്തിലുള്ള ഇടപാടുകളെ എതിർക്കുകയാണ്. ഇത് ഇന്ത്യയുടെ താത്പര്യത്തിന് ഗുണകരമല്ല. ഭീകരവിരുദ്ധ പോരാട്ടത്തിന്റെ കാര്യത്തിലും അമേരിക്കയ്ക്ക് ഇരട്ടത്താപ്പുണ്ട്. അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭീകരവാദികളുമായാണ് അമേരിക്ക ഇപ്പോൾ ചർച്ച നടത്തുന്നത്. അവിടെ താലിബാൻ അധികാരത്തിൽ വന്നാൽ ഇന്ത്യൻ താത്പര്യങ്ങൾ ഹനിക്കപ്പെടും. പക്ഷേ അത് അമേരിക്കയ്ക്ക് പ്രശ്നമല്ല. ചുരുക്കത്തിൽ ഇന്ത്യയുടെ തന്ത്രപരവും സാമ്പത്തികവും സുരക്ഷാപരവുമായ താത്പര്യങ്ങൾ അമേരിക്കയുടെ പ്രഥമ പരിഗണനയിലില്ല.
നേട്ടങ്ങൾ
നിലവിലെ ലോകരാഷ്ട്രീയ സാഹചര്യത്തിൽ മുകളിൽപ്പറഞ്ഞ പ്രശ്നങ്ങളൊന്നും തന്നെ അമേരിക്കയുമായുള്ള ബന്ധത്തിന്റെ പ്രധാന്യം ഇല്ലാതാക്കുന്നില്ല. ഇതിന്റെ പ്രധാന കാരണം ചൈനയിൽ നിന്നും നേരിടുന്ന ഭീഷണിയാണ്. അമേരിക്കൻ ആയുധങ്ങളും തന്ത്രപരമായ സഹകരണവും ഇന്ത്യയുടെ സുരക്ഷയ്ക്ക് ആവശ്യമാണ്. ഒരു പരിധിവരെ അമേരിക്കയുടെ ലോകതാത്പര്യങ്ങളും ഇന്ത്യയുടെ തെക്കേ ഏഷ്യയിലെ താത്പര്യങ്ങളും ചേർന്നു പോകുന്നു. ആ അർത്ഥത്തിൽ ഇന്ത്യ - അമേരിക്ക ബന്ധം നിർണായകമാണ്.
കാശ്മീരിൽ മദ്ധ്യസ്ഥത
കാശ്മീർ വിഷയം ചർച്ചകളിലൂടെ പരിഹരിക്കാമെന്നുള്ളത് ഇന്ത്യയുടെ പ്രഖ്യാപിത നിലപാടാണ്. അമേരിക്ക മദ്ധ്യസ്ഥാനാകാൻ ശ്രമിച്ചതിന്റെ കാരണം അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങളാണ്. അവിടെ നിന്ന് സൈന്യത്തെ പിൻവലിക്കാമെന്നത് ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമാണ്. 2020 ലെ തിരഞ്ഞെടുപ്പിന് മുൻപ് സൈന്യത്തെ പിൻവലിക്കേണ്ടതുണ്ട്. അതിന് അഫ്ഗാനിസ്ഥാനിൽ പേരിനെങ്കിലും സ്ഥിരതയും സമാധാനവും ആവശ്യമാണ്. പാകിസ്ഥാന്റെ സഹായമുണ്ടെങ്കിൽ മാത്രമേ ഇത് സാദ്ധ്യമാകൂ. താലിബാൻ അഫ്ഗാനിസ്ഥാനിലെ നിർണായക ശക്തിയാണ്. താലിബാന് മേൽ പാക്കിസ്ഥാന് നിർണായക സ്വാധീനമുണ്ട്. അതായത് പാകിസ്ഥാന്റെ പിന്തുണയില്ലാതെ അമേരിക്കയ്ക്ക് അഫ്ഗാനിസ്ഥാനിൽ നിന്ന് പിന്മാറാൻ കഴിയില്ല. കാശ്മീർ വിഷയത്തെ അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെടുത്തിയാണ് പാകിസ്ഥാൻ ചർച്ച ചെയ്യുന്നത്. ഇതൊരു നീക്കുപോക്കാണ്. കാശ്മീർ വിഷയത്തിൽ അമേരിക്ക പാകിസ്ഥാന് അനുകൂല നിലപാടെടുത്താൽ, അഫ്ഗാനിസ്ഥാനിൽ അമേരിക്കയെ പിന്തുണയ്ക്കുമെന്നതാണ് പാക് നിലപാട്. ഇന്ത്യയുടെ സമ്മർദ്ദഫലമായി അമേരിക്ക മദ്ധ്യസ്ഥശ്രമം ഉപേക്ഷിച്ചെങ്കിലും ഇതിലൊരു പാഠമുണ്ട്. സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കേണ്ടി വരുമ്പോൾ അമേരിക്ക കളംമാറ്റി ചവിട്ടുമെന്നതാണത്.
1970 കളിൽ അമേരിക്ക ചൈനയുമായി അടുക്കാനുള്ള കാരണം സോവിയറ്റ് യൂണിയൻ എന്ന പൊതുശത്രുവായിരുന്നു. ചൈനയുടെ സഹായത്തോടു കൂടിയാണ് അമേരിക്ക സോവിയറ്റ് യൂണിയനെ ഛിന്നഭിന്നമാക്കിയത്. സോവിയറ്റ് യൂണിയൻ ഇല്ലാതായതോടുകൂടി അമേരിക്കയുടെ ചൈനാ സ്നേഹവും ഇല്ലാതായി. വൻശക്തിയായ ചൈന ഇന്ന് അമേരിക്കയുടെ പരോക്ഷശത്രുവാണ്. ഇന്ന് ആ ശത്രുവിനെ നേരിടാൻ അമേരിക്ക ഇന്ത്യയെ കൂട്ടുപിടിച്ചിരിക്കുകയാണ്. അതിൽ അമേരിക്ക വിജയിച്ചാൽ വൻശക്തി സാദ്ധ്യതകളുള്ള ഇന്ത്യ അമേരിക്കയുടെ ശത്രുവാകാൻ അധികം സമയം വേണ്ടിവരില്ല. ഇന്ത്യാ- അമേരിക്ക ബന്ധത്തിൽ ഇന്ന് കാണുന്ന വൈരുദ്ധ്യങ്ങളും താളപ്പിഴകളും ഇതിന്റെ സൂചനകൾ മാത്രമാണ്.