kashmir

ന്യൂഡൽഹി: ജമ്മുകാശ്‌മീരിന് പ്രത്യേക അധികാരം നൽകിയിരുന്ന ആർട്ടിക്കിൾ 370 കേന്ദ്രസർക്കാർ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് സമർപ്പിച്ച എല്ലാ ഹർജികളുടെയും വാദം ഒക്ടോബറിൽ കേൾക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു. ഇതുസംബന്ധിച്ച ഹർജികൾ അഞ്ച് ജഡ്ജിമാരടങ്ങുന്ന ഭരണഘടനാ ബെഞ്ചിന് അയച്ചു. ആകെ 14 ഹർജികളാണ് കോടതിയുടെ മുമ്പിലുള്ളത്.

കാശ്മീരിൽ മാദ്ധ്യമങ്ങൾക്കേർപ്പെടുത്തിയ നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജികളിൽ കോടതി കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ചു. കാശ്മീർ ടൈംസ് എഡിറ്റർ അനുരാധ ഭാസിൻ നൽകിയ ഹർജിയിന്മേലാണ് ഈ നടപടി. മാദ്ധ്യമങ്ങളെ കഴിഞ്ഞ 24 ദിവസമായി കാശ്മീരിൽ തടഞ്ഞിരിക്കുകയാണെന്നാണ് ഭാസിൻ ഹർജിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

ഹർജികളിൽ ഏഴ് ദിവസത്തിനകം മറുപടി നൽകണമെന്നാണ് കേന്ദ്രസർക്കാരിനോട് നിർദ്ദേശിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റി്‌സ് രഞ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കാശ്മീർ ഹർജികളിൽ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കു വിടാൻ തീരുമാനിച്ചത്. കേസിൽ കേന്ദ്ര സർക്കാരിനും ജമ്മു കാശ്മീർ ഭരണകൂടത്തിനും നോട്ടീസ് അയയ്ക്കാൻ ബെഞ്ച് നിർദേശിച്ചു.

അതേസമയം,​ ജമ്മുകാശ്‌മീരിൽ വീട്ടുതടങ്കിലിലായ സി.പി.എം നേതാവ് യൂസഫ് തരിഗാമിയെ സന്ദർശിക്കാൻ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് സുപ്രീംകോടതി അനുമതി നൽകി. തരിഗാമിയെ സന്ദർശിക്കണമെന്നാവശ്യപ്പെട്ട് യെച്ചൂരി നൽകിയ ഹേബിയസ് കോർപസിലാണ് സുപ്രീംകോടതിയുടെ തീരുമാനം. തരിഗാമിയുടെ ആരോഗ്യസ്ഥിതി പരിശോധിക്കാൻ വേണ്ടി മാത്രമാണ് അനുമതിയെന്നും ഇതൊരു രാഷ്ട്രീയ സന്ദർശനനമാകരുതെന്നും കോടതി നിർദേശം നൽകി. രാജ്യത്തെ ഒരു പൗരന് സ്വന്തം സഹപ്രവർത്തകനെ കാണാൻ അവകാശമുണ്ടെന്ന് പറഞ്ഞാണ് സുപ്രീം കോടതി കേന്ദ്രസർക്കാറിന്റെ എതിർപ്പ് തള്ളിയത്.