vidya-balan

ഇന്ന് ബോളിവുഡിൽ ഉൾപ്പെടെ ഒരുപാട് ആരാധകരുള്ള, തിരക്കുള്ള താരമാണ് വിദ്യാ ബാലൻ. ഒരുപാട് വെല്ലുവിളികൾ അതിജീവിച്ചാണ് നാൽപ്പതുകാരിയായ താരം ഇന്ന് കാണുന്ന രീതിയിലേക്ക് വളർന്നത്. അഭിനയ ജീവിതത്തിന്റെ തുടക്കത്തിൽ ഒരു സംവിധായകിൽ നിന്നും നിർമ്മാതാവിൽ നിന്നും തനിക്കുണ്ടായ മോശം അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് വിദ്യാ ബാലൻ.

'ഒരു പരസ്യ ചിത്രത്തിന്റെ ഷൂട്ടിനായി ഞാൻ ചെന്നൈയിലായിരുന്നു. അപ്പോൾ ഒരു സംവിധായകൻ എന്നെ കാണാൻ വന്നു. ഞാൻ അയാളോട് കോഫി ഷോപ്പിൽ വച്ച് സംസാരിക്കാമെന്ന് പറഞ്ഞു. അന്ന് അയാൾ പറഞ്ഞു നമുക്ക് എന്റെ മുറിയിലേക്ക് പോകാമെന്ന്. കോഫി ഷോപ്പിൽ തിരക്കായിരിക്കുമെന്ന് പറഞ്ഞ് അയാൾ എന്നെ നിർബന്ധിച്ച് കൊണ്ടേയിരുന്നു. ഞാൻ പെട്ടെന്ന് എഴുന്നേറ്റ് പോയി എന്റെ മുറിയുടെ വാതിൽ തുറന്നിട്ടു. അഞ്ച് മിനിട്ടിനുള്ളിൽ അയാൾ പുറത്തേക്ക് പോയി. വിദ്യാ ബാലൻ പറഞ്ഞു.

ഒരു നിർമ്മാതാവിൽ നിന്നുണ്ടായ മോശം അനുഭവവും പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം വെളിപ്പെടുത്തി. 'ഷൂട്ട് ചെയ്ത ഭാഗങ്ങൾ കാണിച്ച് നായികയാകാൻ പറ്റിയ രൂപമല്ല എന്റേതെന്ന് പറഞ്ഞു. അച്ഛന്റെയും അമ്മയുടേയും മുന്നിൽവച്ചാണ് അയാൾ അങ്ങനെ പറഞ്ഞത്. ഒടുവിൽ സംവിധായകൻ പറഞ്ഞിട്ടാണ് അയാൾ സമ്മതിച്ചത്. ആറ് മാസത്തോളം എനിക്ക് കണ്ണാടിയിൽ നോക്കാൻ പോലും ഭയമായിരുന്നു'- താരം പറഞ്ഞു.