nirmala-sitharaman

കൊച്ചി : സാമ്പത്തിക മാന്ദ്യത്തിന്റെ നിഴലിലേക്ക് രാജ്യം പോകുന്നു എന്ന ആശങ്ക ഉയരുന്നതിനിടെ കേന്ദ്രസർക്കാരിന് അധിക ലാഭവിഹിതമായി (സർപ്ലസ്) റെക്കാഡ് തുകയായ 1.76 ലക്ഷം കോടി രൂപ നൽകാൻ തീരുമാനിച്ച റിസർവ് ബാങ്കിന്റെ നടപടിയാണ് രാജ്യം ഇപ്പോൾ ചർച്ച ചെയ്യുന്നത്. ആഗോളതലത്തിൽ സാമ്പത്തിക പ്രതിസന്ധി ഭീഷണിയാകവേ ഇന്ത്യയ്ക്ക് പുറമേ ഇരുപതോളം രാജ്യങ്ങളുടെ കേന്ദ്രബാങ്കുകൾ അതാത് സർക്കാരുകൾക്ക് പണം നൽകിയിരുന്നു.


കേന്ദ്രസർക്കാർ ആശങ്കയോടെ കാണുന്ന ധനക്കമ്മിക്ക് റിസർവ്ബാങ്ക് നൽകുന്ന തുകകൊണ്ട് തടയിടാനാകും എന്നതാണ് ഏറെ ആശ്വാസം. ധനക്കമ്മി ജി.ഡി.പിയുടെ 3.4 ശതമാനത്തിൽ നിന്ന് നടപ്പുവർഷം 3.3 ശതമാനമായി നിയന്ത്രിക്കുകയാണ് ലക്ഷ്യമെന്ന് ബഡ്ജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കിയിരുന്നു. ഇത് റിസർവ്ബാങ്ക് കൈയ്യയച്ച് സഹായിക്കുന്നതോടെ സാദ്ധ്യമാവും എന്ന് കണക്കാക്കുന്നു. ഇതുകൂടാതെ ക്ഷേമ പദ്ധതികൾ, ഉത്തേജക നടപടികൾ, പൊതുമേഖലാ ബാങ്കുകൾക്ക് മൂലധന സഹായം തുടങ്ങിയ വെല്ലുവിളികൾ ഉള്ളതിനാൽ റിസർവ് ബാങ്ക് നൽകുന്ന പണം കേന്ദ്രസർക്കാരിന് വലിയ

ആശ്വാസമാകും.

reserve-bank

ബാങ്കിംഗ് മേഖലയ്ക്കും ആശ്വാസം

സാമ്പത്തികമാന്ദ്യം മറികടക്കാൻ പൊതുമേഖലാ ബാങ്കുകൾക്ക് 70,000 കോടി രൂപ കേന്ദ്രം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റിസർവ് ബാങ്ക് സഹായം അറിയിച്ചത്. വായ്പകളിൽ കൂടുതൽ ഇളവുകൾ നൽകാൻ ഇതിലൂടെ ബാങ്കുകൾക്ക് കഴിയും. ഭവന,വാഹന വായ്പകൾ ഉദാരമാകുന്നതോടെ വിപണിയിൽ അതിന്റെ ഉണർവ് ദർശിക്കാനാവുകയും ചെയ്യും. കഴിഞ്ഞ കുറച്ചുനാളായി രാജ്യത്തെ വാഹന,റിയൽ എസ്‌റ്റേറ്റ് മേഖലകളിൽ തളർച്ച ദൃശ്യമായിരുന്നു. ഇതിനെ മറികടക്കാൻ നിലവിലെ പുതിയ സാഹചര്യങ്ങൾക്കാകും എന്നാണ് സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നത്.

road-

പൊതുകടം കുറയ്ക്കും, സർക്കാർ പദ്ധതികളിലേക്ക് പണം ഒഴുകും

റിസർവ് ബാങ്ക് നൽകുന്ന തുക പദ്ധതികൾ പൂർത്തിയാക്കുന്നതിലേക്കും, ബഡ്ജറ്റിൽ പുതുതായി ആരംഭിക്കുന്ന പദ്ധതികളിലേക്ക് ഒഴുക്കാനും കേന്ദ്രത്തിനാകും, ഇതു കൂടാതെ പൊതു പദ്ധതികളിലേക്ക് വിദേശത്തുനിന്നടക്കം കടം വാങ്ങുന്നതിന് തടയിടാനും കഴിയും. രൂപയുടെ മൂല്യശോഷണം തടയാനും ഇതുവഴിയാവുമെന്ന് കണക്കുകൂട്ടുന്നു. രാജ്യത്ത് വൻ പദ്ധതികൾ പ്രഖ്യാപിക്കുന്നതോടെ നിർമ്മാണ മേഖല ഉണരുകയും കൂടുതൽ പേർക്ക് തൊഴിൽ ലഭ്യമാകുകയും ചെയ്യും.