shashi-tharoor
ശശി തരൂർ

ന്യൂഡൽഹി: ജമ്മുകാശ്മീർ വിഷയത്തിൽ പാകിസ്ഥാനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പിന്തുണച്ച് ശശി തരൂർ എം.പി രംഗത്ത്. ഇതാണ് കോൺഗ്രസ് എക്കാലവും പറഞ്ഞതെന്നും കാശ്മീർ‌ ഇന്ത്യയുടെ അഭിവാജ്യഘടകമാണെന്നും ശശി തരൂർ ട്വീറ്ററിൽ കുറിച്ചു. ആർട്ടിക്കിൾ 370 റദ്ദാക്കിയ രീതിയെ കോൺഗ്രസ് എതിർക്കുന്നു. കാരണം അത് ഭരണഘടനയെയും ജനാധിപത്യ മൂല്യങ്ങളെയും തകർക്കുകയാണ് ചെയ്യുന്നത്. കോൺഗ്രസ് പാർട്ടിയുടെ ഈ നിലപാട് മുതലെടുക്കാൻ പാകിസ്ഥാൻ ശ്രമിക്കേണ്ടെന്നും തരൂർ ട്വീറ്റിൽ വ്യക്തമാക്കി.

Spot on, Chief! This is what @INCIndia has insisted all along: J&K is an integral part of India; we opposed the manner in which Art.370 was abrogated because the way it was done assaulted our Constitution& democratic values. No reason for Pak to draw any comfort from our stand https://t.co/iI8HZ6sopU

— Shashi Tharoor (@ShashiTharoor) August 28, 2019

കേന്ദ്ര സർക്കാരിനോട് തനിക്ക് പലകാര്യങ്ങളിലും വിയോജിപ്പുണ്ടെങ്കിലും ജമ്മുകാശ്മീർ വിഷയം ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമാണെന്നാണ് രാഹുൽ ഗാന്ധി പറ‌ഞ്ഞത്. കാശ്മീരിൽ കലാപം സൃഷ്ടിക്കാനാണ് പാകിസ്ഥാൻ ശ്രമിക്കുന്നതെന്നും രാഹുൽ വ്യക്തമാക്കിയിരുന്നു. കാശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ശ്രീനഗറിലെത്തിയ രാഹുൽ അടക്കമുള്ള പ്രതിപക്ഷനേതാക്കളെ ദിവസങ്ങൾക്ക് മുമ്പ് വിമാനത്താവളത്തിൽ തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.


അതേസമയം, മോദി സ്തുതിയുടെ പേരിൽ ശശി തരൂരിനോട് കെ.പി.സി.സി വിശദീകരണം തേടി. പ്രസ്താവനയ്‌ക്കെതിരെ പാർട്ടിക്കുള്ളിൽ അതൃപ്തി രൂക്ഷമായ സാഹചര്യത്തിലാണിത്. വിശദീകരണം കിട്ടിയശേഷം ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകുമെന്നും പാർട്ടി സ്വീകരിച്ച അവസരസേവകൻമാർ ബാധ്യതയായ ചരിത്രമാണുള്ളതെന്നും പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞിരുന്നു. അതേസമയം, തന്റെ ട്വീറ്റിനെ മോദി സ്തുതിയായി വ്യാഖ്യാനിച്ചതാണെന്ന വിശദീകരണവുമായി തരൂർ രംഗത്തെത്തിയിരുന്നു.